പയ്യന്നൂർ: ഓട്ടോ ഓടിച്ച് ജീവിക്കാൻ അംഗത്വം എടുക്കണമെന്ന സി.ഐ.ടി.യു നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂനിയൻ (ഐ.എൻ.ടി.യു.സി) ജില്ല നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കാങ്കോൽ പേരാലിലെ ഓട്ടോ ഡ്രൈവർ എം.കെ. രാജനെ കാങ്കോൽ സ്റ്റാൻഡിൽ പാർക്കുചെയ്ത് ഓട്ടോ ഓടിക്കാൻ സി.ഐ.ടി.യു അനുവദിക്കുന്നില്ലെന്ന ആരോപണവുമായാണ് ഐ.എൻ.ടി.യു.സി രംഗത്തെത്തിയത്.
നേരത്തെ സി.ഐ.ടി.യു അംഗമായിരുന്ന രാജൻ പിന്നീട് ഐ.എൻ.ടി.യു.സിയിൽ ചേരുകയായിരുന്നു. ഓട്ടോ ഓടിക്കുന്നത് സംബന്ധിച്ച് ജില്ല കലക്ടർ, ആർ.ടി.ഒ തുടങ്ങിയവർക്ക് പരാതി നൽകിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന് രാജൻ പറയുന്നു. നേരത്തെ പയ്യന്നൂരിൽ ഓട്ടോ ഓടിച്ചിരുന്ന രാജന് രണ്ടുവർഷം മുമ്പാണ് അർബുദ രോഗം ബാധിച്ചത്. ഇതോടെ ഓട്ടോ വിൽക്കുകയും ജോലി മതിയാക്കുകയും ചെയ്തു. ചികിത്സയിൽ രോഗം ഭേദമായതോടെ പുതിയ ഓട്ടോ വാങ്ങി വീട്ടിനടുത്തുള്ള കാങ്കോൽ ടൗണിലെ ഓട്ടോ സ്റ്റാൻഡിൽ ഓടിക്കുന്നതോടെയാണ് തർക്കം ഉടലെടുത്തത്.
അതേസമയം, കാങ്കോൽ സ്റ്റാൻഡിൽ സി.ഐ.ടി.യു അംഗത്വമെടുക്കാനല്ല ആവശ്യപ്പെട്ടതെന്നും ഓരോ സ്റ്റാൻഡിലും അവരുടേതായ ചില ചിട്ടകളും രീതികളും ഉണ്ടെന്നും അതുപറയുക മാത്രമാണുണ്ടായതെന്നും സി.ഐ.ടി.യു നേതാക്കൾ പറയുന്നു. കാങ്കോൽ സ്റ്റാൻഡിൽ തൊഴിലാളികൾക്ക് ക്ഷേമനിധിയും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. ഇതിലേക്ക് തൊഴിലാളികൾ അവരവരുടെ വിഹിതം നൽകാറുണ്ട്. സ്റ്റാൻഡിലെ മറ്റ് ഡ്രൈവർമാർ പിന്തുടരുന്ന മാതൃക പാലിക്കണമെന്ന് മാത്രമാണ് ആവശ്യപ്പെട്ടതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം അവാസ്തവമാണെന്നും ഓട്ടോ കോഓഡിനേഷൻ ജില്ല സെക്രട്ടറിയും സി.ഐ.ടി.യു നേതാവുമായ യു.വി. രാമചന്ദ്രൻ പറഞ്ഞു.
എന്നാൽ, സി.ഐ.ടി.യു നേതാവ് പറയുന്നത് ശരിയല്ലെന്നും യൂനിയൻ ജില്ല പ്രസിഡന്റ് ഡോ. ജോസ് ജോർജും സെക്രട്ടറി സുരേഷ് കാനായിയും സി.ഐ.ടി.യു നേതാക്കളോട് നേരിട്ട് അഭ്യർഥിച്ചെങ്കിലും കാൻസർ രോഗി കൂടിയായ രാജന് ജോലി ചെയ്ത് ഉപജീവനം നടത്താനുള്ള സാഹചര്യം അനുവദിച്ചില്ലെന്ന് ഐ.എൻ.ടി.യു.സി നേതാക്കൾ ആരോപിച്ചു.
വാർത്തസമ്മേളനത്തിൽ ജില്ല പ്രസിഡന്റ് ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം, നേതാക്കളായ എ.പി. നാരായണൻ, സുരേഷ് കാനായി, ടി.വി. ഗംഗാധരൻ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.