പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെ മോർച്ചറി ഫ്രീസറുകളുടെ തകരാർ പരിഹരിക്കാത്തത് പൊലീസിനെയും നാട്ടുകാരെയും വട്ടംകറക്കുന്നു. ആകെയുള്ള 12 ഫ്രീസറുകളിൽ നാലെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. എട്ടെണ്ണവും പണിമുടക്കിയിട്ട് മാസങ്ങളായി. ഇതോടെ മൃതദേഹങ്ങളുമായി നാടുചുറ്റേണ്ട സ്ഥിതിയിലാണ് നാട്ടുകാർ.
അജ്ഞാത മൃതദേഹങ്ങൾ കൂടുതൽ ദിവസങ്ങൾ സൂക്ഷിക്കേണ്ടിവരുമ്പോൾ മറ്റുള്ള മൃതദേഹവുമായി പൊലീസിനും നെട്ടോട്ടമോടേണ്ട സ്ഥിതിയാണ്. പലരും മൃതദേഹങ്ങളുമായി കണ്ണൂർ ഗവ. ജില്ല ആശുപത്രി മോർച്ചറിയിലേക്ക് പോവുകയാണ്. മൃതദേഹം സൂക്ഷിക്കണമെങ്കിൽ നാട്ടുകാർക്ക് സ്വകാര്യ ആശുപത്രികളിലെ ഫ്രീസർ ആശ്രയിക്കേണ്ടി വരുന്നു.
ആഴ്ചകൾക്കു മുമ്പ് ചീമേനിയിൽ കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളുടെയും ആത്മഹത്യ ചെയ്ത അമ്മയുടെയും മൃതദേഹങ്ങളുമായി പൊലീസ് നട്ടംതിരിഞ്ഞു. ജില്ല ആശുപത്രിയിലെ മോർച്ചറിയിലും മൃതദേഹങ്ങൾ നിറഞ്ഞതിനാൽ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെ സ്വകാര്യ മോർച്ചറിയിലാണ് മൃതദേഹങ്ങൾ പൊലീസ് കാവലിൽ സൂക്ഷിച്ചത്. കഴിഞ്ഞദിവസം ചെറുകുന്ന് പുന്നച്ചേരി അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാനും ഫ്രീസർ ഉണ്ടായിരുന്നില്ല. ഫ്രീസർ സൗകര്യം ഇല്ലാതെയാണ് സൂക്ഷിച്ചത്.
ഒരു മൃതദേഹം സൂക്ഷിക്കുന്നതിന് 1500 രൂപ വരെയാണ് സ്വകാര്യ ഫ്രീസറുകൾക്ക് നൽകേണ്ടത്. ഈ ബാധ്യതയും നാട്ടുകാർ വഹിക്കണം. ദൂരെ നിന്നു വരെ മൃതദേഹങ്ങളുമായി പൊലീസ് കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ എത്തുമ്പോഴാണ് മോർച്ചറി ഫ്രീസറുകൾ തകരാറിലാണെന്ന് അറിയുന്നത്. കഴിഞ്ഞ മൂന്നു മാസത്തിലേറെയായി ഇതാണ് അവസ്ഥ. പരിഹരിക്കാൻ ഉത്തരവാദപ്പെട്ടവർ നടപടിയെടുക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
എം.എൽ.സി കേസുകളിൽ മൃതദേഹം സുരക്ഷിതമായി സൂക്ഷിച്ച് ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടുനൽേകണ്ടത് പൊലീസിന്റെ ഉത്തരവാദിത്തമാണ്. അതീവ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. അജ്ഞാത മൃതദേഹം അഴുകുമ്പോൾ ഇവ സംസ്കരിക്കാൻ ഏറ്റെടുക്കുന്ന സന്നദ്ധ സംഘടനകളുടെ ഭാരവാഹികളാണ് പ്രയാസമനുഭവിക്കേണ്ടി വരുന്നത്.
ഫ്രീസറുകൾ അടിയന്തരമായി റിപ്പേർ ചെയ്യണമെന്ന ആവശ്യം അവഗണിക്കുകയാണ് അധികൃതരെന്ന് സംഘടനകൾ പറയുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുള്ള എം.എൽ.സി കേസുകൾ ഭൂരിഭാഗവും എത്തുന്നത് ഇവിടെ ആയതിനാൽ മോർച്ചറി ഫ്രീസറുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.