പയ്യന്നൂർ: സൂര്യപ്രകാശം കടന്നുവരാത്ത, കാക്ക കണ്ണു തുറക്കാത്ത കർക്കടകം ഭീതിയുടെയും വറുതിയുടെയും കാലമായിരുന്നു പണ്ട്. മനുഷ്യ മനസ്സിനെ ബാധിക്കുന്ന ഭീതിയകറ്റിയിരുന്നത് വീട്ടുമുറ്റത്ത് അനുഗ്രഹം ചൊരിഞ്ഞെത്തുന്ന തെയ്യക്കോലങ്ങളായിരുന്നു. ഒപ്പം മഴയോടൊപ്പം വിരുന്നെത്തുന്ന രോഗങ്ങളെ അകറ്റുമെന്ന വിശ്വാസവും കർക്കടകത്തെയ്യങ്ങൾക്ക് ഗ്രാമീണരുടെ മനസ്സിൽ ഇടം ലഭിക്കാൻ കാരണമായി. എന്നാൽ, കോവിഡ് സാഹചര്യത്തിൽ രണ്ടാം വർഷവും മിക്ക പ്രദേശങ്ങളിലും തെയ്യക്കോലങ്ങൾ മുടങ്ങി.
കർക്കടകത്തിൽ വീടുകൾ കയറിയിറങ്ങുന്ന കുട്ടിത്തെയ്യങ്ങൾ കണ്ണൂർ, കാസർകോട് ജില്ലകളിലെ ഗ്രാമീണ ജീവിതത്തിെൻറ ഭാഗമായിരുന്നു. കർക്കടകം, ചിങ്ങം മാസങ്ങളിലായി മൂന്നു തെയ്യങ്ങളാണ് പതിവ്. ഇതിൽ ആടിവേടനും കർക്കടകോത്തിയുമാണ് കർക്കടകത്തെയ്യങ്ങൾ. വേടരൂപം ധരിച്ചെത്തുന്ന ശിവനാണ് ആടിവേടൻ എന്നാണ് സങ്കൽപം. മലയ സമുദായക്കാരിലെ ചെറിയ കുട്ടികളായിരിക്കും കോലധാരികൾ. മുതിർന്നവർ ചെണ്ടയുമായി കൂടെയുണ്ടാവും. മണിമുഴക്കി വില്ലണിഞ്ഞ് വീട്ടുമുറ്റത്ത് എത്തുന്ന വേടൻ പ്രത്യേക താളത്തിൽ നൃത്തം ചെയ്യുന്നു. ഈ സന്ദർഭത്തിൽ മഹേശ്വരൻ വേടരൂപം ധരിച്ചതിെൻറ കഥ തോറ്റംപാട്ടായി മുതിർന്നവർ പാടും. നൃത്തം കഴിയുന്നതോടെ വീട്ടുകാർ ഗുരുതിയുഴിഞ്ഞ് മറിച്ച് വീട്ടിലെ ജ്യേഷ്ഠയെ പുറത്താക്കി ഐശ്വര്യത്തെ കുടിയിരുത്തും.
വണ്ണാൻ സമുദായമാണ് കർക്കടകോത്തി തെയ്യം കെട്ടാറുള്ളത്. ഉച്ചാടന ദേവത എന്നപോലെ തന്നെ ധനധാന്യസമൃദ്ധിക്കും കന്നുകാലി സമ്പത്തിനും കാരണിയായ പാർവതിയാണത്രെ ഈ തെയ്യം. ചിങ്ങമാസത്തിലെ തിരുവോണത്തിനു വീടുകളിലെത്തുന്ന തെയ്യമാണ് ഓണത്താർ. വണ്ണാൻ സമുദായം തന്നെയാണ് ഈ തെയ്യവും കെട്ടിയാടുന്നത്. കേരളം കാണാനെത്തുന്ന മഹാബലിയാണത്രെ ഓണത്താർ.
കാലം മാറിയതോടെ ഈ തെയ്യങ്ങൾ ഗ്രാമങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. കോവിഡ് വന്നതോടെ ഇവ പൂർണമായും ഇല്ലാതാവുകയാണ്. വിരലിലെണ്ണാവുന്ന അപൂർവം പ്രദേശങ്ങളിൽ മാത്രമാണ് ഈ തെയ്യക്കോലങ്ങൾ ഗൃഹസന്ദർശനം നടത്തുന്നത്.
പണ്ടുകാലത്ത് തെയ്യം കലാകാരന്മാരുടെ കുടുംബത്തിലെ പുതിയ തലമുറയുടെ കലയിലേക്കുള്ള തുടക്കമാണ് കുട്ടിത്തെയ്യങ്ങൾ. ഈ പ്രാഥമിക പാഠത്തിൽ നിന്നാണ് കലാകാരൻ പിറക്കുന്നത്. ഒപ്പം തെയ്യം കല ഉപജീവനമാക്കിയവരുടെ പഞ്ഞമാസങ്ങളിലെ പട്ടിണിയകറ്റാൻ കർക്കടകത്തെയ്യങ്ങൾ സഹായിക്കുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.