പയ്യന്നൂർ: റോഡരികിൽ ഉപേക്ഷിച്ച നിലയിൽ തോക്കും തിരകളും കണ്ടെത്തിയതിനുപിന്നാലെ പയ്യന്നൂരിൽ വ്യാജ ബോംബും. കണ്ടങ്കാളി സ്കൂളിനടുത്ത് പടോളി റോഡരികിലാണ് കണ്ടാൽ സ്റ്റീൽ ബോംബെന്ന് തോന്നിക്കുന്ന വസ്തു ഉണ്ടായിരുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ശ്രദ്ധയിൽപെടുന്ന വിധത്തിലാണ് റോഡരികിൽ
'ബോംബ്' ഉണ്ടായിരുന്നത്. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരുടെ ശ്രദ്ധയിൽപെട്ടതിനെ തുടർന്ന് പൊലീസിൽ അറിയിക്കുകയായിരുന്നു. എസ്.ഐ പി. ബാബുമോെൻറ നേതൃത്വത്തിലെത്തിയ പൊലീസ് സംഘം അറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തുകയും ഇവ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്തു.
കഴിഞ്ഞ ദിവസം അന്നൂരിൽ റോഡരികിൽ നിന്ന് നാടൻ തോക്കും തിരകളും കണ്ടെത്തിയ സംഭവത്തിെൻറ പശ്ചാത്തലത്തിൽ വളരെ കരുതലോടെയാണ് പൊലീസ് 'ബോംബ്' കൈകാര്യം ചെയ്തത്. ബോംബ് സ്ക്വാഡ് എസ്.ഐ ശശിധരെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ്, കണ്ടാൽ പുതിയ സ്റ്റീൽ ബോംബ് എന്ന് തോന്നിപ്പിക്കുന്ന വസ്തുവിന് അകത്തുണ്ടായിരുന്നത് ചളിയും കല്ലുമായിരുന്നുന്നെന്ന് വ്യക്തമായത്. ജനങ്ങളെയും പൊലീസിനെയും പറ്റിക്കാൻ ഏതോ വിരുതന്മാർ ഒപ്പിച്ച വേലയാണ് വ്യാജ സ്റ്റീൽ ബോംബെന്നാണ് കരുതുന്നതെങ്കിലും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ഞായറാഴ്ച രാവിലെ അന്നൂരിൽ കണ്ടെത്തിയ നാടൻ തോക്കും തിരകളും സംബന്ധിച്ച അന്വേഷണം ബാലിസ്റ്റിക്, ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ പൊലീസ് ഊർജിതപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.