പയ്യന്നൂർ: പയ്യന്നൂരിൽ പൂട്ടിയിട്ട വീട്ടിൽ വീണ്ടും കവർച്ച. പയ്യന്നൂർ കേളോത്ത് ഉളിയത്ത് കടവ് റോഡിലെ വാടക ക്വാർട്ടേഴ്സിലാണ് കഴിഞ്ഞ ദിവസം രാത്രി കവർച്ച നടന്നത്. ആറ് പവനും 5000 രൂപയുമാണ് നഷ്ടപ്പെട്ടത്. പാലക്കാട് സ്വദേശിനി എസ്. ജന്നത്ത് നിഷയും രണ്ട് മക്കളുമാണ് ഇവിടെ താമസിക്കുന്നത്. പയ്യന്നൂരിൽ സഹോദരൻ അബ്ബാസിന്റെ തുണിക്കടയിൽ ജോലിചെയ്യുന്ന ജന്നത്ത്, ബുധനാഴ്ച രാവിലെ മക്കളോടൊപ്പം നാട്ടിൽ പോയിരുന്നു. വ്യാഴാഴ്ച വാതിലിന്റെ പൂട്ട് കാണാത്തതിനാൽ തൊട്ടടുത്ത് താമസിക്കുന്നവർ വിവരമറിയിക്കുകയായിരുന്നു. തുടർന്നാണ് അലമാരയിൽ ചെറിയ ബാഗുകളിൽ സൂക്ഷിച്ച സ്വർണവും പണവും നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ബാഗുകൾ ക്വാർട്ടേഴ്സിന് സമീപം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പയ്യന്നൂർ പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. തായിനേരിയിലെ വാടക ക്വാർട്ടേഴ്സിൽനിന്ന് രണ്ടാഴ്ച മുമ്പാണ് കുടുംബം കേളോത്തേക്ക് മാറിയത്.
പയ്യന്നൂരിൽ പൂട്ടിയിട്ട വീടുകളും കടകളും കുത്തിത്തുറന്ന് കവർച്ച വ്യാപകമാണ്. രണ്ടാഴ്ച മുമ്പാണ് തൊട്ടടുത്തു തന്നെ പ്രവാസിയുടെ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 20 പവന്റെ ആഭരണങ്ങളും 20,000 രൂപയും ബാങ്കിന്റെ ബ്ലാങ്ക് ചെക്ക് ബുക്കും പാസ്പോർട്ടും രേഖകളും കവർന്നത്. ചേരിക്കൽമുക്കിലെ വിദേശത്ത് എൻജിനീയറായ വിഗ്നേഷ് ഹൗസിൽ സുനിൽകുമാറിന്റെ വീട്ടിലാണ് കവർച്ച നടന്നത്. പരാതിയിൽ കേസെടുത്ത പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങിയിരുന്നു. പയ്യന്നൂർ ടൗണിൽ അടുത്തിടെ നിരവധി കടകളിലും കവർച്ച നടന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.