പയ്യന്നൂർ: രാമന്തളി പഞ്ചായത്തിലെ പാലക്കോട് അഴിമുഖം മത്സ്യത്തൊഴിലാളികളുടെ ജീവനെടുക്കുന്നു. അഴിമുഖത്തെ മണൽതിട്ടയാണ് തൊഴിലാളികളെ കുരുതി കൊടുക്കുന്നത്. മരണമണൽതിട്ട അപകട പരമ്പരയിലെ ഒടുവിലത്തെ ഇരയാണ് ശനിയാഴ്ചയുണ്ടായ അപകടത്തിൽ മരിച്ച നാസർ. കഴിഞ്ഞ 10 വർഷത്തിനിടെ അരഡസനിലധികം പേർക്കാണ് ഇവിടെ ജീവൻ നഷ്ടപ്പെട്ടത്. കടലിൽനിന്ന് വലിയ ബോട്ടുകളിൽ എത്തിക്കുന്ന മത്സ്യം ചെറുവള്ളങ്ങളിൽ ഫിഷ് ലാൻഡിങ് സെന്ററിലെത്തിക്കുമ്പോഴാണ് അപകടം നടക്കുന്നത്.
ഫൈബർ വള്ളങ്ങൾ ഉൾപ്പെടെയുള്ള ജലയാനങ്ങൾ മണൽതിട്ടയിൽ തട്ടി മറിയുന്നതാണ് ദുരന്തമാകുന്നത്. നിരവധി പേർ മരിച്ചതിനു പുറമെ ഏറെ പേർ സാരമായ പരിക്കുപറ്റി നിത്യദുരിതത്തിലായി. ലക്ഷങ്ങൾ വിലയുള്ള വള്ളങ്ങൾ നശിക്കുന്നതും പതിവാണ്. ദുരന്തം കൂടിയതോടെ അഴിമുഖത്തെ മണൽ മാറ്റൽ പ്രവൃത്തി നടക്കുന്നുണ്ടെങ്കിലും വീണ്ടും വീണ്ടും മണൽതിട്ട രൂപപ്പെടുകയാണ്. ഇത് വൻമലയായി രൂപപ്പെട്ട് അപകടത്തിന് കാരണമാവുകയാണ്.
പ്രശ്നത്തിന് ആധുനിക സാങ്കേതികവിദ്യകളിലൂടെ ശാശ്വത പരിഹാരം കാണണമെന്ന് മത്സ്യത്തൊഴിലാളികളും നാട്ടുകാരും ആവശ്യപ്പെടുന്നു. അഴിമുഖത്തെ തുടർച്ചയായുള്ള ബോട്ട് അപകടങ്ങളും ഇതേ തുടർന്നുള്ള മത്സ്യത്തൊഴിലാളികളുടെ മരണങ്ങളും പദ്ധതി ആസൂത്രണത്തിലെ പോരായ്മയും അശാസ്ത്രീയമായ രീതിയിലുള്ള പുലിമുട്ട് നിർമാണവുമാണെന്ന ആരോപണവും ഉയരുന്നു.
ശക്തിയിലുള്ള കുത്തൊഴുക്കും ചുഴിയും സ്ഥിരമായുള്ള ഇവിടെ പുലിമുട്ട് നിർമിക്കുമ്പോൾ സാങ്കേതിക പരിശോധന വേണ്ടവിധം നടത്തുകയോ പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽനിന്നും അഭിപ്രായങ്ങൾ തേടുകയോ ചെയ്യാതെ പദ്ധതി ആസൂത്രണം ചെയ്തതാണ് ഇപ്പോഴത്തെ തുടർ അപകടങ്ങൾക്ക് കാരണമാകുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ നിർമാണം തുടങ്ങിയ ശേഷവും ഇവിടെ മണൽതിട്ടയിൽ തട്ടി നിരവധി ബോട്ടുകൾ അപകടത്തിൽപെടുകയും ആറോളം മത്സ്യത്തൊഴിലാളികൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
അഴിമുഖത്ത് മണൽ നീക്കി പുലിമുട്ടിനായി കല്ലിടുന്തോറും ഇവിടെ വലിയ തോതിൽ മണൽക്കൂന ഉണ്ടാവുകയാണ്. ഇത് പദ്ധതിയുടെ പരാജയമാണ് വെളിവാക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പദ്ധതിയുടെ നിർമാണത്തിലെ അപാകതകൾ അടിയന്തരമായി പരിഹരിക്കാനും മരണപ്പെട്ട മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഏഴിമല ഡെവലപ്മെന്റ് കൗൺസിൽ മുഖ്യമന്ത്രി, ഫിഷറീസ് മന്ത്രി എന്നിവർക്ക് നിവേദനം നൽകിയതായി സെക്രട്ടറി എൻ.എ.വി. അബ്ദുല്ല അറിയിച്ചു.
ശനിയാഴ്ച പുലർച്ചയുണ്ടായ നാസറിന്റെ മരണം ഗ്രാമത്തെ കണ്ണീരിലാഴ്ത്തി. രാവിലെ 6.30ഓടെയുണ്ടായ അപകടവിവരമറിഞ്ഞയുടൻ കടലിൽ പോയ മത്സ്യത്തൊഴിലാളികൾ തിരിച്ചുവന്നു. പാലക്കോട് ശനിയാഴ്ച ഹർത്താലാചരിച്ചു. വൈകീട്ടോടെയാണ് ഖബറടക്കം നടന്നത്. നൂറുകണക്കിന് പേരാണ് വിവരമറിഞ്ഞ് പാലക്കോട് മൃതദേഹം കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.