കുഞ്ഞിമംഗലം: കളിയും ആരവങ്ങളും നിറഞ്ഞുനിന്ന സുവർണകാലത്തെ തിരിച്ചുപിടിച്ചതിന്റെ സന്തോഷത്തിലാണ് കുഞ്ഞിമംഗലം. കുഞ്ഞിമംഗലം സെൻട്രൽ യു.പി സ്കൂൾ കളിസ്ഥലം നവീകരണത്തിനായി 15 ലക്ഷം രൂപയുടെ പദ്ധതിക്ക് തുടക്കമിടുകയാണ്.
നഷ്ടപ്പെട്ടെന്നുകരുതിയ കളിയിടം ജനകീയ ഇടപെടലിലൂടെ തിരികെ വാങ്ങി. കണ്ടംകുളങ്ങരയിലെ കുഞ്ഞിമംഗലം സെൻട്രൽ യു.പി സ്കൂളിന് നഷ്ടമായ കളിക്കളം ജനകീയ കൂട്ടായ്മയിലൂടെയാണ് ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തത്.
87 സെൻറ് സ്ഥലത്ത് വാടക കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന സ്കൂളിന് 2013ലാണ് കളിയിടം നഷ്ടമാകുന്നത്. സ്ഥലമുടമ 22 സെൻറ് സ്ഥലം സൗജന്യമായി നൽകി, ബാക്കി മറ്റൊരാൾക്ക് വിൽക്കുകയായിരുന്നു. അതോടെ നാടിന്റെ കായിക സ്വപ്നങ്ങൾ പൊലിഞ്ഞു. സ്കൂളിന് മൈതാനമില്ലാതായി. എന്നാൽ, നഷ്ടമായ കളിസ്ഥലം തിരിച്ചുപിടിക്കാൻ പഞ്ചായത്തും നാട്ടുകാരും ഒരുമിച്ച് രംഗത്തിറങ്ങുകയായിരുന്നു. 1.6 കോടി രൂപ നൽകി സ്ഥലം ഏറ്റെടുത്തത് കൂട്ടായ്മയുടെ വിജയം.
ഗ്രാമപഞ്ചായത്തിന്റെ 10 ലക്ഷം രൂപ, ബ്ലോക്ക് പഞ്ചായത്തിന്റെ അഞ്ചുലക്ഷം, ജില്ല പഞ്ചായത്തിന്റെ 25 ലക്ഷം എന്നിവയും വികസന സമിതി സമാഹരിച്ച തുകയും ചേർത്താണ് സ്ഥലം വാങ്ങിയത്. ശതാബ്ദി നിറവിലായിരുന്ന സ്കൂളിന് നാട് നൽകിയ സമ്മാനമാണ് ഈ കളിക്കളം.
413 വിദ്യാർഥികൾ പഠിക്കുന്ന സെൻട്രൽ യു.പി സ്കൂൾ മൈതാനത്തിൽ ഇപ്പോൾ രാവിലെയും വൈകീട്ടും വിവിധ പ്രായക്കാരായ കളിക്കാർ എത്തുന്നുണ്ട്. ഗ്രൗണ്ടിന്റെ രജിസ്ട്രേഷൻ നടപടി പൂർത്തിയായി. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ഫണ്ടിൽനിന്ന് 15 ലക്ഷം രൂപ വിനിയോഗിച്ച് കളിസ്ഥലം മെച്ചപ്പെടുത്താൻ ഒരുങ്ങുകയാണ് പഞ്ചായത്ത്. ചുറ്റും കമ്പിവേലി, മഴക്കാലത്ത് വെള്ളം കയറാതിരിക്കാനുള്ള സംവിധാനം, ഗാലറികൾ എന്നിവ ഒരുക്കും.
വൈകുന്നേരങ്ങളിൽ ആർപ്പുവിളികൾ തുടങ്ങിക്കഴിഞ്ഞു. അങ്ങനെ ഒരു നാടിന്റെ കായിക സ്വപ്നങ്ങൾക്ക് വീണ്ടും ചിറകുമുളക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.