പയ്യന്നൂർ (കണ്ണൂർ): പയ്യന്നൂരിൽ മഹാത്മാവിെൻറ ഓർമകൾക്ക് ഒരു നാട്ടുമാവിെൻറ ഹരിത സുഗന്ധമുണ്ട്. മഹാത്മഗാന്ധി നട്ടുനനച്ച മാവാണ് 87ാം വയസ്സിലും ചരിത്രത്തിന് സുഗന്ധശോഭ നൽകി പടർന്നുപന്തലിച്ച് പൂത്തുലയുന്നത്. നിരവധി ചരിത്രമുഹൂർത്തങ്ങൾക്കും നവോത്ഥാന പോരാട്ടങ്ങൾക്കും മൂകസാക്ഷിയായ പയ്യന്നൂരിലെ 'ഗാന്ധിമാവ്' ചരിത്ര വിദ്യാർഥികൾക്ക് എന്നും വിജ്ഞാനത്തിെൻറയും ദീപസ്മൃതിയുടെയും വൈകാരികതയുടെയും തണലാണ്. പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിെൻറ അഗ്നികോണിൽ മഹാത്മഗാന്ധി നട്ടു വെള്ളമൊഴിച്ച നാട്ടുമാവ് പ്രായത്തിന് വഴങ്ങാതെ ഇന്നും ഹരിതകാന്തി വിടർത്തി നിലനിൽക്കുന്നു.
1934 ജനുവരി 12നാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ വണ്ടിയിറങ്ങിയ ഗാന്ധിജി ആരാധക വൃന്ദത്തോടൊപ്പം പയ്യന്നൂർ ശ്രീനാരായണ വിദ്യാലയത്തിൽ എത്തുകയായിരുന്നു. ദലിത് കുടുംബങ്ങളിലെ കുട്ടികളെ താമസിപ്പിച്ച് വിദ്യാഭ്യാസം നൽകുന്നതിന് ശ്രീനാരായണ ഗുരുവിെൻറ അവസാന ശിഷ്യൻ സ്വാമി ആനന്ദ തീർഥനാണ് ശ്രീനാരായണ വിദ്യാലയം സ്ഥാപിച്ചത്. ഇതറിഞ്ഞാണ് ഗാന്ധിജി പയ്യന്നൂരിലെത്തിയത്. സ്വാമിയുടെ പ്രവർത്തനത്തെ അഭിനന്ദിച്ച ഗാന്ധിജി അത് സന്ദർശക പുസ്തകത്തിൽ കുറിക്കുകയും ചെയ്തു. ഈ കുറിപ്പ് പുസ്തകം ഇന്നും ആശ്രമത്തിൽ അമൂല്യനിധിയായി സൂക്ഷിക്കുന്നുണ്ട്.
സന്ദർശനത്തിെൻറ ഓർമക്കായാണ് ഗാന്ധിജി ആശ്രമ വളപ്പിൽ മാവിൻതൈ നട്ടത്. ആശ്രമാധികാരികൾ പരിപാലിച്ച മാവ് മധുരഫലത്തോടൊപ്പം മധുരം നിറഞ്ഞ ഓർമകളും നൽകി 87 വർഷത്തിനുശേഷവും നിലനിൽക്കുന്നു. ഗാന്ധിജിയുടെ മരണശേഷം ചിതാഭസ്മവും കൊണ്ടുവന്ന് മാവിൻചുവട്ടിൽ സ്ഥാപിച്ചു. ചിതാഭസ്മ പേടകം സ്ഥാപിച്ച മണ്ഡപവും ഇവിടെയുണ്ട്.
പയ്യന്നൂരിലെത്തുന്ന സഞ്ചാരികളും ചരിത്ര സ്നേഹികളും ഗാന്ധിമാവും ശ്രീനാരായണ വിദ്യാലയവും സന്ദർശിക്കുക പതിവാണ്. 1928ൽ ജവഹർലാൽ നെഹ്റു പങ്കെടുത്ത കെ.പി.പി.സി സമ്മേളനവും തുടർന്നുള്ള ഗാന്ധിജിയുടെ സന്ദർശനവുമാണ് പയ്യന്നൂരിനെ ദേശീയ പ്രസ്ഥാനത്തിന് വളക്കൂറുള്ള മണ്ണാക്കിമാറ്റിയത്. ക്വിറ്റിന്ത്യ സമരം, കേളപ്പജിയുടെ നേതൃത്വത്തിലുള്ള ഉപ്പു നിയമ ലംഘനം തുടങ്ങിയ സമരപരിപാടികൾ ഇതിനു തുടർച്ചയാണ്. ഇക്കുറി പയ്യന്നൂരിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. പയ്യന്നൂരിലെ പഴയ പൊലീസ് സ്റ്റേഷൻ ഗാന്ധിസ്മൃതി മ്യൂസിയമാക്കി പൊതുജനങ്ങൾക്ക് തുറന്നുകൊടുത്തത് കഴിഞ്ഞയാഴ്ചയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.