പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ അലക്കുശാലയുടെ പ്രവർത്തനം നിലച്ചിട്ട് മാസങ്ങൾ. ഇതോടെ പ്രതിദിനം ആയിരക്കണക്കിന് രൂപ നൽകി സ്വകാര്യ സ്ഥാപനത്തിൽനിന്നാണ് ഇപ്പോൾ തുണി അലക്കുന്നത്. പുതിയ അലക്കുയന്ത്രങ്ങൾ കൊണ്ടുവന്നെങ്കിലും ഇത് സ്ഥാപിക്കാൻ നടപടിയില്ല. അലക്കു ശാലയുടെ പുറത്തുവെച്ച യന്ത്രങ്ങൾ മഴയും വെയിലുംകൊണ്ട് നശിക്കുകയാണ്. ലക്ഷങ്ങൾ വിലവരുന്ന യന്ത്രങ്ങളാണ് അലക്ഷ്യമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നത്. ആശുപത്രിയിലെ രോഗികൾ മാത്രമല്ല, ഓപറേഷൻ തിയറ്ററിൽ ഉൾപ്പെടെ ഉപയോഗിക്കുന്ന തുണികളാണ് ഇവിടെനിന്ന് അലക്കിയിരുന്നത്. ഇതിന്റെ പ്രവർത്തനം നിലച്ചതോടെയാണ് മറ്റ് സ്ഥലങ്ങളിൽനിന്ന് പണം നൽകി തുണികൾ അലക്കിക്കൊണ്ടുവരുന്നത്.
ആംബുലൻസിൽ പയ്യന്നൂരിലെ സൗകാര്യ ആശുപത്രി ലോൺട്രിയിൽ എത്തിച്ചാണ് അലക്കുന്നത്. ഒരുഷീറ്റിന് 12 രൂപ നിരക്കിൽ ഒരുദിവസം 7,000 തുണികളാണ് പുറത്തുനിന്ന് അലക്കിക്കൊണ്ടുവരുന്നത്. കാലപ്പഴക്കത്താലാണ് പഴയ യന്ത്രങ്ങൾ തകരാറിലായത്. ഇതുമാറ്റി പുതുതായി സ്ഥാപിക്കാനെത്തിച്ച യന്ത്രങ്ങളാണ് തുരുമ്പെടുക്കുന്നത്. യന്ത്രങ്ങൾ കൊണ്ടുവന്നിട്ടും പ്രവർത്തനക്ഷമമാക്കാതെ മഴയും വെയിലും കൊണ്ട് നശിപ്പിച്ച് ലക്ഷങ്ങൾ തുലക്കുന്ന നടപടി പ്രതിഷേധത്തിനിടയാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.