പയ്യന്നൂർ: സ്ഥാനം നിർണയിക്കുന്ന നിരപ്പലകകളിലെ അക്കങ്ങളും മർഫി റേഡിയോയുടെ മനംകുളിർക്കുന്ന ശബ്ദവിന്യാസവും ഇനിയില്ല. എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ 'പരൽമീൻ നീന്തുന്ന പാടം' എന്ന ആത്മകഥാംശിയായ പുസ്തകത്തിൽ ബാല്യകാല ഓർമകളിൽ ഹൃദയത്തോട് ചേർത്തുവെച്ച എൻ.വി. കൃഷ്ണനാണ് തന്റെ കുലത്തൊഴിലിൽനിന്ന് ആരവങ്ങളില്ലാതെ പടിയിറങ്ങിയത്. യാത്ര പറഞ്ഞിറങ്ങുമ്പോൾ അക്ഷരങ്ങളിലൂടെ അടയാളപ്പെടുത്തിയ പ്രിയ കഥാകാരൻ യാത്രയയക്കാനെത്തുകയും ചെയ്തു.
ശാന്തിഗ്രാമിൽ അരനൂറ്റാണ്ടിലധികമായി ബാർബർ ഷോപ് നടത്തുകയായിരുന്നു കൃഷ്ണൻ. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ സമീപത്ത് ഇടവഴിയുടെ അറ്റത്ത് നെല്ലിവളപ്പിൽ ചിണ്ടൻ ആരംഭിച്ച ഷോപ്പിൽ മകൻ കൃഷ്ണൻ തൊഴിലിലേക്ക് പ്രവേശിക്കുമ്പോൾ പ്രായം പതിനഞ്ചായിരുന്നു. നിരപ്പലകകളിട്ട ഒറ്റമുറിപ്പീടികയിൽ ചുവന്ന കുഷ്യനിട്ട കറങ്ങുന്ന കസേരയും മുന്നിലും പിറകിൽ കാണുന്ന വലിയ കണ്ണാടിയും ആർക്കും എടുത്തുപയോഗിക്കാവുന്ന കുട്ടിക്കൂറ പൗഡറും ഒപ്പം കാലം അടയാളപ്പെടുത്തുന്ന മർഫി റേഡിയോയുമായിരുന്നു കടയുടെ പ്രത്യേകത.
പയ്യന്നൂരിലെ സ്വാതന്ത്ര്യസമര പോരാളികളായ കെ.പി. കുഞ്ഞിരാമപ്പൊതുവാൾ, എ.വി. ശ്രീകണ്ഠപ്പൊതുവാൾ, ടി.സി.വി. കുഞ്ഞിരാമപ്പൊതുവാൾ, ടി.സി.വി. കുഞ്ഞിക്കണ്ണപ്പൊതുവാൾ, നോവലിസ്റ്റ് സി.വി. ബാലകൃഷ്ണൻ തുടങ്ങിയവരെയൊക്കെ കൃഷ്ണന്റെ കടയുടെ കൈയൊതുക്കത്തിന്റെ സർഗാത്മകതയുടെ സൗന്ദര്യം അനുഭവിച്ചറിഞ്ഞവരാണ്.
'പരൽമീൻ നീന്തുന്ന പാട'ത്തിൽ സി.വി വിശദമായി തന്നെ ബാർബർ ഷോപ്പിനെക്കുറിച്ച് വിവരിക്കുന്നുണ്ട്. ഒരുകാലത്ത് റേഡിയോ ശ്രോതാക്കളുടെ താവളമായിരുന്നു ഇവിടം. ഒപ്പം സിനിമ-നാടക ചർച്ചകളുടെ കേന്ദ്രവും. തൊഴിലിനോടുള്ള വിരക്തിയല്ല, പ്രായത്തിന്റെ അവശതകളാണ് കട പൂട്ടാൻ കാരണമായത്. അന്നൂർ സഞ്ജയൻ സ്മാരക ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിലാണ് വിരമിക്കുന്ന എൻ.വി. കൃഷ്ണന് സ്നേഹാദരങ്ങൾ അർപ്പിക്കുന്ന ചടങ്ങ് സംഘടിപ്പിച്ചത്.
നാടിന്റെ ആത്മാവിന്റെ ഭാഗമായ എൻ.വി. കൃഷ്ണൻ, അന്നൂരിന്റെ സാംസ്കാരിക സപര്യയുടെ ഒഴിവാക്കാനാവാത്ത ഭാഗമായിരുന്നുവെന്ന് സി.വി. ബാലകൃഷ്ണൻ പറഞ്ഞു. എന്റെ ചലച്ചിത്രാനുഭവങ്ങൾക്ക് വഴിമരുന്നിട്ടത് കൃഷ്ണനുമായുള്ള ഇടപെടലാണ്. അന്നൂരിന്റെ കലാപാരമ്പര്യത്തിന്റെ സംഗമസ്ഥാനമായിരുന്നു കൃഷ്ണന്റെ കട -സി.വി. ബാലകൃഷ്ണൻ പറഞ്ഞു.
ഗ്രന്ഥാലയം പ്രസിഡൻറ് കെ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. എ.കെ.പി. നാരായണൻ, പി. സുകുമാരൻ, കെ.പി. മനോജ്, രാജീവൻ രാമാസ്, സബർ ജില്ലി വാട്സ്ആപ് കൂട്ടായ്മയുടെ പ്രതിനിധി എം. ശ്രീകാന്ത് എന്നിവർ സംസാരിച്ചു. തിങ്കളാഴ്ച നിശ്ചയം സിനിമയിലെ അഭിനേതാവ് സി.കെ. സുനിലിനെ അനുമോദിച്ചു. സി.വി. വിനോദ് കുമാർ സ്വാഗതവും പി. രവിചന്ദ്രൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.