പയ്യന്നൂർ: റിസർവേഷൻ സമയം വെട്ടിക്കുറച്ചതിനു പിന്നാലെ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവിസും നിലച്ചു. ബുക്കിങ്ങിന് ആളില്ലാത്തതാണ് വർഷങ്ങളായി പ്രവർത്തിക്കുന്ന പാർസൽ സർവിസ് മുടങ്ങാൻ കാരണമായത്. ഇതോടെ സ്റ്റേഷനിൽ ജോലി ചെയ്യുന്ന നാലു പോർട്ടർമാരുടെ ഉപജീവന മാർഗവും ഇല്ലാതായി.
ജീവനക്കാരില്ലെന്നു പറഞ്ഞാണ് പാർസൽ സ്വീകരിക്കുന്നത് നിർത്തിയത്. സ്റ്റേഷനിൽ സ്ഥലംമാറിപ്പോയ ഉദ്യോഗസ്ഥർക്ക് പകരം ഉദ്യോഗസ്ഥരെ നിയമിക്കാൻ നടപടിയില്ല. ഒരാൾ അവധിയെടുത്താൽ സേവനം നിർത്തുകയല്ലാതെ നിവൃത്തിയില്ലാത്ത സ്ഥിതിയാണ്.
ഏഴിമല നാവിക അക്കാദമി, പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം എന്നിവിടങ്ങളിൽ നിന്നുൾപ്പെടെ പാർസൽ ഇവിടെയെത്താറുണ്ട്. പലരും ഇപ്പോൾ കണ്ണൂരിൽ എത്തിയാണ് ആവശ്യം നിറവേറ്റുന്നത്.
കഴിഞ്ഞദിവസം 30 കിലോമീറ്ററോളം അകലെയുള്ള ചെറുപുഴ, തിമിരി തുടങ്ങിയ മലയോര മേഖലകളിൽനിന്ന് ബുക്ക് ചെയ്യാനെത്തിയവർ മടങ്ങിപ്പോയി. ഇതിനുപുറമെയാണ് നാലു തൊഴിലാളികളുടെ തൊഴിൽ നഷ്ടപ്പെട്ടതിന്റെ ദുരിതം.
എം.പി ഉൾപ്പെടെയുള്ള ജനപ്രതിനിധികളെ വിവരമറിയിച്ചുവെങ്കിലും റെയിൽവേയുടെ നിസ്സംഗതയുടെ മുന്നിൽ അവരും നിസ്സഹായരാവുകയാണ്. റിസർവേഷൻ കൗണ്ടർ രണ്ടെണ്ണമുണ്ടെങ്കിലും ഒന്ന് രാവിലെ എട്ടുമുതൽ രണ്ടുവരെ മാത്രമുള്ള കൗണ്ടറായി പ്രവർത്തിക്കുന്നതും ദുരിതമാവുന്നു. ഈ കൗണ്ടർ കോവിഡിന് മുമ്പ് രാവിലെ എട്ടുമുതൽ വൈകീട്ട് എട്ടുവരെ പ്രവർത്തിച്ചിരുന്നു.
ട്രെയിനുകളെല്ലാം സാധാരണ നിലയിൽ ഓടാൻ തുടങ്ങി ആറുമാസങ്ങൾ കഴിഞ്ഞിട്ടും റിസർവേഷൻ കൗണ്ടർ പ്രവർത്തനസമയം സാധാരണനിലയിൽ പുനഃസ്ഥാപിച്ചിട്ടില്ല. മറ്റൊരു കൗണ്ടറുള്ളത് രാത്രി എട്ടുവരെ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഈ കൗണ്ടറിൽനിന്നാണ് സാധാരണ ടിക്കറ്റുകളും സീസൺ ടിക്കറ്റുകളും മറ്റും കൊടുക്കുന്നത്.
ഇത് കാരണം കൗണ്ടറുകളിൽ യാത്രക്കാരുടെ നീണ്ട ക്യൂവാണ് പലപ്പോഴും. ഇതുമൂലം പല യാത്രക്കാർക്കും സാധാരണ ടിക്കറ്റുകൾ കിട്ടാത്ത അവസ്ഥയുമുണ്ട്. അതുകൊണ്ട് തിരക്കുകുറഞ്ഞ സമയങ്ങളിൽ മാത്രമാണ് റിസർവേഷൻ ടിക്കറ്റുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.