പയ്യന്നൂർ: ഉത്തരമലബാറിൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനുകളിലൊന്നായ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ ഇൻഫർമേഷൻ കൗണ്ടറിന് മരണമണി. 2020ലെ കോവിഡ് കാലം മുതൽ അടച്ചിടൽ ഭീഷണി നേരിടുന്ന കൗണ്ടർ പൂർണമായി അടക്കുന്നതിനുള്ള നീക്കം നടക്കുന്നതായാണ് സൂചന. ഇതിെൻറ ഭാഗമായി നാല് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി. രണ്ടുപേരെ നേരത്തെ സ്ഥലംമാറ്റിയിരുന്നു. ഇതിനുപുറമെയാണ് അവശേഷിക്കുന്ന രണ്ടുപേരെകൂടി കഴിഞ്ഞ ദിവസം മാറ്റിയത്. ഇതോടെയാണ് ഇൻഫർമേഷൻ കൗണ്ടർ ഇല്ലാതാക്കുന്നതിെൻറ മുന്നോടിയാണിതെന്ന സംശയം ബലപ്പെട്ടത്. രണ്ട് മാസങ്ങൾക്ക് മുമ്പ് രണ്ട് ജീവനക്കാരെ സ്ഥലംമാറ്റിയത് വാർത്തയായതിനെ തുടർന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും എം.എൽ.എമാരായ ടി.ഐ. മധുസൂദനൻ, എം. വിജിൻ, പയ്യന്നൂർ നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിത, വിവിധ ഗ്രാമപഞ്ചായത്ത് മേധാവികൾ തുടങ്ങിയവരും സന്നദ്ധസംഘടന പ്രവർത്തകരും റെയിൽവേ അധികൃതരെ പ്രതിഷേധമറിയിച്ചിരുന്നു. എന്നാൽ, ഇത് പരിഗണിച്ചില്ലെന്ന് മാത്രമല്ല, ഇപ്പോൾ നിലവിലുള്ള രണ്ട് ജീവനക്കാരെ കൂടി പയ്യന്നൂരിൽനിന്ന് സ്ഥലംമാറ്റി റെയിൽവേ അധികൃതർ സ്റ്റേഷന് ഇരുട്ടടി സമ്മാനിക്കുകയായിരുന്നു.
24 മണിക്കൂറും പ്രവർത്തിക്കുന്ന ഇൻഫർമേഷൻ കൗണ്ടറായിരുന്നു പയ്യന്നൂരിൽ ഉണ്ടായിരുന്നത്. ആദ്യമത് ടിക്കറ്റ് കൗണ്ടറിലേക്ക് മാറ്റി സേവനം വെട്ടിച്ചുരുക്കി. പകൽ സമയങ്ങളിൽ ഇൻഫർമേഷൻ കൗണ്ടറിൽ ഇപ്പോൾ ജീവനക്കാർ ഇല്ലാത്ത അവസ്ഥയാണ്. രാത്രിസമയം ഇപ്പോൾ കൗണ്ടറിലെ ഒരാൾ തൽക്കാലം ജോലിചെയ്യുന്നുണ്ട്. ഇതുകാരണം മറ്റ് ടിക്കറ്റ് കൗണ്ടറുകളിൽ തിരക്ക് കൂടുകയും ജീവനക്കാർക്കും യാത്രക്കാർക്കും ദുരിതമാവുകയും ചെയ്യുന്നു. പരമാവധി ജീവനക്കാരെ കുറക്കാനുള്ള നടപടിയാണ് റെയിൽവേ സ്വീകരിച്ചുവരുന്നത്. സ്ഥലംമാറി പോകുന്നവരെ സ്റ്റേഷനിൽ നിയമിക്കാതെ ട്രെയിനുകളിലാണ് നിയമിക്കുന്നത്. റിസർവേഷൻ ടിക്കറ്റ് മാത്രമുള്ളതുകൊണ്ട് െട്രയിനുകളിൽ കൂടുതൽ ടിക്കറ്റ് എക്സാമിനർമാരെ ആവശ്യമായിവരുന്നതാണ് കാരണം.
പയ്യന്നൂരിലെ മുൻകൂർ റിസർവേഷൻ കൗണ്ടറിലെയും സാധാരണ ടിക്കറ്റ് കൗണ്ടറിലെയും ജീവനക്കാർ ഇൻഫർമേഷൻ കൗണ്ടറിലും ഇപ്പോൾ ജോലിചെയ്യേണ്ടിവരുന്നു. ട്രെയിനുകൾ സാധാരണ ടിക്കറ്റിൽ യാത്രക്കാരെ കയറ്റി പൂർവസ്ഥിതി സ്ഥാപിച്ചാൽ ഇൻഫർമേഷൻ കൗണ്ടറിൽ ജീവനക്കാർ ഇല്ലാതാവുകയും എല്ലാസമയവും പ്രവർത്തിക്കാൻ സാധിക്കാത്ത സ്ഥിതിയാവുകയും ചെയ്യുമെന്ന് നാട്ടുകാർ പറയുന്നു. ക്രമേണ ജീവനക്കാരുടെ ഇല്ലായ്മ പറഞ്ഞ് കൗണ്ടർ ഇല്ലാതാക്കാനുള്ള നീക്കത്തിെൻറ ഭാഗമാണ് ഇതെന്ന് സംശയിക്കുന്നതായി സ്ഥിരയാത്രക്കാർ പറയുന്നു. ഇത് നിലനിർത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും സ്ഥലംമാറിപ്പോയ ജീവനക്കാർക്ക് പകരം ജീവനക്കാരെ പയ്യന്നൂരിൽ നിയമിക്കണമെന്നുമാണ് യാത്രക്കാർ ആവശ്യപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.