പയ്യന്നൂർ: ജില്ലയിൽ ഏറെ പേരെ ആകർഷിക്കുന്ന കമനീയ കാഴ്ചയാണ് കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ പാണപ്പുഴ പറവൂർ കാരക്കുണ്ട് വെള്ളച്ചാട്ടം. ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും നൂറുകണക്കിന് സഞ്ചാരികളാണ് ഇവിടെയെത്തുന്നത്. വെള്ളച്ചാട്ടത്തിൽ കുളിച്ചും താഴെയുള്ള ജലാശയത്തിൽ നീന്തിയും നാട് ആഘോഷിക്കുന്നു. ഇതാണ് താൽക്കാലികമായി അടച്ചിട്ടത്. ഏറെ ഉയരത്തിൽ നിന്ന് പതിക്കുന്ന ജലകാഴ്ച കമനീയമാണ്. അടുത്തൊന്നും ഇത്ര ഉയരത്തിൽ നിന്ന് ചാടുന്ന ജല സമൃദ്ധിയില്ല. മഴക്കാലത്ത് തടിച്ചു കൊഴുക്കുന്നതിനാൽ ഈ സമയത്താണ് സഞ്ചാരികൾ കൂടുതലായി എത്തുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച കുട്ടി കുളിച്ചതിനാലാണ് കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം തടഞ്ഞത്. ഇവിടത്തെ ഉൾപ്പെടെ മൂന്നിടങ്ങളില്‍ നിന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനക്കായി വെള്ളം ശേഖരിച്ചിട്ടുണ്ട്. കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കാരക്കുണ്ട് വെള്ളച്ചാട്ടം കാണാനെത്തിയ കുട്ടി രക്ഷിതാക്കളോടൊപ്പം കുളിച്ചിരുന്നതായാണ് പറയുന്നത്. വെള്ളച്ചാട്ടത്തിന് മുകളിലെ പഴയ കുളം, കുട്ടിയുടെ വീട്ടിലെ കിണര്‍ എന്നിവിടങ്ങളില്‍ നിന്നാണ് വെള്ളം ശേഖരിച്ചത്. ഇത് പുതുച്ചേരിയിലെ വിനായക മെഡിക്കല്‍ കോളജിലെ ലാബിലായിരിക്കും പരിശോധിക്കുക.
കണ്ണൂര്‍ ഡി.എം.ഒ ഓഫിസിലെ ഉദ്യോഗസ്ഥന് പരിശോധനക്കായി സാമ്പിള്‍ നേരിട്ട് അവിടെ എത്തിക്കുകയാവും ചെയ്യുക. ഞായറാഴ്ച വൈകീട്ടോടെ റിപ്പോര്‍ട്ട് ലഭിച്ചേക്കുമെന്ന് കരുതുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. ജില്ല എപ്പിഡമോളജിസ്റ്റ് ജി.എസ്. അഭിഷേക്, ജില്ല മലേറിയ ഓഫിസര്‍ കെ.കെ. ഷിനി, ടെക്നിക്കല്‍ അസിസ്റ്റന്റ് പി. രാധാകൃഷ്ണന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വിജേഷ് എന്നിവരാണ് ഡി.എം.ഒയുടെ ഉത്തരവു പ്രകാരം പരിശോധനക്ക് എത്തിയത്.
കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. രഞ്ജിത്ത് കുമാര്‍, ആലക്കാട് മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. അനീഷ്, ജെ.എച്ച്.ഐ ശ്രീജേഷ് ശ്രീ വിജയ് എന്നീ ആരോഗ്യ പ്രവര്‍ത്തകരും കടന്നപ്പള്ളി-പാണപ്പുഴ, പരിയാരം ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തിയിരുന്നു.
പരിശോധന ഫലം പുറത്തുവരുന്നതുവരെ കാരക്കുണ്ട് വെള്ളച്ചാട്ടത്തിലേക്കുള്ള പ്രവേശനം താല്‍ക്കാലികമായി നിരോധിച്ചതായി കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. സുലജ പറഞ്ഞു. മണ്‍സൂൺ കാലങ്ങളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും സഞ്ചാരികള്‍ എത്തിച്ചേരുന്ന സ്ഥലമാണ് കാരക്കുണ്ട് വെള്ളച്ചാട്ടമെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.