പയ്യന്നൂർ: സമരപാതയിൽ വെടിയേറ്റ് സഹനപർവത്തിൽ കാൽ നൂറ്റാണ്ടിലധികം കഴിഞ്ഞ് പുഷ്പൻ അരങ്ങൊഴിയുമ്പോൾ, സഹകരണ മേഖലയിലെ ഇന്ത്യയിലെ പ്രഥമ സ്വാശ്രയ കോളജ് ഇന്ന് സർക്കാർ മെഡിക്കൽ കോളജാണ്. രണ്ടു പതിറ്റാണ്ടിലധികം പിന്നിട്ടാണ് അന്ന് കൂത്തുപറമ്പ് രക്തസാക്ഷികൾ ഉയർത്തിയ മുദ്രാവാക്യം യാഥാർഥ്യമായത്.
പരിയാരത്തെ മുൻ ടി.ബി. സാനട്ടോറിയത്തിൽനിന്ന് സർക്കാറിലേക്ക് ലഭിച്ച സ്ഥലത്ത് അന്നത്തെ സി.പി.എമ്മിന്റെ ‘വർഗ ശത്രു’ എം.വി. രാഘവനും സംഘവും സ്വകാര്യ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സി.പി.എമ്മും ഡി.വൈ.എഫ്.ഐയും സമരരംഗത്തിറങ്ങിയത്. ശക്തമായ സമരമാണ് സി.പി.എമ്മും ബഹുജന സംഘടനകളും അന്ന് കേരളത്തിൽ നടത്തിയത്.
കോളജ് ഉദ്ഘാടന വേളയിൽ പുറത്ത് സി.പി.എം സമരത്തിലായിരുന്നു. ഇതുകാരണം ഉദ്ഘാടകനായ കേന്ദ്രമന്ത്രി ഹെലികോപ്റ്ററിലാണ് കോളജിലെത്തിയത്. 40 ദിവസത്തോളം നീണ്ട സമരം നടത്തിയിട്ടും സർക്കാറോ എം.വി. രാഘവനോ കീഴടങ്ങിയില്ല. ഇതിനു തുടർച്ചയായാണ് കൂത്തുപറമ്പ് വെടിവെപ്പു നടക്കുന്നതും പുഷ്പനുൾപ്പെടെ വെടിയേൽക്കുന്നതും.
സ്വാശ്രയ കോളജിനെതിരെ സമരംചെയ്ത സി.പി.എം മെഡിക്കൽ കോളജിന്റെ ഭരണത്തിലെത്തുകയും പഴയ നിയമത്തിൽ കൈവെക്കാതെ സ്വാശ്രയ ഫീസിൽ തന്നെ പ്രവേശം നടത്തി എന്നതും മറ്റൊരു വിരോധാഭാസം. 2019ൽ മാത്രമാണ് സ്ഥാപനം സർക്കാർ ഏറ്റെടുക്കുന്നത്. അതുവരെ സ്വാശ്രയ കോളജായിതന്നെ പരിയാരം മെഡിക്കൽ കോളജ് നിലനിന്നു.
സ്ഥാപനം സഹകരണ മേഖലയിലാണ് പ്രവർത്തിച്ചതെങ്കിലും കോളജ് സ്വകാര്യ സ്വഭാവമുള്ള ട്രസ്റ്റിന് കീഴിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് സി.പി.എം സമരം സംഘടിപ്പിച്ചത്. സർക്കാർ സ്ഥലവും പഴയ കെട്ടിടവും ഉപയോഗപ്പെടുത്തിയുള്ള സ്ഥാപനം പൂർണമായും സർക്കാർ മേഖലയിലാവണമെന്ന് വാദിച്ചു.
എന്നാൽ രണ്ടര പതിറ്റാണ്ടിനു ശേഷം മാത്രമാണ് ഇത് യാഥാർഥ്യമായത്. അതേസമയം, സ്ഥാപനം സർക്കാർ മേഖലയിലായെങ്കിലും ചികിത്സയും അടിസ്ഥാന സൗകര്യവും കൂടുതൽ മെച്ചപ്പെട്ടില്ല എന്ന യാഥാർഥ്യവും നിലനിൽക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.