പയ്യന്നൂർ: ആതുരസേവനത്തിന്റെ രജത ജൂബിലി പിന്നിട്ട പരിയാരത്തെ ഗവ. ആയുർവേദ കോളജിന് നാഷനൽ കമീഷൻ ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ (എൻ.സി.ഐ.എസ്.എം) അംഗീകാരം. കേന്ദ്ര സർക്കാരിന് കീഴിലുള്ള കമ്മീഷൻ പ്രതിനിധികൾ കോളജിൽ നടത്തിയ പരിശോധനയിൽ സംതൃപ്തി അറിയിച്ചതിനെ തുടർന്നാണ് അംഗീകാരം സംബന്ധിച്ച അറിയിപ്പ് കോളജിൽ ലഭിച്ചത്. ഇതാടെ ഈ വർഷത്തെ യു.ജി, പി.ജി പ്രവേശനം തടസ്സമില്ലാതെ നടത്താം. സംസ്ഥാനത്ത് സ്വകാര്യ കോളജുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് അംഗീകാരം നൽകിയിട്ടില്ല. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും അധ്യാപക-അധ്യാപകേതര ജീവനക്കാരുടെ കുറവും ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. രോഗിളുടെ എണ്ണവും കൂടി പരിഗണിച്ചാണ് അംഗീകാരം നൽകി വരുന്നത്.
കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ബി.എ.എം.എസിന് 75 സീറ്റുകളും രോഗ നിദാനം (എട്ട്), ക്രിയാശാരീരം (ഒമ്പത്), ശല്യതന്ത്രം (ആറ്), ശാലാക്യ തന്ത്രം (ആറ്), രസ ശാസ്ത്രവും ഭൈഷജ്യ കൽപനയും (ഏഴ്) എന്നിങ്ങനെ അഞ്ച് പി.ജി വിഭാഗങ്ങളിലായി 36 സീറ്റുകളുമാണുള്ളത്. വടക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഉൾപ്പെടെ ഇവിടെ ബിരുദാനന്തര ബിരുദത്തിന് പഠിക്കാനെത്തുന്നു. അഞ്ച് പി.ജിക്കു പുറമെ രോഗ നിദാനത്തിൽ രണ്ട് പി.ജി ഡിപ്ലോമ സീറ്റും ഇവിടെയുണ്ട്.
കൂടുതൽ ഉപരി പഠന കോഴ്സുകൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രസൂതി തന്ത്രം, കൗമാര ഭൃത്യം എന്നീ വിഭാഗങ്ങളിൽ കൂടി പി.ജി വേണമെന്ന നിർദേശം ഉയർന്നിട്ടുണ്ടെങ്കിലും സർവകലാശാലയുടെയും സർക്കാരിന്റെയും പച്ചക്കൊടി ഇതുവരെ ലഭിച്ചിട്ടില്ല. അതേസമയം, ബാലാരിഷ്ടത മാറി വികസനത്തിന്റെ പാതയിലാണ് ഇപ്പോൾ ഈ ആതുര പഠനകേന്ദ്രം. സംസ്ഥാനത്തെ തിരുവനന്തപുരം, തൃപ്പൂണിത്തുറ ഗവ.ആയുർവേദ കോളജുകളുടെ നിലവാരത്തിലേക്ക് കണ്ണൂരിന്റെ ഈ ആതുരാലയവും എത്തിനിൽക്കുന്നു. പരിമിതികളെയെല്ലാം അതിജീവിച്ചാണ് കണ്ണൂരിന്റെ ഈ ആയുർവേദ ചികിത്സാ പഠനകേന്ദ്രം നൂറുകണക്കിന് രോഗികളുടെയും വിദ്യാർഥികളുടെയും സ്വപ്ന കേന്ദ്രമായി മാറിയത്.
ഉദ്ഘാടനം കഴിഞ്ഞ അമ്മയും കുഞ്ഞും ആശുപത്രി, സ്വന്തമായ പേ വാർഡ് സംവിധാനം, ഹോസ്റ്റൽ തുടങ്ങിയവ വികസനത്തിന്റെ ഒടുവിലത്തെ ഉദാഹരണങ്ങളാണ്. തുടങ്ങാനിരിക്കുന്ന മാനസിക ചികിത്സാകേന്ദ്രം, കണ്ണ് ചികിത്സാലയം എന്നിവ യാഥാർഥ്യമാവുന്നതോടെ ഉത്തരകേരളത്തിലെ തന്നെ ഏറ്റവും കൂടുതൽ തിരക്കുള്ള ആതുരാലയായി ഗവ. ആയുർവേദ കോളജ് മാറും. നിലവിൽ പ്രതിദിനം 400 മുതൽ അഞ്ഞൂറ് വരെ രോഗികൾ ഒ.പിയിലെത്തുന്നുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള രോഗികൾ ഇവിടെയെത്തുന്നുണ്ട്. ഇപ്പോൾ നൂറ്റി ഇരുപത്തിയഞ്ചോളം രോഗികളെ കിടത്തി ചികിത്സിക്കുന്നുണ്ട്. വിലപിടിപ്പുള്ള ആയുർവേദ മരുന്നുകൾ ഉൾപ്പെടെ സൗജന്യമായി ലഭിക്കുന്നു എന്നത് കൂടുതൽ രോഗികളെ ആകർഷിക്കുന്നു. പഠന നിലവാരത്തിലും ഉന്നത നിലവാരം പുലർത്താൻ സ്ഥാപനത്തിനു കഴിയുന്നു.എന്നാൽ അടുത്ത കാലത്തായി ഒ.പിയിലെത്തുന്ന രോഗികൾക്ക് എല്ലാ മരുന്നുകളും ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമായുണ്ട്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് മരുന്നുകൾ സ്റ്റോക്കു ചെയ്യുന്നതിന് തടസ്സമാവുന്നതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.