പയ്യന്നൂർ: ഇന്ത്യൻ മെഡൽ പട്ടികയിൽ ഒരുവെള്ളി മെഡൽ കൂടി അടയാളപ്പെടുത്തിയപ്പോൾ പയ്യന്നൂരുകാരനായ മധു പുതുവക്കലിന് അത് ആത്മനിർവൃതിയുടെ അനർഘ നിമിഷം. ചൈനയിലെ ഹാങ് ചോവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ജൂനിയർ വിഭാഗം പായ് വഞ്ചി മത്സരത്തിൽ വെള്ളി മെഡൽ നേടിയ നേഹ ടാക്കൂറിന്റെ പരിശീലകനാണ് കണ്ണൂർ പയ്യന്നൂർ കുഞ്ഞിമംഗലത്തെ മധു പുതുവക്കൽ.
17 അംഗ ടീമിലെ ഏക മലയാളി കോച്ചാണ് മധു. ഇന്ത്യ ഏറെ ശോഭിച്ചിട്ടില്ലാത്ത കായികയിനമായ പായ് വഞ്ചി മത്സരത്തിൽ മികച്ച പ്രകടനത്തിന് രാജ്യം ഈ പരിശീലകനോട് കടപ്പെട്ടിരിക്കുന്നു. 17 വയസ്സുകാരിയായ നേഹ മധ്യപ്രദേശ് ഭോപാലിലെ നാഷനൽ സെയിലിങ് സ്കൂൾ 12ാം ക്ലാസ് വിദ്യാർഥിയാണ്.
റിട്ട. സുബേദാർ മേജറായ മധു ഇന്ത്യൻ സെയിലിങ് രംഗത്തെ ഏക സർക്കാർ പരിശീലന കേന്ദ്രമായ നാഷനൽ സെയിലിങ് സ്കൂളിലെ ആദ്യ ദേശീയ കോച്ചാണ്. നിരവധി ദേശീയ അന്തർദേശീയ സെയിലർമാർക്കു കൂടി പരിശീലനം നൽകുന്ന മധു പുതുവക്കലിന് പായ് വഞ്ചിയോട്ടം ജീവിതത്തിന്റെ ഭാഗം. മധു പരിശീലിപ്പിച്ച ഹർഷിദ തോമറിന് കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ വെങ്കല മെഡൽ ലഭിച്ചിരുന്നു.
പേരാപ്പുഴയും വണ്ണാത്തിപ്പുഴയും ചെമ്പല്ലിക്കുണ്ടും ഓളം തീർക്കുന്ന പ്രദേശമാണ് കുഞ്ഞിമംഗലം. അതുകൊണ്ട് ചെറുപ്പത്തിലെ തന്നെ മധു കൂട്ടുകൂടിയതാണ് വെള്ളത്തിനൊപ്പം. ഈ ഇഷ്ടമാണ് കടലിന്റെ ഓളപ്പരപ്പുകളെ ഭേദിച്ച് കാറ്റിനോട് പടവെട്ടി മുന്നേറുന്നതിന് ആത്മവിശ്വാസം നൽകിയത്.
കുഞ്ഞിമംഗലം തെക്കുമ്പാട് അണീക്കര ചാമുണ്ഡി കുഞ്ഞിരാമന്റെയും പുതുവക്കൽ കാർത്യായനിയുടെയും ഇളയ മകനാണ്. കുഞ്ഞിമംഗലം ഗവ. ഹൈസ്കൂളിൽ എസ്.എസ്.എൽ.സിക്കു ശേഷം 1988ൽ പ്രീഡിഗ്രിക്ക് പയ്യന്നൂർ കോളജിൽ ചേർന്നെങ്കിലും ഇഷ്ടവിഷയം ലഭിക്കാത്തതിനാൽ മതിയാക്കി കണ്ണൂർ ഐ.ടി.ഐയിൽ ചേർന്നു.
തുടർന്ന് സേനയിൽ ഇ.എ.ഇയിൽ ജോലി ലഭിച്ചു. ഹൈസ്കൂൾ പഠന കാലത്ത് കായിക മത്സരങ്ങളിൽ മികവു കാട്ടിയിരുന്ന മധു സേനയിൽ നടന്ന സെലക്ഷനിൽ സെയിലിങ്ങിന് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
2000 മുതൽ 2006 വരെ ദേശീയ സെയിലിങ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായി അഞ്ചു സ്വർണ മെഡലും ആറ് വെള്ളി മെഡലും അഞ്ചു വെങ്കല മെഡലും അടക്കം16 മെഡലുകൾ കരസ്ഥമാക്കി അഭിമാനമായി. ഇന്ത്യയെ പ്രതിനിധീകരിച്ച് 2004 ൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിലും 2005ൽ നടന്ന ബ്രസീൽ ലോക ചാമ്പ്യൻഷിപ്പിലും പങ്കെടുത്തു.
പയ്യന്നൂർ: അടുത്ത ഏഷ്യൻ ഗെയിംസിൽ തുഴയെറിയാൻ ഉത്തര കേരളത്തിൽനിന്ന് താരങ്ങൾ ഉണ്ടാവുമെന്ന് മധു പുതുവക്കൽ ‘മാധ്യമ’ത്തോടു പറഞ്ഞു. ഇതിനായി താരങ്ങളെ കണ്ടെത്തി പരിശീലനം നൽകാനുള്ള തയാറെടുപ്പിലാണ്. സർക്കാറുകളുടെ സഹായം ഇതിനാവശ്യമാണ്. സർക്കാർ സഹായിക്കുമെന്നാണ് പ്രതീക്ഷ. ഒപ്പം സ്പോൺസർമാരും വേണം. എല്ലാം ഒത്തുവന്നാൽ 2026ലെ ഏഷ്യൻ ഗെയിംസിൽ ഒരുമെഡൽ വടക്കൻ കേരളത്തിലെത്തുമെന്നും മധു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.