പയ്യന്നൂർ: പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജ് ആശുപത്രിയിൽ പുതുതായി പണികഴിപ്പിച്ച പേവാർഡിൽ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ടാവും. രോഗികളുടെ നിരന്തര ആവശ്യം പരിഗണിച്ച് രണ്ടുവർഷം മുമ്പ് പ്രവൃത്തി ആരംഭിച്ച പേവാർഡ് വ്യാഴാഴ്ച രാവിലെ 10.30ന് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. 21 സാധാരണ മുറികളും ഒരു ഡീലക്സ് മുറിയുമാണുള്ളത്.
നിലവിൽ കെ.എച്ച്.ആർ.ഡബ്ല്യു.എസിനു കീഴിലുള്ള പേവാർഡിനു പുറമേയാണ് സർക്കാർ അധീനതയിൽ തന്നെ പുതിയ പേവാർഡ് തയാറായിരിക്കുന്നത്. കിടത്തിച്ചികിത്സക്കായി ഏറെക്കാലം കാത്തിരിക്കേണ്ടി വരുന്ന രോഗികളുടെ ബുദ്ധിമുട്ട് ഇതോടെ പരിഹരിക്കാൻ കഴിയും.
വടക്കേ മലബാറിൽ സർക്കാറിന് കീഴിലുള്ള ഏക ആയുർവേദ കോളജാണ് പരിയാരം ഗവ. ആയുർവേദ കോളജ്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലെ രോഗികൾക്ക് പുറമേ സ്പെഷാലിറ്റി ചികിത്സകൾക്കായി വിദൂര ജില്ലകളിൽ നിന്നുള്ളവരും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും വരെ ഇവിടെയെത്താറുണ്ട്.
അസ്ഥിരോഗ വിഭാഗം, ചർമരോഗ വിഭാഗം, കായചികിത്സ വിഭാഗം, നേത്രരോഗ വിഭാഗം, ശിരോരോഗ വിഭാഗം തുടങ്ങിയ വ്യത്യസ്ത വിഭാഗങ്ങളിൽ പേ വാർഡ് വരുന്നതോടെ ചികിത്സ സൗകര്യം വിപുലീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ആശുപത്രി ജനറൽ വാർഡിന് മുകളിലായാണ് പുതിയ പേവാർഡ് പണിതത്. എം. വിജിൻ എം.എൽ.എ അധ്യക്ഷത വഹിക്കും. രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ ഡോ. ഹരീകൃഷ്ണൻ തിരുമംഗലത്ത് എന്നിവർ സംബന്ധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.