പയ്യന്നൂർ: കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ ചികിത്സ കിട്ടാൻ ഭാഗ്യം കടാക്ഷിക്കണം. ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതാണ് സ്ഥിതി പരിതാപകരമാകാൻ കാരണം. ചെമ്പ്ര കാനത്തെ എം.വി. ശിൽപരാജിന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയിലാണ് പ്രതിമാസം 600 രോഗികളെത്തുന്ന ന്യൂറോ മെഡിസിൻ വിഭാഗത്തിൽ ഒരു ഡോക്ടർ മാത്രമാണുള്ളതെന്ന് അധികൃതർ വ്യക്തമാക്കിയത്.
ചില മാസങ്ങളിൽ 600 ൽ കൂടുതൽ രോഗികൾ ആശുപത്രിയിലെ ന്യൂറോ മെഡിസിൻ വിഭാഗത്തെ തേടിവരുന്നുണ്ട്. ആഴ്ചയിൽ രണ്ടു ദിവസങ്ങളിൽ മാത്രം പ്രവർത്തിക്കുന്ന ന്യൂറോ മെഡിസിൻ ഒ.പിയിൽ 120 കൂടുതൽ രോഗികളാണ് ചികിത്സതേടി വരുന്നത്. കഴിഞ്ഞ ജനുവരി ഒന്നു മുതൽ ഒറ്റ ഡോക്ടർ മാത്രമാണ് സേവനത്തിനായിയുള്ളത്. ന്യൂറോ മെഡിസിന്റെ പ്രതിദിവസ ഔദ്യോഗിക സമയം എട്ടു മുതൽ നാലു വരെ മാത്രമാണ്. എന്നാൽ, ഔദ്യോഗിക സമയത്തിന് പുറമേ ന്യൂറോ മെഡിസിനിലുള്ള ഒറ്റയാൾ ഡോക്ടർ നാലു മണിക്കൂർ വരെ അധിക ജോലി ചെയ്താണ് രോഗികളെ പരിശോധിക്കുന്നത്. ഈ ഡോക്ടറെ കാണാൻ ഇതര ജില്ലകളിൽ നിന്നുള്ളവർ ഉൾപ്പെടെ പരിയാരത്തെത്തുന്നുണ്ട്.
സർക്കാറിന്റെ അനാസ്ഥ കാരണം ഡോക്ടർ ഏറെ ബുദ്ധിമുട്ടുന്നതായി രോഗികൾ പറയുന്നു. രോഗികൾക്ക് അധികം കാത്തിരിക്കാതെ ചികിത്സ ലഭ്യമാക്കാൻ ന്യൂറോ മെഡിസിൻ വിഭാഗത്തിൽ അടിയന്തരമായി കൂടുതൽ ഡോക്ടർമാരെ നിയമിക്കാൻ ശാശ്വത നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. ആവശ്യമുന്നയിച്ച് ആരോഗ്യ മന്ത്രി, മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ, കണ്ണൂർ ജില്ല മെഡിക്കൽ ഓഫിസർ, എംപ്ലോയ്മന്റ് ഡയറക്ടറേറ്റ്, ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, മെഡിക്കൽ സൂപ്രണ്ട് എന്നിവർക്ക് നിവേദനം നൽകിയതായി ശിൽപരാജ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.