പയ്യന്നൂര്‍: കവ്വായി കായലിന്റെ ഭാഗമായുള്ള വിസ്തൃതമായ ഏറന്പുരുടെ ഓളപ്പരപ്പിൽ ജില്ല കലക്ടര്‍ എസ്. ചന്ദ്രശേഖര്‍ നീന്തിയത് രണ്ടുകിലോമീറ്റര്‍. ജല അപകടങ്ങള്‍ക്കെതിരെ ഞായറാഴ്ച നടക്കുന്ന ബോധവത്കരണ കായല്‍ നീന്തലിനുള്ള തയാറെടുപ്പിന്റെ ഭാഗമായാണ് കലക്ടർ ചൊവ്വാഴ്ച രാവിലെ ഒരുകിലോമീറ്ററോളം വസ്തൃതിയുള്ള കായലില്‍ ഇരുഭാഗത്തേക്കും നീന്തിയത്.
ചാള്സണ് സ്വിമ്മിങ്ങ് അക്കാദമി ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെയാണ് 28ന് രാവിലെ ഏഴോടെ ഏറന്‍പുഴയില്‍ ബോധവത്കരണ നീന്തല്‍ സംഘടിപ്പിക്കുന്നത്. റോഡപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര് മരിക്കുന്നത് ജല അപകടങ്ങളിലൂടെയാണ്.
അശ്രദ്ധയും വേണ്ടത്ര അറിവില്ലാത്തതുമാണ് ഇതിന് കൂടുതലും കാരണമാകുന്നത്. ഈ സാഹചര്യത്തിലാണ് അനായാസ നീന്തല്‍ പരിശീലനത്തിന്റേയും ഓരോരുത്തരും സ്വയം ജാക്കറ്റായി മാറേണ്ടതിന്റെ ആവശ്യകതയും വിളിച്ചോതിയുള്ള ബോധവത്കരണ കായല്‍ നീന്തല്‍ സംഘടിപ്പിക്കുന്നത്.
നീന്തലിനൊപ്പം ഫ്ളോട്ടിങ്ങ് ചെയ്ത് വിശ്രമിക്കാനുള്ള പരിശീലനവും ഇതിനിടയില്‍ നല്‍കും. അഗ്നിരക്ഷാ സേനാംഗങ്ങളും ബോധവത്കരണ യജ്ഞത്തിൽ പങ്കാളികളാവും. രാമന്തളി കോട്ടംകടവില് സംഘടിപ്പിക്കുന്ന പരിപാടി ഒരുകിലോമീറ്റര്‍ ദൂരം കായലില്‍ നീന്തി കലക്ടര്‍ തന്നെ ഉദ്ഘാടനം ചെയ്യും. ടി.ഐ. മധുസൂദനന് എം.എൽ.എ അധ്യക്ഷത വഹിക്കും. ഹേമലത ഐ.പി.എസ് മുഖ്യാതിഥിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.