പയ്യന്നൂർ: കാലപ്പഴക്കത്തിൽ തകർന്ന് നാശത്തിന്റെ വക്കിലായ കടന്നപ്പള്ളി -പാണപ്പുഴ പഞ്ചായത്തിലെ രണ്ട് കൽവർട്ടുകൾ അപകടഭീഷണിയാകുന്നു. കടന്നപ്പള്ളി കുറ്റ്യാട്ടും താഴെ പാടശേഖരത്തിലൂടെ കടന്നുപോകുന്ന റോഡിലെ രണ്ട് കൽവർട്ടുകളാണ് അപകടഭീതിയാകുന്നത്.
വർഷങ്ങൾ പഴക്കമുള്ളതിനാൽ കമ്പികൾ ദ്രവിച്ച് കോൺക്രീറ്റുകൾ ഇളകിയ നിലയിലാണ്. ചന്തപ്പുര ഭാഗത്തുനിന്ന് വിളയാങ്കോട്ടേക്കും നിരവധി ആരാധനാലയങ്ങളിലേക്കും കടന്നു പോവുന്ന റോഡാണിത്. കടന്നപ്പള്ളി തെക്കെക്കര എൽ.പി, കടന്നപ്പള്ളി യു.പി, ഹൈസ്കൂൾ തുടങ്ങിയ വിദ്യാലയങ്ങളിലേക്കുള്ള കുട്ടികൾ ഉൾപ്പെടെ നിരവധി വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് ഈ അപകടക്കെണി.
കടന്നപ്പള്ളി ജുമാ മസ്ജിദ്, കുറ്റ്യാട്ട് പുലിയൂർ കാളി ക്ഷേത്രം, മുച്ചിലോട് ഭഗവതി ക്ഷേത്രം, ചിറ്റന്നൂർ ശ്രീകൃഷ്ണ ക്ഷേത്രം, മംഗലശ്ശേരി ധർമശാസ്താ ക്ഷേത്രം, കെക്കോട്ടമ്പലം എന്നിവിടങ്ങളിലേക്കും പഞ്ചായത്ത് ആസ്ഥാനമായ ചന്തപ്പുരയിലേക്കും കടന്നുപോകുന്ന പാതയിലാണ് ഈ ചെറുപാലങ്ങളുള്ളത്.
പാലത്തിന്റെ അടിഭാഗം കമ്പികൾ തുരുമ്പെടുത്ത് നശിച്ചു. ഇതോടെ കോൺക്രീറ്റ് ബലക്ഷയത്തിലാണ്. കൽവർട്ടിന്റെ കരിങ്കല്ലുകൾ കൊണ്ടുണ്ടാക്കിയ ഭിത്തിയും തകർന്നിട്ടുണ്ട്. ശോച്യാവസ്ഥയിലായ കൽവർട്ടുകൾ പുതുക്കിപ്പണിയണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.