പയ്യന്നൂർ: വലത്തേ അറ്റത്ത് പി.സി. തനയ് സുരവാദ്യമായ വലംതലയിൽ താളമിട്ടു. ഇടതു ഭാഗത്ത് നിഷാലിന്റെയും സൂര്യജിത്തിന്റെയും ഇലത്താളങ്ങൾ പതിയെ കലമ്പി ത്തുടങ്ങി. വികാസും വിധുർ രാജും ചെണ്ടയിൽ പതിയെ കൊട്ടി തുടക്കമിട്ടു. ഒപ്പം കൃഷ്ണ വിജയൻ ചെണ്ടയുടെ തോൽപുറത്ത് കോലും കൈവില്ലകളും പായിച്ച് കൊട്ടിക്കയറിയപ്പോൾ ഒരു ഗുരുനാഥൻ തിരിച്ചുപിടിച്ചത് മൂന്നു പതിറ്റാണ്ടിന്റെ നഷ്ടപ്രതാപം. ഒപ്പം ചെറുകുന്ന് ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഒരു വാദ്യ ചരിത്രം.
ഇതേ വിദ്യാലയത്തിലെ വിദ്യാർഥിയായിരുന്ന ആസ്തികാലയം ദേവരാജാണ് കൃഷ്ണ വിജയന്റെ ഗുരുനാഥൻ. അഞ്ചു വർഷം സംസ്ഥാന മത്സരത്തിൽ വിദ്യാലയത്തെ പ്രതിനിധാനം ചെയ്തയാളായിരുന്നു ദേവരാജ്. അഞ്ചുവർഷവും വിദ്യാലയം സംസ്ഥാനത്ത് പേരെടുത്തു. ചെണ്ട മേളത്തിന്റെ അവസാന വാക്കായി വിദ്യാലയവും ദേവരാജും മാറി. കൊല്ലത്തു നടന്ന ഒരു കലോത്സവത്തിൽ തായമ്പകയിലും പഞ്ചവാദ്യത്തിലും തിളങ്ങി ഇരട്ട കിരീടം വിദ്യാലയത്തിലെത്തിച്ചുവെന്ന ചരിത്രവും ഈ ചെണ്ട ഗുരുവിനു സ്വന്തം.
പതികാലത്തിൽ തുടങ്ങി ചെമ്പട വട്ടത്തിൽ കൊട്ടിക്കയറി നാലു കാലങ്ങളിലൂടെ സഞ്ചരിച്ച് ചെമ്പടക്കൂറിൽ മനോധർമങ്ങളുടെ കെട്ടഴിച്ച് കലാശിച്ചപ്പോൾ തായമ്പക മത്സരം വിഭവസമൃദ്ധം. 15ഓളം പേർ പങ്കെടുത്ത മത്സരത്തിൽ മിക്ക വിദ്യാർഥികളും സിംഗ്ളായാണ് പങ്കെടുത്തത്. ചെറുകുന്ന് ഗവ. ഹയർ സെക്കൻഡറിയിൽ വാദ്യം പഠിച്ച വിദ്യാർഥികൾ ഉണ്ടായതിനാലാണ് മേളക്കാർ കൂടി വേദിയിലെത്തിയതെന്നും 10 നിമിഷം കൊണ്ട് എല്ലാ കാലവും കൊട്ടുക എന്നത് വലിയ വെല്ലുവിളിയാണെന്നും ദേവരാജ് ‘മാധ്യമ’ത്തോടു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.