പയ്യന്നൂർ: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍നിന്ന് പി.ജി വിദ്യാര്‍ഥിനിയുടെ ലാപ്ടോപ് മോഷ്ടിച്ച തമിഴ്നാട് സ്വദേശി അറസ്റ്റിൽ. സേലം തിരുവാരൂരിലെ തമിഴ്സെല്വന് കണ്ണനാണ് (25) പരിയാരം പൊലീസിെൻറ പിടിയിലായത്. കഴിഞ്ഞ മാസം 28നായിരുന്നു കവർച്ച.
പി.ജി വിദ്യാര്‍ഥിനി ഡോ. അശ്വതി നാട്ടില്‍ പോയപ്പോഴാണ് എട്ടാം നിലയിലെ ഹോസ്റ്റലിെൻറ മുറിയുടെ പൂട്ട് തകര്‍ത്ത് 40,000 രൂപ വിലവരുന്ന ലാപ്ടോപ് കവർന്നത്. ഇയാള്‍ മോഷണം നടത്തി ഇറങ്ങിപ്പോകുന്ന ദൃശ്യങ്ങള്‍ നിരീക്ഷണ കാമറ പരിശോധിച്ചപ്പോൾ ലഭിച്ചിരുന്നു. സൈബര്‍ സെല്ലിെൻറ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തമിഴ്സെല്വന് സേലത്ത് പിടിയിലായത്.
മേയ് 28ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിലെത്തിയ 40 പേരില്‍ 39 പേരുടെയും ഫോണ്‍ നമ്പര്‍ സൈബര്‍ സെല്‍വഴി ശേഖരിച്ച് വിളിച്ചു. 39 പേരും ഫോണ്‍ അറ്റന്‍ഡ് ചെയ്തുവെങ്കിലും തമിഴ്സെല്വെൻറ ഫോൺ മാത്രം സ്വിച്ച് ഒാഫായിരുന്നു. തുടര്‍ന്ന് ഇയാളുടെ കാൾ വിശദാംശങ്ങളെടുത്ത് പരിശോധിച്ചപ്പോഴാണ് പൊലീസിന് തെളിവ് ലഭിച്ചത്.
സേലത്തുനിന്ന് പിടികൂടിയ പ്രതിയെ പൊലീസ് പരിയാരത്തെത്തിച്ച് ചോദ്യംചെയ്യുകയായിരുന്നു. അതേസമയം, ഈ മാസം ഏഴിന് മെഡിക്കല്‍ കോളജ് ഓപറേഷന് തിയറ്ററില്‍നിന്ന് കാണാതായ വിഡിയോ ലാവിഞ്ചോസ്കോപ്പി എന്ന ഉപകരണം മോഷ്ടിച്ചത് തമിഴ്സെല്വന് അല്ലെന്നാണ് പൊലീസ് പറയുന്നത്. മറ്റ് പല കവർച്ചകളിലും ഇയാൾ പ്രതിയാണ്.
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് വിദ്യാർഥി അശ്വതിയുടെ ലാപ്ടോപ് മോഷ്ടിച്ച തമിഴ്സെല്വന് കണ്ണന് പ്രതികാരത്തിനായി ലാപ്ടോപ് കവരുന്നത് പതിവാക്കിയ വിരുതനാണ്.
കഴിഞ്ഞ ആറുവര്‍ഷത്തിനിടയില്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥികളുടെ 500ലേറെ ലാപ്ടോപ്പുകള് മോഷ്ടിച്ചതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച തമിഴ്നാട്ടിലെ സേലത്തുവെച്ച് പിടിയിലായ ഇയാളെ ചോദ്യംചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ പുറത്തുവന്നത്.
2015ല്‍ തെൻറ കാമുകിക്കുനേരെ സൈബര്‍ ഭീഷണി മുഴക്കിയത് ചോദ്യം ചെയ്തതിന് ചില മെഡിക്കല്‍ വിദ്യാര്‍ഥികള്‍ തമിവ്സെല്വനോട് മോശമായി പെരുമാറിയിരുന്നുവത്രെ. ഇതോടെയാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മെഡിക്കല്‍ കോളജ് ഹോസ്റ്റലുകളില്‍ചെന്ന് മെഡിക്കല്‍ വിദ്യാര്‍ഥികളുടെ ലാപ്ടോപ്പുകള് മോഷ്ടിക്കാന്‍ പ്രതികാരബുദ്ധിയോടെ ഇറങ്ങിത്തിരിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മോഷണം നടത്തിയ വിവരം പ്രതി പൊലീസിനോട് പറഞ്ഞു. കൂടുതല്‍ മോഷണങ്ങളും നടത്തിയത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ്.
കഴിഞ്ഞവര്‍ഷം ഗുജറാത്തിലെ ജാംനഗറില്‍ സമാനമായ മോഷണം നടത്തിയതിന് ഇയാൾ പിടിയിലായിരുന്നു. ജാംനഗറിലെ എം.പി. ഷാ മെഡിക്കല്‍ കോളജില്‍നിന്ന് 2020 ഡിസംബറില്‍ ആറ് ലാപ്ടോപ്പുകള് കവര്‍ന്നതിനായിരുന്നു അറസ്റ്റ്. ഇൻറര്‍നെറ്റ് വഴി വിവിധ സ്ഥലങ്ങളിലെ മെഡിക്കല്‍ കോളജുകളുടെ വിലാസം ശേഖരിച്ചാണ് കവര്‍ച്ചക്കെത്തുന്നത്.
പഠനത്തിനായി ലാപ്ടോപ്പുകളില് ശേഖരിച്ചുവെക്കുന്ന വിവരങ്ങള്‍ നഷ്ടപ്പെടുന്നതോടെ വിദ്യാര്‍ഥികള്‍ പഠനരംഗത്ത് സംഘര്‍ഷം അനുഭവിക്കുകയും മാനസികമായി തളരുകയും ചെയ്യും. ഇതിലൂടെയാണ് തമിഴ്സെല്വന് കണ്ണന് തെൻറ പ്രതികാരം പൂര്ത്തീകരിച്ചിരുന്നതത്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.