മെഡിക്കൽ കോളജ് സ്ഥലത്ത് കെട്ടിടം പണിതെന്ന് പരാതി

പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിൽ സർക്കാർ സ്ഥലം കൈയേറി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘം സ്ഥാപനം നിർമിച്ചതായി പരാതി. എന്നാൽ, റവന്യൂ അധികൃതർ അനുമതി നൽകിയ സ്ഥലത്താണ് താൽക്കാലിക കെട്ടിടം പണിതതെന്ന് സ്ഥാപന അധികൃതർ പറയുന്നു.

സ്ഥാപനം കെട്ടുന്നതിനെതിരെ പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകിയിട്ടും രാത്രിയിൽ കെട്ടിടം നിർമിച്ചതായാണ് പരാതി. മെഡിക്കൽ കോളജിനുസമീപം ദേശീയപാതക്ക് സ്ഥലം അക്വയർ ചെയ്ത സ്ഥലത്ത് പ്രവർത്തിച്ചുവന്ന പഴം-പച്ചക്കറി സ്റ്റാൾ റോഡിനുവേണ്ടി കഴിഞ്ഞ ദിവസം പൊളിച്ചുനീക്കിയിരുന്നു. ഈ സ്റ്റാളാണ് മെഡിക്കൽ കോളജിന്റെ സ്ഥലത്ത് പുനർനിർമിച്ചത്. എന്നാൽ, ഇത് റവന്യൂ സ്ഥലമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.

നിർമാണം തടയാൻ പ്രിൻസിപ്പൽ പരിയാരം പൊലീസിൽ പരാതി നൽകിയിരുന്നു. പരാതി പ്രകാരം സ്ഥലത്തെത്തിയ എസ്.ഐ കെ.വി. സതീശൻ പണി നിർത്തിവെപ്പിച്ചിരുന്നു. എന്നാൽ, രാത്രിയിലെത്തിയ ഒരുസംഘം പുലരുംമുമ്പ് കെട്ടിടം നിർമിച്ച് ബോർഡ് സ്ഥാപിക്കുകയായിരുന്നു. സർക്കാർ ഭൂമി കൈയേറി കെട്ടിടം നിർമിച്ചതിനെതിരെ നടപടിയെടുക്കണമെന്നും അനധികൃത നിർമാണം പൊളിച്ചുനീക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡഗ്ലസ് മാർക്കോസ് ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രത്യക്ഷ സമര പരിപാടികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, മിൽമ സ്റ്റാളും നിരവധി സ്വകാര്യ ഷെഡുകളും ഉൾപ്പെടെ ഇവിടെ പ്രവർത്തിക്കുന്നുണ്ട്.

Tags:    
News Summary - Complaint that the building was constructed on the site of the Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.