പയ്യന്നൂർ: ഗാന്ധിജി പയ്യന്നൂരിൽ മഹാത്മാവിന്റെ ഓർമകൾക്ക് ഒരു നാട്ടുമാവിന്റെ ഹരിത സുഗന്ധമുണ്ട്. മഹാത്മാഗാന്ധി നട്ടുനനച്ച മാവാണ് നവതിയിലേക്ക് കടക്കുമ്പോഴും ചരിത്രത്തിന് സുഗന്ധശോഭ നൽകി പടർന്നു പന്തലിക്കുന്നത്.
നിരവധി ചരിത്ര മുഹൂർത്തങ്ങൾക്കും നവോത്ഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ ഗാന്ധി മാവ് ചരിത്രവിദ്യാർഥികൾക്ക് എന്നും വിജ്ഞാനത്തിന്റെയും ദീപ്തസ്മൃതിയുടെയും വൈകാരികതയുടെയും തണലാണ്.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി അനുയായികൾക്കൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തിച്ചേർന്നു. ദൃഷ്ടിയിൽപ്പെട്ടാൽ പോലും അയിത്തം കൽപിച്ച് ശിക്ഷവിധിച്ച് അരികിലേക്ക് മാറ്റിനിർത്തപ്പെട്ട ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുവിന്റെ അവസാന ശിഷ്യനായ സ്വാമി ആനന്ദതീർഥൻ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയം കാണാനാണ് പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും ചെയ്തു. ഈ കുറിപ്പ് പുസ്തകം ഇന്നും ആശ്രമത്തിൽ അമൂല്യ നിധിയായി സൂക്ഷിക്കുന്നുണ്ട്.
സന്ദർശനത്തിന്റെ ഓർമക്കായാണ് ഗാന്ധിജി ആശ്രമവളപ്പിൽ മാവിൻതൈ നട്ടത്. പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധി മാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കുക പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.