പയ്യന്നൂർ: തറ മുതൽ കെട്ടിടച്ചുമരുവരെ കാട്, മാലിന്യ കൂമ്പാരങ്ങൾ, ദുർഗന്ധം വമിക്കുന്ന ചളിക്കുളം. ഇത് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് കാമ്പസിന്റെ നേർച്ചിത്രം. പിന്നെങ്ങനെ ആശുപത്രിയിൽ പാമ്പു കയറാതിരിക്കുമെന്ന് നാട്ടുകാർ.
ഇഴ ജന്തുക്കളുടെ വിഹാര രംഗമാവുകയാണ് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് പരിസരം. പരിസര ശുചീകരണമെന്നത് മുൻഭാഗത്തു മാത്രം ഒതുങ്ങുന്നു. കഴിഞ്ഞ ദിവസം രാത്രിയിൽ അഞ്ചാം നിലയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗം വരെയെത്തി വിഷപ്പാമ്പ്. പാമ്പ് ഇവിടെ വരെയെത്തിയത് രോഗികളെയും കൂട്ടിരിപ്പുകാരെയും ആശുപത്രി ജീവനക്കാരെയും ഭീതിയിലാക്കിയിരിക്കുകയാണ്.
ആശുപത്രി പരിസരം വൃത്തിഹീനമായ നിലയിലാണ്. കെട്ടിടങ്ങളുടെ പിൻ ഭാഗങ്ങളിലെ മിക്കയിടങ്ങളും കാടുകയറിയ നിലയിലാണ്. അതിൽ പാമ്പ് ഉൾെപ്പടെയുള്ള ഇഴജന്തുക്കൾ വിഹരിക്കുന്നു. ഇവ ആശുപത്രി കെട്ടിടത്തിന്റെ ഏത് നിലയിലേക്കും ചെന്നെത്താവുന്ന സ്ഥിതിയാണ്. ദിവസങ്ങൾക്കുമുമ്പും കാർഡിയോളജി വിഭാഗത്തിലെ സി. ബ്ലോക്ക് വാർഡിൽനിന്ന് പാമ്പിനെ പിടികൂടിയിരുന്നു. കുട്ടികളുടെ ഹോസ്റ്റൽ മുറികളിലും പാമ്പുകൾ നിത്യ സന്ദർശകരാണ്. കാടു മൂടിയും മാലിന്യങ്ങൾ നിറഞ്ഞതുമായ ആശുപത്രി പരിസരം എത്രയും പെട്ടെന്നുതന്നെ ശുചീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് പൊതുജനങ്ങൾ ആവശ്യപ്പെടുന്നു. സഹകരണ മേഖലയിലായപ്പോൾ ചെടികൾ നട്ടും തോട്ടങ്ങൾ ഉണ്ടാക്കിയും സൗന്ദര്യവത്കരിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഇപ്പോൾ കാടിന്റെ അധിനിവേശമാണ്.
ചിലയിടങ്ങൾ വള്ളിപ്പടർപ്പുകൾ കയറുന്നു. കെട്ടിടാവശിഷ്ടങ്ങളാണ് മറ്റൊരു വില്ലൻ. വർഷങ്ങൾക്കു മുമ്പു തുടങ്ങിയ നവീകരണം ഇപ്പോഴും ഇഴയുകയാണ്. ഇതും വൃത്തിഹീനമാവാൻ കാരണമാണ്. മുമ്പ് പരിസരത്തെ വൃത്തിഹീനമായ മാലിന്യങ്ങൾ കാരണം പിഴയൊടുക്കിയ സ്ഥാപനമാണ് ഗവ. മെഡിക്കൽ കോളജ്. പൂന്തോട്ടമില്ലെങ്കിലും ചെത്തിപ്പറിച്ച് വൃത്തിയാക്കുകയെങ്കിലും വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.