പയ്യന്നൂർ: സ്റ്റൈപൻഡ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ കോളജില്‍ ഹൗസ് സര്ജൻമാര് പ്രതിഷേധ പ്രകടനവും ധര്‍ണയും നടത്തി. തിങ്കളാഴ്ച രാവിലെയാണ് ഹൗസ് സർജന്മാർ പ്രതിഷേധിച്ചത്. സ്റ്റൈപൻഡ് നൽകിയില്ലെങ്കിൽ 29മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ഹൗസ് സര്‍ജന്‍സ് അസോസിയേഷന് ഭാരവാഹികള്‍ അറിയിച്ചു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജില്‍ രണ്ടു ബാച്ചുകളിലുള്ള 158 ഹൗസ് സര്ജന്മാര് സ്റ്റൈപൻഡിന് അര്‍ഹരാണെങ്കിലും ഈ വര്‍ഷം ജൂലൈയില്‍ ഹൗസ് സര്‍ജന്‍സി ആരംഭിച്ചവര്‍ക്ക് സ്റ്റൈപൻഡ് അന്യായമായി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
സ്റ്റൈപൻഡ് നല്കാന് മാത്രമായി മെഡിക്കല്‍ കോളജ് അക്കൗണ്ടില്‍ 1,11,19,337 രൂപ നീക്കിയിരിപ്പുണ്ടെങ്കിലും മെഡിക്കല്‍ കോളജ് മാനേജ്മെന്റ് നൽകുന്നില്ലെന്നാണ് ഹൗസ് സര്ജന്മാരുടെ ആരോപണം. 2017 ബാച്ചിന് സ്റ്റൈപൻഡ് നല്കുമ്പോള് 2018 ബാച്ചിലെ 54 പേര്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് വന്നാല്‍ മാത്രമേ സ്റ്റൈപ്പന്റ് നല്‍കാനാവൂ എന്നത് വിവേചനമാണെന്ന് ഇവര്‍ ആരോപിച്ചു.
വ്യക്തമായ കാരണമില്ലാതെ ഒരുപോലെ ജോലിചെയ്യുന്ന രണ്ടുബാച്ചുകളിലെ ഹൗസ് സര്ജന്മാരോട് വിവേചനം കാണിക്കുന്നതിനെതിരെ നവംബര്‍ 29 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ഹൗസ് സര്‍ജൻസ് അസോസിയേഷന് ഭാരവാഹികളായ സൗരവ് എം. സുധീഷും സെക്രട്ടറി നീരജ കൃഷ്ണനും പറഞ്ഞു.
മൂന്നുമാസത്തെ സ്റ്റൈപൻഡ് ഇനത്തില്‍ കോളേജിന് ആവശ്യമായ 42,12,000 രൂപയുടെ ഇരട്ടിയിലേറെ രൂപ സർക്കാർ അക്കൗണ്ടില്‍ ബാക്കിനില്‍ക്കെ എന്തുകൊണ്ടാണ് ഡി.എം.ഇ നിർദേശം കാത്തിരിക്കുന്നതെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ലെന്നും ഇവര്‍ ആരോപിച്ചു. വൈസ് ചെയര്മാന് മുഹമ്മദ് അസ്ലം, എക്സിക്യൂട്ടിവ് അംഗം മുഹമ്മദ് ഫൈസല്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.