പയ്യന്നൂർ: കുഞ്ഞിമംഗലം വണ്ണാച്ചാലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് വീടുകൾ തകർന്നു. ആർക്കും പരിക്കില്ല. അടുത്തടുത്തുള്ള രണ്ട് വീടുകൾക്ക് സാരമായ നാശനഷ്ടം സംഭവിച്ചു. പി.വി. കമലാക്ഷിയുടെ വീട്ടിലെ നിറയെ വാതകമുള്ള സിലിണ്ടറാണ് വെള്ളിയാഴ്ച പുലർച്ച 12.45ന് പൊട്ടിത്തെറിച്ചത്. കമലാക്ഷിയുടെ വീടിനും ബന്ധു പി.വി. പവിത്രെൻറ തൊട്ടടുത്ത വീടിനുമാണ് നാശം സംഭവിച്ചത്. ഉഗ്രശബ്ദം കേട്ടാണ് വീട്ടുകാർ ഉണർന്നത്.
കമലാക്ഷിയുടെ വീടിനോടുചേർന്ന വർക്ക് ഏരിയയാണ് അടുക്കളയായി ഉപയോഗിക്കുന്നത്. ഇതിനകത്ത് സ്റ്റൗ വെക്കുന്ന കോൺക്രീറ്റ് തട്ടിനുതാഴെ ഉപയോഗിക്കാൻ കൊണ്ടുവെച്ച പുതിയ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സിലിണ്ടർ പൂർണമായും തകർന്നു. തൊട്ടടുത്ത് ഉപയോഗിച്ചുകൊണ്ടിരുന്ന സിലിണ്ടർ വളഞ്ഞ നിലയിലാണ്. കമലാക്ഷിയുടെ വീടിെൻറ അടുക്കള ഭാഗം പൂർണമായി തകർന്നു.
ഗ്രിൽസുകളും കല്ലുകളും ഇളകി. ഇതിനു പുറമെ വീടിെൻറ നിരവധി ജനൽ ഗ്ലാസുകളും മുകൾനിലയിലെ മച്ചും തകർന്നുവീണു.പവിത്രെൻറ വീടിെൻറ 14ഓളം ജനൽ ഗ്ലാസുകൾ തകർന്നു. ബോംബ് സ്ഫോടനത്തിെൻറ പ്രതീതിയാണുണ്ടായതെന്ന് വീട്ടുകാരനായ പ്രിയേഷ് 'മാധ്യമ'ത്തോടു പറഞ്ഞു. വിവരമറിഞ്ഞ് പയ്യന്നൂർ പൊലീസ് രാത്രിതന്നെ സ്ഥലത്തെത്തി.
പകൽ പാചകവാതക കമ്പനി അധികൃതരും സ്ഥലത്തെത്തി. അത്യപൂർവമായാണ് ഈ രീതിയിൽ സിലിണ്ടറുകൾ പൊട്ടാറുള്ളതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രാത്രിയായതിനാൽ അടുക്കളയിൽ ആളുകളില്ലാത്തതും തീയില്ലാത്തതുമാണ് വൻദുരന്തത്തിന് തടയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.