പയ്യന്നൂർ: ലോകം ഒക്ടോബർ സ്തനാർബുദ മാസമായി (പിങ്ക് മാസം) ആചരിക്കുകയാണ്. ലോകവ്യാപകമായി സ്തനാർബുദത്തിനെതിരെയുള്ള പോരാട്ടത്തിൽ പയ്യന്നൂരുകാരിയും സജീവം. ഡോ. ഗീത കടയപ്രത്താണ് ആ മുൻനിര പോരാളി. രാമന്തളി സ്വദേശി കൊട്ടാരത്തിൽ നടുവിലെ വീട്ടിൽ കുഞ്ഞിരാമ പൊതുവാളിന്റെയും കുഞ്ഞിമംഗലത്ത് കടയപ്രത്ത് സരോജിനി അമ്മയുടെയും മകൾ ഡോ. ഗീതയാണ് ഇന്ത്യയിലും വിദേശത്തും ഏറെ പ്രശസ്തി നേടിയ ഈ അർബുദ സർജൻ.
ഡൽഹിയിലാണ് ഡോ. ഗീത പഠിച്ചതും വളർന്നതും. ഡൽഹിയിലെ ലേഡി ഹാർഡിങ് മെഡിക്കൽ കോളജിൽ നിന്ന് എം.ബി.ബി.എസ് ബിരുദവും ഡൽഹിയിലെ തന്നെ മൗലാന അബുൾ കലാം മെഡിക്കൽ കോളജിൽനിന്ന് ജനറൽ സർജറിയിൽ എം.എസും നേടി. തുടർന്ന് ഇംഗ്ലണ്ടിലെ റോയൽ മാർസ് ഡെൻ ഹോസ്പിറ്റലിൽനിന്ന് സർജിക്കൽ ഓങ്കോളജി (ബ്രസ്റ്റ്) സ്പെഷലൈസ് ചെയ്തതിനു ശേഷം എഫ്.ആർ.സി.എസിൽ നിന്ന് സൂപ്പർ സ്പെഷലൈസും ചെയ്തു.
ദീർഘകാലം ഡൽഹിയിലെ രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിലും അപ്പോളോ ആശുപത്രിയിലും കാൻസർ വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. ഇംഗ്ലണ്ടിലെ ഈസ്റ്റ് ആൻജിലിയ സർവകലാശാലയിലെ വിസിറ്റിങ് ഫാക്കൽട്ടി കൂടിയാണ് ഇവർ. ഇപ്പോൾ വൈശാലിയിലും പത്പർഗഞ്ചിലുമുള്ള മാക്സ് സൂപ്പർ സ്പെഷാലിറ്റി സെന്ററിലെ ഓങ്കോളജി വിഭാഗം മേധാവിയാണ്.
സ്തനാർബുദ ബാധിതരുടെ പ്രശ്നങ്ങൾക്കായി അഖിലേന്ത്യ അടിസ്ഥാനത്തിൽ രൂപവത്കരിക്കപ്പെട്ട ബ്ലിസ് ഫൗണ്ടേഷന്റെ സ്ഥാപകയാണ്. ഡൽഹി ആസ്ഥാനമായി സ്തനാർബുദ ബാധിതരെ സഹായിക്കാനായി രൂപവത്കരിച്ച ബ്രസ്റ്റ് സപ്പോർട്ട് ഗ്രൂപ്പിന്റെ സൂത്രധാരിൽ ഒരാളുമാണ് ഡോ. ഗീത.
ഡൽഹിയിലെ ബ്രസ്റ്റ് ഓങ്കോളജി ഗ്രൂപ്പിന്റെയും ഓങ്കോളജി ഫോറത്തിന്റെയും സെക്രട്ടറിയായും സജീവമായി രംഗത്തുണ്ട്. വടകര സ്വദേശിയും എൻജിനീയറുമായ പി.പി. സുജിത്താണ് ഭർത്താവ്. ഏക മകൾ സുകന്യ നമ്പ്യാർ ലോയ്ഡ് ബാങ്കിൽ കൺസൽട്ടന്റായി ജോലി ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.