പയ്യന്നൂർ: അമ്മയെന്ന സത്യത്തിനു മുന്നിൽ എത്ര ഉയർന്ന തലകളും നമ്രശിരസ്കരാകുമെന്നതിന് തെളിവാണ് കടന്നപ്പള്ളി കണ്ടോന്താറിലെ ചട്ടടി തറവാട്. ഡൽഹിയിൽ ഇന്ത്യ ഭരിച്ച പാർട്ടിയുടെ സ്റ്റിയറിങ് തിരിക്കുമ്പോഴും വീട്ടിലെത്തിയാൽ പഴയ കുട്ടി മാത്രമായിരുന്നു ജാനകിയമ്മക്ക് മകൻ കെ.സി. വേണുഗോപാൽ.
ഏത് ഉയരങ്ങൾ കീഴടക്കുമ്പോഴും ഒരു ഭാവമാറ്റവുമില്ലാതെ വീടിനെ സജീവമാക്കാൻ ഇനി ജാനകിയമ്മയില്ല. കാലത്തിന് മായ്ക്കാൻ കഴിയാത്ത ഏറ്റവും വലിയ വേദനയായി അമ്മയുടെ നഷ്ടം ഇനി വേണുഗോപാലിനുണ്ടാവും. കണ്ടോന്താർ എന്ന കുഗ്രാമത്തിൽനിന്ന് മകനെ ലോകനെറുകയിലെത്തിച്ച ഒരമ്മ കൂടിയാണ് കഴിഞ്ഞദിവസം യാത്രയായത്. വേണുവിനൊപ്പം വീട്ടിലെത്തുന്ന എല്ലാവരെയും സ്നേഹപൂർവം സ്വീകരിച്ച അമ്മയാണ് ഓർമയായത്. കെ.സി. വേണുഗോപാലെന്ന നേതാവിെൻറ എല്ലാ വിജയയാത്രകളിലും കൊഴുമ്മൽ ചട്ടടി ജാനകിയമ്മയെന്ന അമ്മയുടെ പ്രാർഥനകളുണ്ടായിരുന്നു.
എം.എസ്സി മാത്സ് കഴിഞ്ഞു മകൻ ഉന്നത ജോലികണ്ടെത്തണമെന്ന പിതാവിെൻറ ആഗ്രഹത്തിന് വിരുദ്ധമായി കാറും കോളും നിറഞ്ഞ കോൺഗ്രസ് രാഷ്ട്രീയം തെരഞ്ഞെടുക്കാൻ തീരുമാനിച്ച വേണുവിെൻറ എല്ലാ ശക്തിയും നിശ്ശബ്ദ പിന്തുണയും ഈ അമ്മയായിരുന്നു. കെ.എസ്.യു രാഷ്ട്രീയത്തിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിെൻറ കടിഞ്ഞാൺ പിടിക്കുന്ന മകനായി അദേഹം വളർന്നപ്പോഴും എളിമ കൈവിടാതെ മകനെ ചേർത്തു നിർത്തിയ ഊർജ സാന്നിധ്യം ഇനി ഓർമകളിൽ മാത്രം.
എം.എൽ.എ, എം.പി, കേന്ദ്ര മന്ത്രി, സംസ്ഥാന മന്ത്രി തുടങ്ങി വലിയ നിലകളിലേക്കുള്ള പടികൾ കയറുമ്പോഴെല്ലാം അവർ ഏറെ സന്തോഷിെച്ചങ്കിലും ഒരിക്കലും അതു പുറത്ത് കാണിച്ചിരുന്നില്ല. മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലുമ്പോൾ വീട്ടിലെ ടെലിവിഷനിലാണ് അവർ അതു കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.