പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ കോവിഡ് വാർഡുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഏഴ് ദിവസത്തെ നിരീക്ഷണത്തിനുശേഷം വീടുകളിലെത്തുന്നതിന് ആശ്രയിക്കുന്നത് ബസുകൾ ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾ. ഇത് സമ്പർക്ക വ്യാപനത്തിന് കാരണമാകുമെന്ന പരാതിയുയരുന്നു. ഡ്യൂട്ടി പൂർത്തിയാക്കിയശേഷം ഏഴുദിവസം ആശുപത്രി ഒരുക്കിക്കൊടുക്കുന്ന കേന്ദ്രത്തിൽ താമസിക്കുകയും പിന്നീടുള്ള ഏഴുദിവസം വീട്ടിൽ ക്വാറൻറീനിൽ കഴിയാനുമാണ് അധികൃതർ നിർദേശിക്കുന്നത്.
ഏഴുദിവസത്തെ നിരീക്ഷണത്തിന് വീട്ടിലേക്ക് പോകുന്നവർക്കാണ് പൊതുഗതാഗതത്തെ ആശ്രയിക്കേണ്ടിവരുന്നത്. ഇതുപ്രകാരം വീടുകളിൽ നിരീക്ഷണത്തിന് പോകുന്ന സ്വന്തം വാഹനമില്ലാത്തവർ ഓട്ടോറിക്ഷകളും ബസുകളുമാണ് ആശ്രയിക്കുന്നത്. ഇത് ഒാട്ടോറിക്ഷ ഡ്രൈവർമാരുടെയും ബസ് തൊഴിലാളികളുടെയും യാത്രക്കാരുടെയും സുരക്ഷയെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. ആശുപത്രിയിലെ ക്വാറൻറീൻ കഴിഞ്ഞ് വീടുകളിലേക്ക് പോകുന്ന ആരോഗ്യ പ്രവർത്തകരെ കൊണ്ടുവിടാൻ വാഹനം ഒരുക്കണമെന്നാണ് പ്രധാന ആവശ്യം.
ഏഴ് ദിവസം ക്വാറൻറീനിൽ കഴിഞ്ഞ് വീട്ടിൽ പോയർവക്ക് പിന്നീട് കോവിഡ് പോസിറ്റവായ അനുഭവമുണ്ട്. ഇങ്ങനെ പോസിറ്റിവാകുമ്പോൾ അവരുടെ സമ്പർക്ക പട്ടിക നീളുന്നതും പതിവാണ്. ഡ്യൂട്ടിക്കും നിരീക്ഷണത്തിനുംശേഷം വീട്ടിലേക്ക് പോകുന്നവരെ ഹോസ്പിറ്റൽ വാഹനം ഉപയോഗിച്ച് അവരവരുടെ വീടുകളിൽ എത്തിച്ചാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ടും സാമൂഹ വ്യാപനവുമില്ലാതെ ഒരു പരിധിവരെ സമ്പർക്കം മൂലമുള്ള രോഗഭീതി തടയാനാവുമെന്ന് ജീവനക്കാർ പറയുന്നു. വീടുകളിൽ എത്തിക്കാനുള്ള സാഹചര്യം ഉണ്ടാക്കുന്നില്ലെങ്കിൽ അവരെ 14 ദിവസം ആശുപത്രി ഒരുക്കുന്ന താമസസ്ഥലത്ത് നിൽക്കാനും ഇതിനുശേഷം അവരെ പരിശോധനക്ക് വിധേയമാക്കി നെഗറ്റിവാെണന്ന് ബോധ്യപ്പെട്ടതിനുശേഷം സ്വന്തം വീടുകളിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്.
ബസ് തൊഴിലാളികളും ഓട്ടോ ഡ്രൈവർമാരും ഉൾപ്പെടെയുള്ളവർക്ക് ആശുപത്രി അധികൃതരുടെ നടപടിയിൽ പ്രതിഷേധമുള്ളതായി സംസാരമുണ്ട്. എന്നാൽ, ഒരു യാത്രക്കാരനോട് മുഖത്തുനോക്കി, ഈ വണ്ടിയിൽ കൊണ്ടുപോകാൻ സാധിക്കില്ലെന്ന് പറയുന്നില്ലെങ്കിലും അവർക്കുണ്ടാകുന്ന മാനസിക പ്രയാസം മുഖത്ത് വായിച്ചെടുക്കാനാവുമെന്ന് ജീവനക്കാർ സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.