പയ്യന്നൂർ: ദേശീയപാതയിൽ പുതുതായി നിർമിക്കുന്ന കൂറ്റൻ സംരക്ഷണ ഭിത്തിയുടെ സ്ലാബ് സർവിസ് റോഡിലേക്ക് അടർന്നുവീണു. പിലാത്തറ ടൗണിൽ തിരക്കേറിയ പാതയിലേക്കാണ് സംരക്ഷണ ഭിത്തിയുടെ സ്ലാബ് അടർന്നു വീണത്.
തലനാരിഴക്കാണ് ദുരന്തം വഴിമാറിയത്. വിദ്യാർഥികളുമായി പോവുകയായിരുന്ന ഓട്ടോ കടന്നുപോയ ഉടനെയാണ് സ്ലാബ് വൻ ശബ്ദത്തോടെ റോഡിൽ പതിച്ചത്. ഭാഗ്യത്തിനാണ് ഓട്ടോ യാത്രക്കാർ രക്ഷപ്പെട്ടത്.
നഗരമധ്യത്തിലെ അണ്ടർ പാസേജിന്റെ ഭിത്തിയിൽ ഇന്റർലോക്കായി സ്ഥാപിച്ചതായിരുന്നു സ്ലാബ്. പണി പൂർത്തിയാവുന്നതിനു മുമ്പുതന്നെ സ്ലാബ് തകർന്നു വീണത് പ്രതിഷേധത്തിനിടയാക്കി.
സ്ലാബ് തകർന്നതോടെ സർവിസ് റോഡ് യാത്ര സുരക്ഷിതമല്ലെന്നും അടിയന്തര പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. യാത്രക്കാരുടെ ജീവനും വാഹനങ്ങൾക്കും സുരക്ഷ ഉറപ്പു വരുത്തണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ആവശ്യപ്പെട്ട് കല്യാശ്ശേരി മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി. സക്കരിയയുടെ നേതൃത്വത്തിൽ മേഘ കൺസ്ട്രക്ഷൻ ഓഫിസിലെത്തി ബന്ധപ്പെട്ടവരുമായി ചർച്ചചെയ്തു.
ചെറുതാഴം പഞ്ചായത്ത് മുസ്ലിം ലീഗ് നേതാക്കളായ നജ്മുദ്ദീൻ പിലാത്തറ, താജുദ്ദീൻ പിലാത്തറ, റസാക്ക് ചുമടുതാങ്ങി തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.