പയ്യന്നൂർ: നീണ്ടുപോകുന്ന അറ്റകുറ്റപ്പണികൾക്കിടെ ജനങ്ങളെ ദുരിതപ്പടികൾ കയറ്റി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളും. പുതുതായി സ്ഥാപിച്ച രണ്ട് ലിഫ്റ്റുകൾ ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം നിലച്ചതാണ് രോഗികൾ ദുരിതത്തിലാവാൻ കാരണം. കഴിഞ്ഞ ദിവസമാണ് പുതിയ ലിഫ്റ്റുകൾ പണിമുടക്കിയത്. മിന്നലാണ് ലിഫ്റ്റ് പണിമുടക്കാൻ കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ, കോളജിന്റെ തുടക്കം മുതൽ പ്രവർത്തിച്ചിരുന്ന ലിഫ്റ്റുകൾ വലിയ മിന്നലുകളെ അതിജീവിച്ചവയായിരുന്നു. കാലപ്പഴക്കം മാത്രമാണ് ഇവയുടെ പ്രവർത്തനം തടസ്സപ്പെടാൻ കാരണം.
നവീകരണത്തിന്റെ ഭാഗമായി മാസങ്ങൾക്ക് മുമ്പാണ് പുതിയ ലിഫ്റ്റുകൾ സ്ഥാപിച്ചത്. ഇവയാണ് മിന്നലിൽ ചത്തത്. റേഡിയോ തെറപ്പി യൂനിറ്റു ഭാഗത്തെ ഒരു ലിഫ്റ്റ് മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇതും പലപ്പോഴും പണിമുടക്കുന്ന സ്ഥിതിയുണ്ട്. കാലപ്പഴക്കത്താൽ പണിമുടക്കുന്ന ലിഫ്റ്റുകൾ മാറ്റി പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നത് പൂർത്തീകരിക്കാത്തത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ദുരിതമാകുന്നു. അത്യാഹിത വിഭാഗം, ശസ്ത്രക്രിയ മുറി, ലേബർ റൂം എന്നിവ പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ലിഫ്റ്റ് പണിമുടക്കുന്നത് ഏറെ ദുരിതമാകുന്നു. രോഗികൾക്ക് പരിശോധനകൾക്കായി പലനിലകൾ കയറിയിറങ്ങണം. ഡോക്ടർമാർ, രോഗികൾ, കൂട്ടിരിപ്പുകാർ, സന്ദർശകർ, ജീവനക്കാർ എന്നിവർക്ക് ലിഫ്റ്റ് വേർതിരിച്ചാണ് അനുവദിച്ചിരുന്നത്. തിരക്ക് ഒഴിവാക്കാനാണിത്. അതിനാൽ ഒന്നുകേടായാൽതന്നെ വലിയ തിരക്ക് അനുഭവപ്പെടുന്നു. സർക്കാർ ഏറ്റെടുത്തതിനുശേഷം ആശുപത്രിയിൽ 50 കോടി രൂപയുടെ നവീകരണം മൂന്നുവർഷം മുമ്പ് തുടങ്ങിയിരുന്നു. ഇത് ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായാണ് പുതിയ രണ്ട് ലിഫ്റ്റ് സ്ഥാപിച്ചത്. മറ്റുള്ളവ മാറ്റി സ്ഥാപിക്കുന്ന പണി പാതിവഴിയിലാണ്.
അത്യാഹിത വിഭാഗത്തിലും വാർഡിലും എത്തേണ്ട രോഗികൾ ലിഫ്റ്റിന് മുന്നിൽ കാത്തിരിക്കുന്നത് പതിവു കാഴ്ചയാണ്. ഇതുമൂലം യഥാസമയം പരിശോധന നടത്താനും കൂട്ടിരിപ്പുകാർക്ക് മരുന്നും മറ്റും വാങ്ങിവരാനും പ്രയാസമാകുന്നതായി പരാതിയുണ്ട്. ലിഫ്റ്റിന് തകരാർ സംഭവിക്കുന്ന സന്ദർഭങ്ങളിൽ അടിയന്തര ചികിത്സ വേണ്ട രോഗികൾ എത്തിയാൽ ചികിത്സ സമയത്തിനു നൽകാൻ സാധിക്കാത്ത സ്ഥിതിയാവും. സ്കാനിങ് ഉൾപ്പെടെയുള്ളവയുടെ നവീകരണത്തിനായി ഡെൻറൽ കോളജിലെ ലിഫ്റ്റും അടച്ചിട്ടിരുന്നു. പ്രധാന കെട്ടിടത്തിലെ പരിശോധനകൾ താഴത്തെ രണ്ടുനിലകളിലായതിനാൽ ഒ.പിയിലെത്തുന്നവർക്ക് വലിയ പ്രയാസമില്ല.
എന്നാൽ, അഞ്ചു മുതൽ എട്ടുവരെ നിലകളിൽ കഴിയുന്നവർക്കാണ് കൂടുതൽ ദുരിതം. കാർഡിയോളജി വാർഡ് ഉൾപ്പെടെ മുകളിൽ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലിഫ്റ്റുകൾ എല്ലാം പ്രവർത്തനക്ഷമമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ ലിഫ്റ്റുകളുടെ തകരാർ പരിഹരിക്കാൻ ഇടപെട്ട് എം. വിജിൻ എം.എൽ.എ. വ്യാഴാഴ്ച കോളജിലെത്തിയ എം.എൽ.എ ലിഫ്റ്റ് സ്ഥാപിച്ച കമ്പനി അധികൃതരുമായും കോളജ് എൻജിനീയറിങ് വിഭാഗവുമായും സംസാരിച്ചു. ഇതിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിച്ച എം.എൽ.എ 10 ലിഫ്റ്റുകളും ജൂണിൽ പ്രവർത്തനക്ഷമമാക്കുമെന്ന് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.