പയ്യന്നൂർ: മലബാറിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് കെ.എസ്.ഇ.ബിയുടെ നിലവിലുള്ള 66, 110 കെ.വി ലൈനുകൾ അത്യന്താധുനിക 220 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനാകുന്നു. ഇതോടെ, നാലു വർഷം മുമ്പ് തീരുമാനിച്ച പ്രവൃത്തി യാഥാർഥ്യമാവുകയാണ്.
പദ്ധതി പൂർത്തിയാവുന്നതോടെ കാസർകോട് മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലെ വൈദ്യുതി കമ്മിക്ക് പരിഹാരമാവുമെന്നാണ് ബോർഡിെൻറ വിലയിരുത്തൽ. 2016ൽ പ്രാഥമിക നടപടി തുടങ്ങിയെങ്കിലും ഈ വർഷമാദ്യമാണ് പ്രവർത്തി തുടങ്ങിയത്.
ഡൽഹി ആസ്ഥാനമായ സ്റ്ററിലൈറ്റ് പവർ േപ്രാജക്ട് എന്ന സ്വകാര്യ സ്ഥാപനത്തിനാണ് കിഫ്ബി വായ്പയോടെ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല. 2016ലെ ടെൻഡടർ തുകയിൽ 50 ശതമാനത്തോളം വർധന നൽകിയതോടെയാണ് കഴിഞ്ഞ വർഷം ഒടുവിൽ പ്രവൃത്തി തുടങ്ങുന്നതിന് നടപടിയായത്.
കണ്ണൂർ, കാസർകോട് ജില്ലകളിൽ കെ.എസ്.ഇ.ബി ഉടമസ്ഥതയിലുള്ളതും കണ്ണൂർ ജില്ലയിലെ കാഞ്ഞിരോട് മുതൽ മുണ്ടയാട് വരെയും മുണ്ടയാട് മുതൽ കാസർകോട് ജില്ലയിലെ മൈലാട്ടി വരെയുമുള്ള 110 കെ.വി ലൈൻ ടവറുകൾ പൂർണമായും ഒഴിവാക്കിയാണ് പുതിയ 220 കെ.വി ടവറുകൾ നിർമിക്കുന്നത്. നിലവിലുള്ള ലൈനിൽ തന്നെ നിർമിക്കുന്നതിനാൽ ഭൂമി ഏറ്റെടുക്കേണ്ടതില്ല. എന്നാൽ, ടവറുകളുടെ സ്ഥാനം ചിലയിടങ്ങളിൽ മാറുന്നുണ്ട്. ഈ സ്ഥലമുടമകൾക്ക് നഷ്ടപരിഹാരം ബോർഡ് നൽകും.
നിലവിൽ 110 കെ.വിയുള്ള ഒറ്റ ലൈനാണുള്ളത്. ഇത് അധിക ലോഡ് വരുമ്പോൾ ഓഫാവുകയും പലപ്പോഴും വൈദ്യുതി നിലക്കുകയും ചെയ്യും. രണ്ട് 220 കെ.വി മൾട്ടി സർക്യൂട്ട് മൾട്ടി വോൾട്ടേജ് ലൈനുകളാവുന്നതോടെ ഈ പ്രതിസന്ധിക്ക് പരിഹാരമാവും. ഇതിന് പുറമെ പ്രസരണ നഷ്ടം ഒഴിവാക്കാനും സാധിക്കും. 50 യൂനിറ്റിലധികം വൈദ്യുതി ലാഭിക്കാനാവുമെന്നാണ് കണക്കുകൂട്ടൽ.
പദ്ധതിയുടെ ഭാഗമായി വിവിധ ജില്ലകളിൽ ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനുകളുടെ പ്രവൃത്തിയും നടന്നുവരുകയാണ്. കണ്ണൂർ ജില്ലയിൽ തലശ്ശേരിയിൽ സബ് സ്റ്റേഷൻ കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തിതിരുന്നു.
കേന്ദ്രപൂളിൽനിന്ന് വാങ്ങുന്ന വൈദ്യുതി ഉഡുപ്പിയിൽനിന്ന് ചീമേനിയിലെത്തിച്ച് ഇവിടെനിന്നായിരിക്കും വിവിധ ജില്ലകളിലേക്ക് നൽകുക. അതേസമയം, ഉഡുപ്പി ചീമേനി ലൈൻ ബി.ഒ.ടി വ്യവസ്ഥയിലാണ് കമ്പനി ഏറ്റെടുത്തത്. 35 വർഷത്തേക്കായിരിക്കും കമ്പനിക്ക് പദ്ധതിയുടെ നടത്തിപ്പ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.