പയ്യന്നൂർ: കുഞ്ഞിമംഗലത്ത് പ്രശസ്ത ക്ഷേത്രത്തിൽ സ്ഥാപിച്ച ബോർഡിനു പിന്നാലെ തെയ്യം കലാകാരനോട് കാണിച്ചതായുള്ള ജാതിവിവേചനവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. തെയ്യം കലാകാരനായ സജീവ് കുറുവാട്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച അനുഭവകുറിപ്പാണ് സംഭവം പുറത്തെത്തിച്ചത്. ഫോക്ലോർ അക്കാദമി അവാർഡ് ജേതാവായ സജീവിനെ ഒരു ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ആദരിച്ചിരുന്നു. ആദര ചടങ്ങിൽ തന്ത്രി രണ്ടുപേരെ പൊന്നാടയണിയിച്ചു. എന്നാൽ, മറ്റൊരാൾ പറഞ്ഞതിനെതുടർന്ന് തന്ത്രി തന്നെ പൊന്നാട പുതപ്പിക്കാതെ ഫലകവും പൊന്നാടയും െകെയിലിട്ടു തന്നതായാണ് സജീവ് കുറിപ്പിൽ പറയുന്നത്. ഇത് സമൂഹമാധ്യമങ്ങളിൽ വലിയ വിവാദമായി. എന്നാൽ, ക്ഷേത്ര കമ്മിറ്റിക്ക് സംഭവത്തിൽ പങ്കില്ലെന്നും സജീവ് പറയുന്നു.
കുഞ്ഞിമംഗലത്തെ മറ്റൊരു ക്ഷേത്രത്തിൽ ഉത്സവ പറമ്പിൽ മുസ്ലിംകൾക്ക് പ്രവേശനമില്ല എന്നെഴുതിയ ബോർഡ് വൻ വിവാദത്തിന് വഴിവെച്ചിരുന്നു. ഇത് കെട്ടടങ്ങുംമുമ്പാണ് മറ്റൊരിടത്തെ ജാതിവിവേചനവും ചർച്ചയാവുന്നത്. സംഭവത്തിനെതിരെ പുരോഗമന കലാസാഹിത്യ സംഘം ഉൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടിൽ ഓക്സിജൻ കിട്ടാതെയും മഹാമാരി പിടിപെട്ടും ആളുകൾ പിടഞ്ഞുവീഴുമ്പോഴും തങ്ങളുടെ ഉള്ളിലെ അളിഞ്ഞ ജാതി-മത ബോധം പുറത്തുവരുകയും പരസ്യപ്പെടുകയും ചെയ്യുമ്പോൾ ഇവർക്ക് എന്തുകൊണ്ട് ലജ്ജ തോന്നുന്നില്ലെന്ന് പു.ക.സ ചോദിച്ചു. സജീവ് കുറുവാട്ടിനെ ജാതിയുടെ പേരിൽ അപഹസിച്ചത് തികച്ചും പ്രതിഷേധാർഹമാണ്. എന്തിനാണ് നാടറിയുന്ന ഈ കലാകാരനെ വിളിച്ചുവരുത്തി അപമാനിച്ച് അദ്ദേഹത്തിെൻറ മനസിൽ മുറിവുണ്ടാക്കിയതെന്ന് സംഘടന ചോദിച്ചു.
കുഞ്ഞിമംഗലത്തെ സകല ഉത്സവങ്ങളും മത-ജാതി അതീതമായി നടത്താനാണ് ഇവിടത്തെ ഉൽപതിഷ്ണുക്കളായ, മനസ്സിൽ മത-ജാതി സൗഹാർദം ആത്മാർഥമായി കൊണ്ടുനടക്കുന്ന ആളുകൾ ആഗ്രഹിക്കുന്നത്. അതിനിടയിൽ ഇത്തരം മ്ലേഛമനസ്സുകളുടെ ഉയിർപ്പും പ്രവർത്തനവും നാടിനെ നാണം കെടുത്തുന്നു-പു.ക.സ സമൂഹ മാധ്യമങ്ങളിൽ എഴുതിയ പ്രതിഷേധ കുറിപ്പിൽ പറയുന്നു. എന്നാൽ, രണ്ടു സംഭവങ്ങളിലും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ മൗനം പാലിച്ചതും ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.