പയ്യന്നൂർ: കടലോരങ്ങളിലെ വൻമരങ്ങൾ മുറിച്ചു മാറ്റുന്നത് വെള്ളവയറൻ കടൽപ്പരുന്തുകളുടെ (white beIIied sea Eagle) വംശനാശത്തിന് കാരണമാവുന്നു. കടൽക്കരയിലെ വൻമരങ്ങളിൽ മാത്രം കൂടുകൂട്ടി ജീവസന്ധാരണവും പ്രജനനവും നടത്തുന്ന ഇവ മരങ്ങളുടെ അഭാവം കാരണം നിലനിൽപ്പിനു വേണ്ടി പോരാടുകയാണെന്ന് പക്ഷി നിരീക്ഷകരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു.
തീരപ്രദേശങ്ങളിലെ സർപ്പക്കാവുകളിലെയും വീട്ടുപറമ്പുകളിലെയും വലിയ മരങ്ങളിലാണ് ഇവ കൂടുകൂട്ടാറുള്ളത്. കാവുകൾ പുനർനിർമാണത്തിന്റെ പേരിൽ വെട്ടി വെളുപ്പിച്ചതും പറമ്പുകളിൽ നിന്ന് മരങ്ങൾ മുറിച്ചുമാറ്റിയതുമാണ് ഈ അപൂർവയിനം പറവകളുടെ വംശനാശത്തിന് ആക്കം കൂട്ടുന്നത്. കേരളത്തിൽ കോഴിക്കോടിന് വടക്ക് കണ്ണൂർ, കാസർകോട് ജില്ലകളിലും മാഹിയിലുമുള്ള തീരപ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന ഒരിനം പരുന്താണിത്.
അതീവ വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ പട്ടികയിൽ വർഷങ്ങൾക്കു മുമ്പേ ഇവ ഇടം പിടിച്ചു. അതുകൊണ്ടുതന്നെ വന്യജീവി സംരക്ഷണ നിയമത്തിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാം പട്ടികയിൽതന്നെ ഇവയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ പരുന്തുകൾക്ക് ഒരു പ്രദേശത്ത് ഒരിണയായിരിക്കും ഉണ്ടാകുക.
തീരദേശത്തെ വലിയ മരത്തിൽ കാക്കക്കൂട് പോലെ ചുള്ളിക്കമ്പുകൾ ഉപയോഗിച്ചുകൊണ്ടാണ് കൂടൊരുക്കുന്നത്. മുഖ്യ ആഹാരം ഉഗ്രവിഷമുള്ള കടൽപാമ്പാണ്. കടൽ തീരത്തെ മരത്തിന് മുകളിലിരുന്നുതന്നെ തീരക്കടലിലെ വെള്ളത്തിനിടയിൽ നീന്തുന്ന പാമ്പിനെ ഇതിന്റെ സൂക്ഷ്മദൃഷ്ടിയിൽ പതിയും.
കണ്ട ഉടൻ പറന്ന് കടലിൽ ഊളിയിട്ട് പാമ്പിനെ കാലുകൊണ്ട് റാഞ്ചിയെടുക്കും. ഉന്നം ഒരിക്കലും തെറ്റാറില്ല. ഇരതേടാനുള്ള സൗകര്യത്തിന് കൂടിയാണ് വൻമരങ്ങളിൽ അധിവസിക്കുന്നത്. സമയമെടുത്ത് നീന്തുന്ന പാമ്പിന്റെ വഴിയെ പറന്ന് വായുവിൽ നിമിഷങ്ങൾ ചിറക് വിരിച്ച് നിശ്ചലമായി നിൽക്കാനും ഇവക്ക് അപാരമായ കഴിവുണ്ട്.
കടലിൽ മുങ്ങാതെ തന്നെ ചേരയുടെ വലിപ്പമുള്ള പാമ്പിനെ തൂക്കിയെടുത്ത് 100 അടിയോളം പൊക്കമുള്ള തീരത്തെ മരക്കൊമ്പിലെത്തിച്ച് പിച്ചിച്ചീന്തി തിന്നാനുള്ള കഴിവ് അദ്ഭുതപ്പെടുത്തുന്നതാണ്. പാമ്പിന്റെ തലക്ക് പിറകിൽ പാമ്പിന് തിരിച്ചുകൊത്താൻ കഴിയാത്തിടത്തായിരിക്കും അതിസമർഥമായ രീതിയിൽ കാലുകൊണ്ട് പിടിമുറുക്കുക .ഒരു കാൽ കഴക്കുമ്പോൾ മറുകാലിൽ മാറ്റി മാറ്റി പിടിക്കും.
പല പ്രാവശ്യവും ഒരേ സ്ഥലത്ത് തന്നെ തീറ്റ എത്തിച്ച് തിന്നുന്ന സ്വഭാവവും ഇതിനുണ്ട്. മത്സ്യത്തൊഴിലാളികൾക്കും കടൽ യാത്രക്കാർക്കും ഈ പക്ഷി രക്ഷകനാണ്. കടലിൽ വിഷപ്പാമ്പിന്റെ പെരുപ്പം ഇത് തടയുന്നു എന്നത് തന്നെ കാരണം. മത്സ്യതൊഴിലാളികൾ ഇതിനെ ‘കമല പരുന്ത്’ എന്നും വിളിക്കുന്നു. തീരദേശത്തെ മരങ്ങൾ ഇല്ലാതാകുന്നത് ഇവയുടെ നിലനിൽപ് അവതാളത്തിലാക്കിയതോടെ പരുന്തുകൾ സ്ഥിരമായി കൂടുകൂട്ടുന്ന മരങ്ങൾ മുറിക്കാതിരിക്കാൻ സ്ഥലം ഉടമകൾക്ക് വനം -വന്യജീവി വകുപ്പ് ധനസഹായം നൽകി വരുന്നു.
എന്നാൽ ഇത് പലർക്കും അറിയില്ല. പേരു സൂചിപ്പിക്കുന്നതു പോലെ ഇവരുടെ വയറും ചിറകുകളുടെ കോണോട് കോണിന്റ പകുതി ഭാഗങ്ങളും വെള്ള നിറത്തിലാണ്. പറക്കുമ്പോഴാണ് ഈ നിറം ദൃശ്യമാവുക. മാഹി, പയ്യന്നൂർ, രാമന്തളി, ചെറുവത്തൂർ, ബേക്കൽ, തളങ്കര, കാസർകോട്, ഉപ്പള, കുമ്പള ഭാഗങ്ങളിൽ ഇവയെ കണ്ടുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.