പയ്യന്നൂർ: അനിലയെ കൊന്നത് കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച്. കൊലക്കുമുമ്പ് മർദനമേറ്റതായും കണ്ടെത്തി. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടിലാണ് കൊലയുടെ കാരണം സൂചിപ്പിച്ചത്.
എന്നാൽ, വിശദമായ റിപ്പോർട്ടിന് ശേഷം മാത്രമേ കൃത്യമായ വിവരം ലഭ്യമാവുവെന്ന് പയ്യന്നൂർ ഡിവൈ.എസ്.പി എ. ഉമേഷ് ‘മാധ്യമ’ ത്തോടു പറഞ്ഞു.
മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിലേക്ക് ജോലിക്കെന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അനില പയ്യന്നൂർ നഗരസഭയിലെ അന്നൂർ കൊരവയലിലെ മറ്റൊരു വീട്ടിലെത്തിയത് ഷിജുവിന്റെ ബൈക്കിൽ.
വെള്ളിയാഴ്ച ഷിജുവിന്റെ ബൈക്കിന് പിറകിൽ അനില പോയതായി പൊലീസ് സ്ഥിരീകരിച്ചു. ഇതുകണ്ട ചില നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. എന്നാൽ, അനില ഇയാളോടൊപ്പം എന്തിനുപോയി എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടതുണ്ട്.
രണ്ടു വര്‍ഷത്തിലേറെയായി ഭാര്യയുമായി അകന്നുകഴിയുന്ന സുദര്ശന് പ്രസാദ് എന്ന ഷിജു സ്കൂൾ പൂര്‍വ വിദ്യാര്‍ഥി സംഗമത്തിലാണ് അനിലയെ കണ്ടുമുട്ടിയത്. ഇരുവരും തമ്മില്‍ അടുത്തത് വീട്ടുകാര്‍ തമ്മിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ മനസ്സു മാറി ഷിജുവില്‍ നിന്ന് അകലാന്‍ തീരുമാനിച്ചിരിക്കെയാണ് അനിലയുടെ കൊലപാതകമെന്നു പറയുന്നു. ഈ സാഹചര്യത്തിലാണ് ബൈക്കിൽ അന്നൂരിലെത്തിയതിന് പിന്നിലെ ദുരൂഹത നിലനിൽക്കുന്നത്.
ജോലി സ്ഥലമായ മാതമംഗലത്തെ സ്ഥാപനത്തിലേക്കു പോയ അനില പക്ഷെ, അവിടെ പോകാതെ ഷിജുവിനോടൊപ്പം പോവുകയായിരുന്നു.
അന്നൂരിലെ ജെറ്റി ജോസഫിന്റെ വീടിന്റെ കെയര്‍ടേക്കറായിരുന്ന ഷിജു ആ വീട്ടില്‍ വിളിച്ചു വരുത്തി അനിലയെ കഴുത്ത് ഞെരിച്ചും തലക്ക് മാരകമായി അടിച്ചും കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്.
കൊലപാതകത്തിൽ കൂടുതൽ പേരുണ്ടെന്ന വാദം തള്ളി പൊലീസ്. ഇതിന് തെളിവില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ഷിജുവിനോടെപ്പം വേറെയും പ്രതികളുണ്ടെന്ന് സംശയിക്കുന്നതായി അനിലയുടെ സഹോദരൻ ആരോപിച്ചിരുന്നു.
അനിലയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസ് കൊലപാതകത്തിന് കേസെടുത്തു. ഞായറാഴ്ച അസ്വാഭാവിക മരണത്തിനാണ് കേസെടുത്തത്. പോസ്റ്റുമോർട്ടത്തിന്റെ പ്രാഥമിക വിവരം ലഭ്യമായതോടെയാണ് 302 വകുപ്പു കൂടി ചേർത്ത് കൊലപാതക കേസ് രജിസ്റ്റർ ചെയ്തത്. പയ്യന്നൂർ, പെരിങ്ങോം, പരിയാരം സ്റ്റേഷനുകൾ ഏകോപിപ്പിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പയ്യന്നൂരിലെ വീട്ടില്‍ മരിച്ച നിലയില്‍ കാണപ്പെട്ട അനിലയുടെ മൃതദേഹം കോയിപ്ര നിദ്രാഞ്ജലി ശ്മശാനത്തില്‍ സംസ്കരിച്ചു. ഞായറാഴ്ച തന്നെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ചിരുന്നു.
അനിലയുടെ സഹപാഠിയും സുഹൃത്തുമായ കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്ശന് പ്രസാദ് എന്ന ഷിജുവിന്റെ മൃതദേഹം തിങ്കളാഴ്ച ഉച്ചക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വെള്ളരിയാനം പൊതു ശ്മശാനത്തിലും സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.