രാ​ജ്യ​സ​ഭ സീ​റ്റി​ലേ​ക്ക് ഡോ. ​പ​ത്മ​രാ​ജ​ൻ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക ന​ൽ​കു​ന്നു

പാർട്ടികൾ ചർച്ച നടത്തട്ടെ; മത്സരിക്കാൻ ഡോ. പത്മരാജൻ ഒരുങ്ങി

പയ്യന്നൂർ: കേരളത്തിൽ ഒഴിവുള്ള രാജ്യസഭ സീറ്റിലേക്കുള്ള സ്ഥാനാർഥികൾ സംബന്ധിച്ച് രാഷ്ട്രീയപാർട്ടികൾ ഇതുവരെ ധാരണയിലെത്തിയില്ലെങ്കിലും ഡോ. പത്മരാജൻ തീരുമാനത്തിലെത്തി. മാത്രമല്ല, തിരുവനന്തപുരത്തെത്തി റിട്ടേണിങ് ഓഫിസർ കവിത ഉണ്ണിത്താൻ മുമ്പാകെ ആദ്യ ദിവസം തന്നെ പത്രിക നൽകുകയും ചെയ്തു. ഡോ. പത്മരാജൻ പത്രിക നൽകിയതിന്റെ എണ്ണം 228 ആയി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിക്കുമെതിരെ പത്രിക നൽകുമ്പോൾ 215 ആയിരുന്നു സ്വന്തം പേരിൽ കുറിച്ച റെക്കോഡ്. തുടർന്നുവന്ന പല ഉപതെരഞ്ഞെടുപ്പുകളിലും രാജ്യസഭ സീറ്റിലുമൊക്കെ മാറ്റുരച്ചപ്പോൾ 227 ആയി. ഇപ്പോൾ 228 എന്ന റെക്കോഡും ഈ പയ്യന്നൂർ കുഞ്ഞിമംഗലത്തുകാരന് സ്വന്തം.

2020ന് ശേഷം നടന്ന ചില ഉപതെരഞ്ഞെടുപ്പുകളിലും രാജ്യസഭ തെരഞ്ഞെടുപ്പുകളിലും കോവിഡും ലോക്ഡൗണും കാരണം പത്രിക നൽകാൻ കഴിയാതെവന്ന ദുഃഖമുണ്ടെന്ന് പത്മരാജൻ പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിച്ചപ്പോഴും എതിരാളികളുടെ പട്ടികയിൽ ഇദ്ദേഹമുണ്ടായിരുന്നു.

ലിംക വേൾഡ് റെക്കോഡിൽ ഇടംകണ്ട പത്മരാജൻ ഇപ്പോൾ ഗിന്നസ് ലോക റെക്കോഡിലേക്കുള്ള യാത്രയിലാണ്. ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രപതിമാർക്കുമെതിരെയും പത്രിക നൽകിയിട്ടുണ്ട്. കെ.ആർ. നാരായണൻ, എ.പി.ജെ. അബ്ദുൽ കലാം, ഗ്യാനി സെയിൽ സിങ് തുടങ്ങിയവർ ഈ പട്ടികയിലുണ്ട്.

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളിലുമുണ്ട് സാന്നിധ്യം. രാജീവ് ഗാന്ധി, പി.വി. നരസിംഹ റാവു, ഡോ. മൻമോഹൻ സിങ്, വി.പി. സിങ്, അടൽ ബിഹാരി വാജ്പേയി, നരേന്ദ്ര മോദി തുടങ്ങിയ പ്രധാനമന്ത്രിമാരും പ്രതിയോഗികളായിട്ടുണ്ട്. തമിഴ്നാട്ടിലെ സ്വന്തം നിയമസഭ മണ്ഡലത്തിൽ മാറ്റുരച്ചപ്പോൾ കിട്ടിയ 800ഓളം വോട്ടാണ് കൂടുതൽ കിട്ടിയ വോട്ട്.

പരാജയം മുൻകൂട്ടിയറിഞ്ഞുകൊണ്ടുതന്നെയാണ് മത്സര യാത്രയെങ്കിലും റെക്കോഡുകളുടെ വിജയത്തിലേക്കാണ്. 

Tags:    
News Summary - Dr Padmarajan is ready to compete in rajya sabha poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.