പയ്യന്നൂർ: കാർഷിക മേഖല മെലിയുമ്പോഴും പാരമ്പര്യത്തിന്റെ വിത്തു കുത്താതെ പത്താമുദയം അനുഷ്ഠാനം. തുലാമാസത്തിലെ പത്താം നാളായ ഞായറാഴ്ച പരമ്പരാഗത ആചാരാനുഷ്ഠാനങ്ങൾക്ക് ഭംഗം വരാതെ തന്നെ ഈ കാർഷികോത്സവവും സജീവമായിരുന്നു. ക്ഷേത്രങ്ങളിലും തറവാടുകളിലുമാണ് ആഘോഷം നടന്നത്.വീടുകളിൽ നെല്ല് പുഴുങ്ങി കളം പെരുക്കുന്ന ചടങ്ങും പലയിടങ്ങളിലും നടന്നു.
പത്താമുദയത്തിൽ കണ്ടോത്ത് കുർമ്പാ ഭഗവതി ക്ഷേത്രത്തിൽ ജാതിവിവേചനത്തിനെതിരായ സന്ദേശം നൽകി ദലിത് കുടുംബങ്ങളിൽനിന്ന് നെൽവിത്ത് പൊതിയും ചാണകമെഴുകിയ കൂട്ടയിൽ നെല്ലുമായി ആചാരപെരുമയിൽ മുറതെറ്റാതെ പൂലിൻകീഴിൽ ദൈവത്തിന്റെ ശ്രീകോവിലിന് മുന്നിലെത്തി. പെരുമ്പ തായത്ത് വയലിലെ ചേടമ്പത്ത് തറവാട്ടുകാരും കണ്ടോത്ത് കിഴക്കെ കൊവ്വലിലെ ചെറുകിണിയൻ തറവാട്ടുകാരുമാണ് വിത്തും നെല്ലും സമർപ്പിച്ചത്. ഇവരുടെ ദണ്ഡാര സമർപ്പണത്തിന് ശേഷം ക്ഷേത്രം അന്തിതിരിയൻ മഞ്ഞ കുറിയിട്ട് ഇവ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചു.
നെല്ല് ക്ഷേത്ര ഭരണാധികാരികൾക്കും ഭണ്ഡാരം സമുദായക്കാർക്കും കൈമാറി.അന്തിതിരിയനും സ്ഥാനികരും ക്ഷേത്ര തിടപ്പള്ളിയിൽ ഉണ്ടാക്കിയ ഉണക്കലരി കഞ്ഞിയും ക്ഷേത്രത്തില കളിയാട്ട സമാപന ദിവസം അന്തിതിരിയന് ഭക്തർ വന്നാൽ നൽകാൻ ഏൽപ്പിച്ച മഞ്ഞകുറിയും നൽകിയാണ് വിത്തുമായെത്തിയവരെ യാത്രയയച്ചത്. ഇവ അവരുടെ തറവാട്ടിൽ എത്തിച്ച് അവിടെ തറവാട്ട് ദേവതമാർക്കും പൂർവികർക്കും സമർപ്പിച്ച ശേഷം അംഗങ്ങൾക്ക് വിതരണം ചെയ്യുകയാണ് പതിവ്.
നൂറ്റാണ്ടുകൾക്ക് മുമ്പ് തുടരുന്ന ആചാരം ഇന്നും മുറ തെറ്റാതെ നടന്നു വരുന്നു. അയിത്തം നിലനിന്നിരുന്ന കാലത്ത് ക്ഷേത്രത്തിൽ നിന്നും മീറ്ററുകൾക്ക് അകലെ ഇവ സമർപ്പിക്കുന്നതിനുള്ള തറയുണ്ടായിരുന്നതായി പഴമക്കാർ പറയുന്നു. ചിറക്കൽ രാജാവിന്റെ ക്ഷേത്രപ്രവേശന വിളംബര ശേഷമാണ് ഈ ആചാരം ക്ഷേത്ര തിരുമുറ്റത്തേക്ക് മാറ്റിയത്.
വടക്കൻ കേരളത്തിൽ കളിയാട്ടക്കാവുകൾ സജീവമാകുന്നതും പത്താമുദയം മുതലാണ്. ക്ഷേത്രങ്ങളിൽ ഇനി കളിയാട്ടക്കാലമാണ്. അതു കൊണ്ടു തന്നെ തെയ്യം നടക്കുന്ന ക്ഷേത്രങ്ങളിലും തറവാടുകളിലുമാണ് പത്താമുദയ ആഘോഷം പതിവ്. പത്താമുദയ ദിവസം തന്നെ കളിയാട്ടം തുടങ്ങുന്ന നിരവധി കാവുകൾ കണ്ണൂർ, കാസർകോടു ജില്ലകളിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.