പയ്യന്നൂർ: സാമ്പത്തികവർഷം അവസാനിക്കാൻ ആഴ്ചകൾ മാത്രം അവശേഷിക്കെ കുടിശ്ശിക പിരിവ് ഊർജിതമാക്കി സർക്കാർ. റവന്യൂ റിക്കവറിയിലൂടെ പിരിവ് പരമാവധി വർധിപ്പിക്കാനുള്ള നടപടികളാണ് കർശനമാക്കുന്നത്.
വിവിധ വകുപ്പുകൾക്കു ലഭിക്കേണ്ട കുടിശ്ശികയിൽപ്പെടുന്ന ഭീമമായ തുക പിരിച്ചെടുക്കുന്നതിന് ജപ്തി നടപടികൾ ഉൾപ്പെടെയുള്ള കർശന നിലപാടുമായി റവന്യു മുന്നോട്ടു പോകാനാണ് റവന്യൂ ഉദ്യോഗസ്ഥർക്ക് കിട്ടുന്ന നിർദേശം. ബാങ്ക് വായ്പ, ജി.എസ്.ടി, ലേബർ ഡ്യൂസ്, കോടതി പിഴ, ബി.എസ്.എൻ.എൽ, കെ.എസ്.ഇ.ബി തുടങ്ങിയ നിരവധി ഇനങ്ങളിൽ നിന്നും കോടികളുടെ കുടിശ്ശിക പിടിച്ചെടുക്കാനുണ്ട്.
സാമ്പത്തിക വർഷം അവസാനിക്കുമ്പോഴും സർക്കാറിന് ഈയിനത്തിൽ ലഭിക്കേണ്ട തുകയുടെ പകുതിപോലും പിരിച്ചെടുക്കുന്നതിന് കണ്ണൂർ ഉൾപ്പെടെ മിക്ക ജില്ലകളിലും റവന്യൂ വകുപ്പിന് സാധിച്ചിട്ടില്ല. ജില്ലയിലെ ഗ്രാമീണ മേഖലയിലെ ഒരു വില്ലേജിൽ മാത്രം രണ്ടു കോടിയോളം കുടിശ്ശികയുള്ളതായാണ് വിവരം. ഇതേ തുടർന്നാണ് സർക്കാർ കടുത്ത സമ്മർദവുമായി രംഗത്തെത്തിയത്.
കഴിഞ്ഞ രണ്ടു വർഷങ്ങളിലുണ്ടായ കോവിഡ് കാരണം വൻ തുകയാണ് ബാങ്ക് വായ്പ ഇനത്തിലും മറ്റും കുടിശ്ശികയായത്. കോവിഡ് പ്രതിസന്ധി അവസാനിച്ചതോടെ നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം പിൻവലിച്ചു.
ഇതോടെ കുടിശ്ശിക പിരിച്ചെടുക്കാനുള്ള കടുത്ത നടപടിയുമായി മുന്നോട്ടുപോകാനാണ് റവന്യു ഉദ്യോഗസ്ഥർക്ക് ലഭിക്കുന്ന നിർദേശം. വില്ലേജ് ഓഫിസർമാരുടെ പ്രതിമാസ താലൂക്കുതല അവലോകന യോഗങ്ങളിൽ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ്, ഡെപ്യൂട്ടി കലക്ടർമാർ, ലീഡ് ബാങ്ക് മാനേജർമാർ തുടങ്ങിയ ഉന്നതർ നേരിട്ട് പങ്കെടുത്താണ് പിരിവിന് നിർദേശം നൽകുന്നത്.
ടാർഗറ്റ് കൈവരിക്കാൻ സാധിക്കാത്ത വില്ലേജ് ഓഫിസർമാർക്ക് കർശനനിർദേശം നൽകുകയും ചെയ്യുന്നുണ്ട്. ഇതോടെ എല്ലാ വില്ലേജ് ഓഫിസർമാരും വീഴ്ചവരുത്തുന്ന കുടിശ്ശികക്കാർക്കെതിരെ ജപ്തി നടപടികൾ ഉൾപ്പെടെയുള്ള കടുത്ത നിലപാട് സ്വീകരിക്കാൻ നിർബന്ധിതരായി.
ഉന്നത ഉദ്യോഗസ്ഥർ വില്ലേജ് തലത്തിൽ നേരിട്ട് വന്നു പിരിവ് നടപടികൾ അവലോകനം ചെയ്യുകയും പുരോഗതി കൈവരിക്കാൻ സാധിക്കാത്ത ജീവനക്കാർക്കെതിരെ വകുപ്പുതല നടപടി ഉൾപ്പെടെയുള്ളവ ശിപാർശ ചെയ്യുന്നതിനും നീക്കമുള്ളതായി അറിയുന്നു.
സർക്കാറിന്റെ സാമ്പത്തിക സ്ഥിതി മോശമായി തുടരുന്നതിനാൽ ശിക്ഷ നടപടികളിൽ നിന്നും രക്ഷപ്പെടുന്നതിനായി വില്ലേജ് ഓഫിസർമാരും ഇതര റവന്യൂ ജീവനക്കാരു പരക്കം പായുകയാണ്. നടപടികൾ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി ദേശസാൽകൃത ബാങ്കുകളും ജില്ല ഭരണകൂടവും പ്രത്യേകം വാഹനങ്ങൾ ഉൾപ്പെടെ പല വില്ലേജുകളിലേക്കും അനുവദിച്ചിട്ടുണ്ട്.
ബാങ്ക് വായ്പ കേസുകളിലും മറ്റും ഗഡു അനുവദിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈകോടതി വിധികൂടി വന്നതോടെ പൊതുജനങ്ങൾ ഏറെ പ്രയാസം അനുഭവിക്കേണ്ടി വരുന്നു. റബർ, നാളികേരം ഉൾപ്പെടെ കാർഷിക മേഖലയിലെ വിലത്തകർച്ചയും മറ്റും മലയോര മേഖലയിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ റവന്യൂ അധികൃതരുടെ നടപടികൾ കുടിശ്ശികക്കാരുടെ വൻ പ്രതിഷേധത്തിന് ഇടയാക്കുകയാണ്.
അതിനിടെ കുടിശ്ശികയിൽ ഗണ്യമായ ഇളവുകൾ നൽകി ഒറ്റത്തവണ തീർപ്പാക്കൽ സ്കീം മുഖേന കുടിശ്ശികകാർക്ക് അദാലത്തിലൂടെയും ബാങ്കുകളെ നേരിട്ട് സമീപിച്ചും കുടിശ്ശിക തീർപ്പാക്കാവുന്നതാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.