പയ്യന്നൂർ: നൂറുകണക്കിന് സഞ്ചാരികളെത്തുന്ന രാമന്തളി ഗ്രാമപഞ്ചായത്തിലെ എട്ടിക്കുളം ബീച്ച് അവഗണനയിൽ. വിനോദ സഞ്ചാര മേഖലയുടെ പരിഗണന ലഭിക്കാത്ത ബീച്ചിൽ വിശേഷ ദിവസങ്ങളിലും മറ്റും ആയിരങ്ങളാണ് എത്തുന്നത്. സഞ്ചാരികൾ വർധിച്ചതോടെ അടിസ്ഥാന സൗകര്യങ്ങളില്ലാതെ വീർപ്പുമുട്ടുകയാണ് ബീച്ചും പരിസരവും. കണ്ണൂർ ജില്ലയിലെ ഏറ്റവും വടക്കുഭാഗത്തെ കടലോരമാണ് എട്ടിക്കുളം ബീച്ച്. മനോഹരമായ മണൽപ്പരപ്പ്, വിശാലമായ പാറക്കൂട്ടങ്ങൾ, തെങ്ങിൻ തോപ്പുകൾ ഇവ കൊണ്ട് സുന്ദരമാണ് തീരം.
മാത്രമല്ല, ഇവിടെ വന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ നാവിക പഠനകേന്ദ്രമായ ഏഴിമല നാവിക അക്കാദമിയുടെ ഭാഗവും കാണാം. അതുകൊണ്ട് നിരവധിപേരാണ് ബീച്ചിൽ എത്തുന്നത്. അടിസ്ഥാന സൗകര്യമില്ലാത്തതിനാൽ സന്ദർശകർ ഏറെ പ്രായാസപ്പെടുന്നു. വിശേഷ ദിവസങ്ങളിൽ മാത്രമല്ല, അവധി ദിവസങ്ങളിലും നൂറുകണക്കിന് സന്ദർശകരാണ് ബീച്ചിലെത്തുന്നതെന്ന് സമീപവാസികൾ പറയുന്നു. പ്രകൃതി രാമണീയമായ ഈ കടൽതീരം അധികൃതർ പരിഗണിക്കുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഏഴിമല ടോപ് റോഡ് വഴി ബീച്ചിലെത്തുന്നവരെ കാത്തിരിക്കുന്നത് നിരവധി കാഴ്ചകളാണ്. മലയുടെ മുകളിൽ കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമയുണ്ട്.
ഇതിനുപുറമെ പാതവഴി യാത്ര ചെയ്യുമ്പോൾ താഴെയുള്ള കാഴ്ചയുടെ സൗന്ദര്യം വിവരണാതീതമാണ്. കായലുകളും ചതുപ്പും കണ്ടൽക്കാടുകളും ഉൾപ്പെടുന്ന കാഴ്ച ഫോട്ടോഗ്രാഫർമാരുടെ ഇഷ്ടയിടമായി ഇവിടം മാറുന്നു. ഇവയെല്ലാം ഉൾപ്പെടുത്തി വിനോദസഞ്ചാര പദ്ധതിക്ക് രൂപം കൊടുക്കണമെന്ന് നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നു.
ബീച്ചിലെത്തുന്നവർക്ക് വാഹന പാർക്കിങ്ങിന് സൗകര്യമില്ല. ഇപ്പോൾ ബീച്ച് റോഡിലാണ് പാർക്കു ചെയ്യുന്നത്. ഇത് ഗതാഗതക്കുരുക്കിന് കാരണമാവുന്നു. മാത്രമല്ല, കുടിവെള്ളം, പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങൾ തുടങ്ങിയവയും ലഭ്യമാക്കണം. സൗകര്യങ്ങൾ ഒരുക്കിയാൽ വിദേശ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കാനുള്ള കേന്ദ്രമായി ബീച്ച് മാറ്റിയെടുക്കാമെന്ന് നാട്ടുകാർ പറയുന്നു. മുമ്പ് രാമന്തളി ഏഴിമല കടപ്പുറം പ്രധാന വിനോദസഞ്ചാര കേന്ദ്രമായിരുന്നു. അക്കാദമി വന്നതോടെ ഇവിടെ സന്ദർശനം അസാധ്യമായി. അതുകൊണ്ടുതന്നെ എട്ടിക്കുളം ബീച്ചിന്റെ സാധ്യത പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.