പയ്യന്നൂർ: പിലാത്തറക്കു സമീപം ദേശീയപാതയില്‍ വീണ്ടും വാഹനം അടിതെറ്റി താഴ്ചയിലേക്കു വീണു. അപകടത്തിൽ മൂന്നുപേര്‍ക്ക് പരിക്കേറ്റു. മട്ടന്നൂര്‍ ശിവപുരം മെട്ട സ്വദേശികളായ കല്ലമ്പാടി ആദില്‍(20), റിഷാദ്(21), മുബഷീര്‍ (26) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബുധനാഴ്ച രാവിലെ ആറോടെയായിരുന്നു അപകടം. കാഞ്ഞങ്ങാട് കാരറ്റ് ഇറക്കിയശേഷം മട്ടന്നൂരിലേക്ക് മടങ്ങുകയായിരുന്ന ഇവര്‍ സഞ്ചരിച്ച പിക്കപ്പ്വാന്‍ ഏഴിലോട് കോളനിക്ക് സമീപത്തെ വീതികുറഞ്ഞ സര്‍വിസ് റോഡില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ബന്ധുക്കളായ മൂന്നുപേര്‍ക്കും കാലിനാണ് പരിക്ക്. പയ്യന്നൂരില്‍ നിന്നും അസി. സ്റ്റേഷന് ഓഫിസര്‍ സി.പി. ഗോകുല്‍ദാസ്, അസി. സ്റ്റേഷന് ഓഫിസര്‍ ഗ്രേഡ് ഒ.സി. കേശവന് നമ്പൂതിരി എന്നിവരുടെ നേതൃത്വത്തിലെത്തിയ അഗ്നിരക്ഷാ സേനയാണ് വാനിനകത്ത് കുടുങ്ങിയവരെ ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ച് വാഹനം പൊളിച്ച് പുറത്തെടുത്തത്. സോനാംഗങ്ങളായ വി. രാജന്, പി.പി. രാഹുല്‍, വി. വിനീഷ്, കെ. വിഷ്ണു, ഹോംഗാര്‍ഡ് വി.വി. പത്മനാഭന് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഓടിയെത്തിയ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.
കഴിഞ്ഞ 10 ദിവസങ്ങൾക്കകം നാല് അപകടങ്ങൾ. എല്ലാ അപകടങ്ങളും ഏതാണ്ട് ഒരു കിലോമീറ്ററിനുള്ളിൽ. പിലാത്തറക്കും ഏഴിലോടിനുമിടയിൽ ദേശീയപാതയുടെ സർവിസ് റോഡിലാണ് അപകടം തുടർക്കഥയാവുന്നത്. അപകടം തടയാൻ സൂചന ബോർഡുകൾ സ്ഥാപിക്കണമെന്ന് സമീപവാസികൾ ആവശ്യപ്പെട്ടുവെങ്കിലും നടപടിയായില്ല
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.