പയ്യന്നൂർ: അപകടത്തിൽപെട്ട കാറിൽനിന്ന് മാരക മയക്കുമരുന്നായ എം.ഡി.എം.എ പിടികൂടി. സംഭവത്തിൽ യുവാവിനെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴോം നെരുവമ്പ്രം, ചെങ്ങൽതടത്തെ പി.വി. മുഹമ്മദ് ജിഷാനാണ് (32) പിടിയിലായത്. ഇയാൾ സഞ്ചരിച്ച കെ.എൽ 13 എ.ഇ 6723 നമ്പർ കാറിൽനിന്നാണ് രണ്ടു ഗ്രാം എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടിയത്.
കാറിന്റെ സ്റ്റിയറിങ്ങിനടുത്ത് പ്രത്യേകം ഉണ്ടാക്കിയ ബോക്സിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചുവെച്ചിരുന്നത്. മയക്കുമരുന്ന് ഉപയോഗിക്കാനുള്ള ബർണർ, ലൈറ്റർ, സ്ട്രോ എന്നിവയും അതിനകത്തുനിന്ന് കണ്ടെടുത്തു. ബുധനാഴ്ച പെരുമ്പയിൽ മുഹമ്മദ് ജിഷാൻ ഓടിച്ച കാറും മറ്റൊരു കാറും കൂട്ടിമുട്ടി അപകടമുണ്ടായിരുന്നു. ഇതേ തുടർന്നാണ് ഇരു വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ എത്തിച്ചത്. പിന്നീട് ജിഷാനോട് കാറിന്റെ രേഖകൾ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടു.
എന്നാൽ, രേഖകൾ കൊണ്ടുവരാത്തതിനാൽ ഈ വാഹനം മോഷണമുതലോ മറ്റോ ആണെന്ന സംശയം ഉയർന്നതിനെ തുടർന്ന് പയ്യന്നൂർ പൊലീസ് വാഹനം പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മുഹമ്മദ് ജിഷാൻ നേരത്തേയും മയക്കുമരുന്ന് കേസിൽ പ്രതിയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ വർഷം സെപ്റ്റംബർ 18ന് എട്ടിക്കുളത്തുവെച്ച് കഞ്ചാവുമായി പയ്യന്നൂർ എക്സൈസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.