പയ്യന്നൂർ: കണ്ണൂർ സൈബർ പാർക്കിനായി എരമം പുല്ലുപാറയിൽ കണ്ടെത്തിയ ഭൂമി വ്യവസായ വകുപ്പിന് കൈമാറുന്നതിനുള്ള നടപടികൾ വേഗത്തിലാക്കും. നിയമസഭയിൽ ഇതു സംബന്ധിച്ച് ടി.ഐ. മധുസൂദനൻ എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിൽ വ്യവസായ മന്ത്രിയാണ് ഇക്കാര്യമറിയിച്ചത്.
പയ്യന്നൂർ മണ്ഡലത്തിൽ എരമം-കുറ്റൂർ പഞ്ചായത്തിലെ പുല്ലുപാറയിലാണ് 2007ൽ കണ്ണൂർ സൈബർ പാർക്ക് സ്ഥാപിക്കുന്നതിനായി 25 ഏക്കർ ഭൂമി ഏറ്റെടുത്തത്. പദ്ധതി ആരംഭിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ പൂർത്തിയാക്കുകയും നിർമാണം ആരംഭിക്കുകയും ചെയ്തു. പിന്നീട് ഗ്രാമീണ മേഖലയിൽ ഐ.ടി പാർക്കുകൾ വിജയകരമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചു.
ലക്ഷങ്ങളാണ് ഇതിനായി തുലച്ചത്. ഈ സ്ഥലത്തിന് അനുയോജ്യമായ പദ്ധതിയെ കുറിച്ച് സാധ്യതപഠനം നടത്തുന്നതിന് കിൻഫ്രയെ ചുമതലപ്പെടുത്തി. പഠനത്തിൽ ഇവിടം ചെറുകിട വ്യവസായ പാർക്കുകൾ തുടങ്ങാൻ അനുയോജ്യമാണെന്ന് കണ്ടെത്തി. നിർദിഷ്ട ഭൂമി പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതിനാൽ വ്യവസായ മേഖലക്കായി മാറ്റിയെടുക്കേണ്ടതുണ്ട്.
വ്യവസായ മന്ത്രിയുടെയും ടി.ഐ. മധുസൂദനൻ എം.എൽ.എയുടെയും സാന്നിധ്യത്തിൽ ഉന്നതതല ഉദ്യാഗസ്ഥരുടെ യോഗം ചേരുകയും നിർദിഷ്ട ഭൂമി പ്രത്യേക സാമ്പത്തിക മേഖലയിൽനിന്ന് ഒഴിവാക്കുന്നതിന് ചെലവാകുന്ന 1.52 കോടി രൂപ കിൻഫ്ര വഹിക്കാനും തീരുമാനിച്ചു.
നടപടികൾ പൂർത്തിയാകുന്നതോടെ കിൻഫ്രയുടെ നേതൃത്വത്തിൽ വ്യവസായ പാർക്ക് തുടങ്ങുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്ന് സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.