പയ്യന്നൂർ: മലബാറിലെ 10 റെയിൽവേ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനത്തിന് റെയിൽവേയുടെ ചുവപ്പുസിഗ്നൽ. മംഗളൂരുവിനും പാലക്കാടിനുമിടയിലുള്ള സ്റ്റേഷനുകളിലെ പാർസൽ സംവിധാനം നിർത്തിയതു സംബന്ധിച്ച ദക്ഷിണ റെയിൽവേ കമേഴ്സ്യൽ മാനേജറുടെ സർക്കുലർ ചൊവ്വാഴ്ചയാണ് വിവിധ സ്റ്റേഷനുകളിൽ ലഭിച്ചത്.
മംഗളൂരു ആരക്കോണം, കാസർകോട് ജില്ലയിൽ കാഞ്ഞങ്ങാട്, ചെറുവത്തൂർ, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ, കണ്ണപുരം, മാഹി, കോഴിക്കോട് ജില്ലയിൽ വടകര, കൊയിലാണ്ടി, മലപ്പുറത്ത് കുറ്റിപ്പുറം, പാലക്കാട് പട്ടാമ്പി എന്നീ സ്റ്റേഷനുകളിലെ പാർസൽ അയക്കുന്ന സംവിധാനമാണ് നിർത്താൻ തീരുമാനിച്ചത്.
കാഞ്ഞങ്ങാട്, പയ്യന്നൂർ, വടകര, കുറ്റിപ്പുറം, പട്ടാമ്പി സ്റ്റേഷനുകളിൽ നിരവധി പാർസലുകൾ ഉള്ള സ്റ്റേഷനുകളാണ്. പാർസൽ സംവിധാനം ജില്ലകളുടെ ആസ്ഥാന സ്റ്റേഷനുകളിലേക്ക് മാത്രമായി പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമാണ് തീരുമാനമെന്ന് സൂചനയുണ്ട്.
ഈ സ്റ്റേഷനുകളിലെ പാർസൽ സർവിസ് പൂട്ടുന്നതോടെ സ്ഥിരമായി സാധനങ്ങൾ അയക്കാൻ വരുന്നവർ ദുരിതത്തിലാവും. ഇതുകൂടാതെ പാർസൽ സർവിസിനെ ആശ്രയിച്ച് ജീവിക്കുന്ന പോർട്ടർമാരും പട്ടിണിയിലാവും. പയ്യന്നൂർ സ്റ്റേഷനിൽനിന്ന് 35 വർഷമായി മത്സ്യവും ഞണ്ടും കയറ്റി അയക്കുന്നവരുണ്ട്. ഇവർ ഇനി എന്തുചെയ്യും എന്ന ചോദ്യമുയരുന്നു.
പെരിങ്ങോം സി.ആർ.പി.എഫ് കേന്ദ്രം, ഏഴിമല നാവിക അക്കാദമി തുടങ്ങിയ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും പാർസൽ അയക്കുന്നത് പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നാണ്. ഇത് നിർത്തലാക്കുന്നതോടെ ഈ സ്ഥാപനങ്ങളും പ്രതിസന്ധിയിലാവും.
വിവിധ റെയിൽവേ സ്റ്റേഷനുകളെ കേന്ദ്ര സർക്കാർ അമൃത് ഭാരത് സ്റ്റേഷനാക്കി ഉയർത്തി പുതിയ പദ്ധതികൾക്ക് പച്ചക്കൊടി കാണിക്കുമ്പോഴാണ് റെയിൽവേ കച്ചവട വിഭാഗത്തിന്റെ ഭാഗത്തുനിന്ന് അവഗണനകൾ ആവർത്തിക്കുന്നത്.
എ ക്ലാസ് പദവിയുള്ളതാണ് പയ്യന്നൂർ സ്റ്റേഷൻ. കണ്ണൂർ ജില്ലയിൽ കണ്ണൂർ കഴിഞ്ഞാൽ പയ്യന്നൂർ റെയിൽവേ സ്റ്റേഷൻ വരുമാനത്തിന്റെ കാര്യത്തിൽ മുന്നിലാണെങ്കിലും, അടിസ്ഥാനസൗകര്യത്തിൽ ഏറെ പിന്നിലാണ്. വർഷത്തോളമായി ജീവനക്കാരുടെ കുറവ് പറഞ്ഞ് റെയിൽവേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം പൂട്ടി.
റെയിൽവേ അധികൃതർ രാജ്മോഹൻ ഉണ്ണിത്താൻ എം.പിക്ക് റെയിൽവേ സ്റ്റേഷനിലെ അന്വേഷണകേന്ദ്രം തുറക്കാമെന്ന വാഗ്ദാനം നൽകിയെങ്കിലും ഇതുവരെ പാലിച്ചിട്ടില്ല. റിസർവേഷൻ കൗണ്ടർ രാവിലെ എട്ട് മുതൽ രണ്ടുവരെ മാത്രമേ പ്രവർത്തിക്കുന്നുള്ളൂ.
കോവിഡിന് മുമ്പ് ഈ കൗണ്ടർ രാത്രി എട്ടുവരെ പ്രവർത്തിച്ചതായിരുന്നു. ഇതിനെല്ലാം ശാശ്വത പരിഹാരം കാണാൻ ജനപ്രതിനിധികളും അധികൃതരും സംഘടനകളും തയാറാവണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം. ഇതിനിടയിലാണ് മറ്റൊരു സംവിധാനം കൂടി ഇല്ലാതാവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.