പയ്യന്നൂർ: അഞ്ചുനാൾ കലയുടെ പെരുങ്കളിയാട്ടത്തിന് പയ്യന്നൂർ ഒരുങ്ങി. പതിനായിരത്തിലധികം വിദ്യാർഥികൾ സർഗസമന്വയത്തിന്റെ ദൃശ്യവിരുന്ന് സമ്മാനിക്കുന്ന പകലിരവുകളിലേക്കുള്ള ദൂരം ഇനി ഒരുദിവസം മാത്രം. ചൊവ്വാഴ്ച കലോത്സവത്തിന് തിരതെളിയും.
യു.പി വിഭാഗത്തിൽ 38ഉം ഹൈസ്കൂൾ വിഭാഗത്തിൽ 101ഉം എച്ച്.എസ്.എസിൽ 110ഉം സംസ്കൃതത്തിലും അറബിയിലും യഥാക്രമം 38ഉം 32ഉം ഉൾപ്പെടെ 319 ഇനങ്ങൾ 16 വേദികളിലായായിരിക്കും നടക്കുക. 15 ഉപജില്ലകളിൽനിന്നായി 10,695 കുട്ടികളായിരിക്കും കലയുടെ നിറച്ചാർത്ത് തീർക്കുക. ആദ്യദിവസം തന്നെ വേദികൾ ഉണരും എന്നതും ഈ വർഷത്തെ പ്രത്യേകത. രചന മത്സരങ്ങൾ ഒന്നാം ദിവസം സമാപിക്കും. അന്നുതന്നെ ഒന്നാം വേദിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യ മത്സരവും ഉണ്ടാവും.
അഞ്ച് ദിവസവും വിഭവസമൃദ്ധമായ ഭക്ഷണത്തിനുള്ള സംവിധാനമാണ് ഒരുക്കിയത്. പയ്യന്നൂർ കെ.യു. ദാമോദര പൊതുവാളിന്റെ നേതൃത്വത്തിലാണ് ഭക്ഷണം തയാറാക്കുക. ഒരേസമയം 750 പേർക്ക് ഭക്ഷണം കഴിക്കാൻ സാധിക്കുന്നതാണ് ഊട്ടുപുര. നഗരിയിലെത്തുന്നവർക്ക് തിളപ്പിച്ചാറ്റിയ വെള്ളം മാത്രം നൽകാനും ധാരണയായി. കിണറുകളിലെ വെള്ളം പരിശോധിച്ച് ഉറപ്പുവരുത്തി.
മത്സരാർഥികൾക്ക് മത്സരശേഷം കഴിക്കാൻ പൊതിച്ചോർ ഉണ്ടാവില്ല. മാലിന്യ നിയന്ത്രണത്തിന്റെയും ശുചിത്വത്തിന്റെയും ഭാഗമായി മത്സരാർഥികൾക്കുള്ള പാർസൽ ഭക്ഷണം സ്വീകരിക്കുന്നതിന് ടിഫിൻ ബോക്സ് കൊണ്ടുവരുന്നതിന് എല്ലാ സ്കൂളുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഹരിത കലോത്സവമാണ് ഇക്കുറി പയ്യന്നൂരിന്റെ ഹൈലൈറ്റ്.
കലോത്സവ നഗരിയിൽ എത്തിച്ചേരുന്ന കുട്ടികളുടെ ഉൾപ്പെടെ ആരോഗ്യ സുരക്ഷക്കായി വലിയ തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. മിഷൻ സ്കൂളിൽ രണ്ട് ക്ലാസ് റൂമുകളിൽ ഡോക്ടർമാരുടെയും ആരോഗ്യ പ്രവർത്തകരുടെയും സേവനം മത്സരസമയങ്ങളിൽ ഉണ്ടായിരിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ ആംബുലൻസ് സേവനം സജ്ജമാണ്.
നിയമപാലനത്തിനായി പൊലീസ് വകുപ്പുമായി ചേർന്ന് ഒരുക്കം നടത്തി. പ്രശ്നങ്ങൾ ഒഴിവാക്കാൻ യൂനിഫോമിലല്ലാത്ത വിവിധ പൊലീസ് വിഭാഗങ്ങൾ കലോത്സവ നഗരിയിൽ ജാഗ്രതയോടെ പ്രവർത്തിക്കും. എൻ.സി.സി, എസ്.പി.സി വിദ്യാർഥി വിഭാഗങ്ങൾ സദാസമയം സേവന സന്നദ്ധരായിട്ടുണ്ട്. 600പേർ രംഗത്തുണ്ടാകും.
തിങ്കളാഴ്ച രാവിലെ 11 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. 15 ഉപജില്ലകളിലെയും പ്രോഗ്രാം കൺവീനർമാർക്ക് മത്സരാർഥികൾക്കുള്ള പാർട്ടിസിപ്പന്റ് കാർഡ് ഗവ. ബോയ്സ് ഹൈസ്കൂളിൽനിന്ന് കൈപ്പറ്റാവുന്നതാണ്.
19ന് വൈകീട്ട് നാലിന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വി. ശിവദാസൻ എം.പി, എം. വിജിൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ. രത്നകുമാരി എന്നിവർ മുഖ്യാതിഥികളും സിനി ആർട്ടിസ്റ്റ് ഉണ്ണിരാജ വിശിഷ്ടാതിഥിയുമാവും.
ശനിയാഴ്ച വൈകീട്ട് നടക്കുന്ന സമാപന സമ്മേളനം നിയമസഭ സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. കെ. സുധാകരൻ എം.പി, രാജ് മോഹൻ ഉണ്ണിത്താൻ എം.പി, കെ.കെ. ശൈലജ എം.എൽ.എ, സജീവ് ജോസഫ് എം.എൽ എ എന്നിവർ മുഖ്യാതിഥികളാവും. ജില്ല കലക്ടർ അരുൺ കെ. വിജയൻ സമ്മാനങ്ങൾ വിതരണം ചെയ്യും. സിനി ആർട്ടിസ്റ്റ് പി.പി. കുഞ്ഞികൃഷ്ണൻ, ചലച്ചിത്ര ജൂറി പുരസ്കാര ജേതാവ് കെ.സി. കൃഷ്ണൻ എന്നിവർ വിശിഷ്ടാതിഥികളാവും.
പരിപാടികൾ വിശദീകരിക്കാൻ നടത്തിയ വാർത്തസമ്മേളനത്തിൽ ടി.ഐ. മധുസൂദനൻ എം.എൽ.എ, നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, ബാബു മഹേശ്വരീ പ്രസാദ്, ഭാരവാഹികളായ എം. പ്രസാദ്, യു.കെ. ബാലചന്ദ്രൻ, ടി.കെ. രാജേഷ്, എം.പി. സതീഷ് കുമാർ, കെ. ശ്രീലത എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.