പയ്യന്നൂർ: വീട്ടുകാർ വിനോദസഞ്ചാരത്തിന് പോയ വീട്ടിലെ കൊലപാതക വാർത്തയറിഞ്ഞ് ഞെട്ടി അന്നൂർ ഗ്രാമം. മരണമറിഞ്ഞ് വിശ്വസിക്കാനാവാതെ കോയിപ്രയും കുറ്റൂരും. കുടുംബിനിയായ യുവതിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യചെയ്ത സംഭവമാണ് മൂന്ന് ഗ്രാമങ്ങൾക്ക് ദു:ഖ ഞായർ സമ്മാനിച്ചത്. പയ്യന്നൂർ അന്നൂരിലെ വീട്ടിലാണ് യുവതി ദാരുണമായി കൊല്ലപ്പെട്ടത്.
കോയിപ്രയിലെ അനിലയാണ് (33) മരിച്ചത്. കാണാതായ അനിലയെ കണ്ടെത്താനുള്ള അന്വേഷണത്തിനിടയിലാണ് അന്നൂരിൽ കൊലചെയ്യപ്പെട്ട വിവരം കോയിപ്രയിലെത്തുന്നത്. ഉടൻ കൊലപാതകിയെന്ന് സംശയിക്കുന്ന കാമുകൻ സുദർശന പ്രസാദ് എന്ന് വിളിക്കുന്ന ഷിജുവിനെ (34) ഇരൂളിലെ വീട്ടുപറമ്പിൽ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.
വീട്ടുടമസ്ഥന്റെ സുഹൃത്തായ ഷിജു വീട് സംരക്ഷണത്തിനായാണ് അന്നൂരിലെത്തിയത്. വീട്ടിലുള്ള രണ്ടു നായ്ക്കൾക്ക് ഭക്ഷണം കൊടുക്കാനും മറ്റുമാണ് ഷിജുവിനെ അന്നൂരിലെ വീട്ടിൽ നിർത്തിയത്. ഇത് വീട്ടുകാർക്ക് വലിയ ദുരന്തമായി പരിണമിച്ചു. നായ്ക്കളുടെ കരച്ചിൽ കേട്ടാണ് അയൽവാസികൾ ശ്രദ്ധിച്ചത്.
നൂറു കണക്കിനാളുകളാണ് വീട്ടിലെത്തിയത്. നാട്ടുകാർക്ക് പരിചയമില്ലാത്ത യുവതിയായതിനാൽ ആദ്യം ആളെ തിരിച്ചറിയാനായില്ല. അതേസമയം ഇപ്പോൾ അനില ഷിജുവുമായി ബന്ധം പുലർത്താറില്ലെന്ന് പറയുന്നു. പിന്നീട് എങ്ങിനെ അനില അന്നൂരിലെത്തിയത് എന്നതിൽ ദുരൂഹത നിലനിൽക്കുന്നു. ഷിജു കാമുകിയെ വീട്ടിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. അനിലയുടെ മുഖം വികൃതമായ നിലയിലും വീട്ടിൽ നിലത്തുകിടക്കുന്ന നിലയിലുമാണ്. വായിൽനിന്ന് ചോര ഒലിക്കുന്ന അവസ്ഥയിലുമായിരുന്നു.
ഇതാണ് കൊലപാതകമാണെന്ന നിഗമനത്തിലെത്താൻ കാരണമായത്. മുഖത്തും മറ്റും പരിക്കുണ്ടെങ്കിലും മരണകാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പ്രതിയെന്നു സംശയിക്കുന്നയാൾ മരിച്ചതോടെ ഇതിന് ശാസ്ത്രീയ പരിശോധനകളും പോസ്റ്റുമോർട്ടം റിപ്പോർട്ടും പ്രയോജനപ്പെടുത്തേണ്ടി വരും. ഇരുവരും തമ്മിൽ പ്രണയത്തിലായത് നാട്ടിൽ പല പ്രശ്നങ്ങൾക്ക് കാരണമായതായും അനില പിന്മാറിയതായും പറയുന്നു.
പിന്നീടുളള സമാഗമമാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഇതുൾപ്പെടെ പൊലീസ് അന്വേഷിക്കും. ഷിജു പ്രണയബന്ധം തുടരാൻ നിർബന്ധിച്ചതായും പറയുന്നുണ്ട്. മാതമംഗലത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തു വരുകയായിരുന്നു അനില. വെള്ളിയാഴ്ചയാണ് അനിലയെ വീട്ടിൽനിന്ന് കാണാതായത്. ഭർത്താവ് ബിജു പെരിങ്ങോം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
കൊല നടത്തിയ ദിവസം തന്നെ ഷിജുവും മരിച്ചതായി കരുതുന്നു. പരിയാരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അന്നൂരിലെ വീട്ടിൽ യുവതി കൊല്ലപ്പെട്ട സംഭവത്തിൽ പയ്യന്നൂർ പൊലീസ് സ്റ്റേഷനിലും യുവതിയെ കാണാനില്ലെന്നു പറഞ്ഞ് ഭർത്താവ് പരാതി നൽകിയ സംഭവത്തിൽ പെരിങ്ങോം പൊലീസും ഷിജു തൂങ്ങി മരിച്ച സംഭവത്തിൽ പരിയാരം സ്റ്റേഷനിലും പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്നു സ്റ്റേഷനുകളും അന്വേഷണത്തിന്റെ ഭാഗമാവും.
പയ്യന്നൂർ: അന്നൂർ കൊരവയലിലെ വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരിതത്തിലായത് നിരപരാധികളായ വീട്ടുകാർ. വീട്ടുടമസ്ഥൻ ജിറ്റി ജോസഫും കുടുംബവും വിനോദയാത്രക്ക് പോയതു കാരണം വീട് നോക്കാനും നായ്ക്ക് ഭക്ഷണം നൽകാനും സുഹൃത്തായിരുന്ന സുദർശനെ ഏൽപ്പിക്കുകയായിരുന്നു.
ഞായറാഴ്ച രാവിലെ സുദർശനെ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് വീട്ടുടമ ജിറ്റി ജോസഫ് പയ്യന്നൂർ തായിനേരിയിൽ താമസമുള്ള സഹോദരനെ വിളിച്ച് പറയുകയും അദ്ദേഹം ഒരാളെ വീട്ടിലേക്ക് അയക്കുകയുമായിരുന്നു.
ചെറുതായി തുറന്നിരുന്ന ജനലിൽ കൂടി നോക്കിയപ്പോഴാണ് ഒരുസ്ത്രീ നിലത്ത് കിടക്കുന്നത് കണ്ടത്. തുടർന്ന് അയൽവാസികളെ വിളിച്ചുകൂട്ടി പൊലീസിൽ അറിയിക്കുകയുമായിരുന്നു.
പൊലീസ് എത്തി പരിശോധിക്കുമ്പോൾ വാതിൽ താക്കോൽ ഉപയോഗിച്ച് പൂട്ടിയിരുന്നില്ല. തുടർന്ന് അകത്ത് പ്രവേശിച്ചപ്പോഴാണ് നിലത്ത് അനിലയെ മരിച്ച നിലയിൽ കണ്ടത്. മുഖത്ത് രക്തപ്പാടുകളും മുറിയിൽ പിടിവലി നടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. പൊലീസ് ഫോറൻസിക് വിഭാഗവും വിരലടയാള വിദഗ്ധരും മറ്റുമെത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. സ്റ്റേഷൻ ഹൗസ് ഓഫിസർ ജീവൻ ജോർജ് ഇൻക്വസ്റ്റ് നടത്തി പരിയാരം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടത്തിനയച്ചു.
എസ്.പി ഹേമലത ഉൾപ്പെടെ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. അനില കിടക്കുന്ന വീടും സുദർശനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലവും തമ്മിൽ ഏകദേശം 22 കിലോമീറ്റർ അകലമുണ്ട്.
അനില എങ്ങനെ അന്നൂരിലെ വീട്ടിലെത്തിയെന്നത് സംബന്ധിച്ച് ദുരൂഹതയുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാര്യത്തിൽ വ്യക്തത വരികയുള്ളൂവെന്നും മറ്റ് കാര്യങ്ങളെല്ലാം അന്വേഷിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു. അനിലയെ ഷിജു എന്ന സുദർശൻ കൊലപ്പെടുത്തിയതാണെന്ന് അനിലയുടെ സഹോദരന് അനീഷ് ആരോപിക്കുന്നുണ്ട്.
വെള്ളിയാഴ്ച മുതൽ അനിലയെ കാണാനില്ലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചവിവരം കിട്ടിയത്. മുഖം വികൃതമായ നിലയിലായിരുന്നു. മുഖത്തു അടിയേറ്റ പരിക്കുണ്ട്. വീട്ടിൽനിന്നും ഇട്ട വസ്ത്രം മാറ്റിയിട്ടുണ്ട്.
ഷിജുവും അനിലയും അടുപ്പത്തിലായിരുന്നുവെന്നും എന്നാൽ ഇടക്കാലത്ത് ബന്ധമുണ്ടായിരുന്നില്ലെന്നും അനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.