പയ്യന്നൂർ: സെൻട്രൽ ബസാർ ജങ്ഷൻ ഇംപ്രൂവ്മെന്റ് പദ്ധതിയുടെ അന്തിമ അലൈൻമെന്റ് തയാറാക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വ്യാപാര സംഘടനാ പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ സർവേ ചെയ്ത ഭാഗങ്ങൾ പരിശോധിച്ചു.
നേരത്തേ സർവേ ആരംഭിച്ച് സ്ഥലം മാർക്ക് ചെയ്യുന്ന പ്രവർത്തനങ്ങൾ പൂർത്തീകരിച്ചിരുന്നു. ഇതിന്റെ തുടർ നടപടിയായാണ് സന്ദർശനം. പയ്യന്നൂർ നഗരം അഭിമുഖീകരിക്കുന്ന പ്രധാനപ്പെട്ട വിഷയങ്ങളിൽ ഒന്നാണ് സെൻട്രൽ ബസാറിലെ ഗതാഗതക്കുരുക്ക്. കാലഘട്ടത്തിന് അനുസൃതമായി റോഡ് വികസനം നടക്കാത്തത് പ്രശ്നത്തിന് പ്രധാന കാരണം.
ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമായാണ് സെൻട്രൽ ബസാർ വികസനം നടപ്പിലാക്കുന്നത്. കാലപ്പഴക്കം ചെന്ന നഗരത്തിലെ കെട്ടിടങ്ങൾ പൊളിച്ചുനീക്കുകയും. സിഗ്നൽ സംവിധാനം ഉൾപ്പെടുന്ന സെൻട്രൽ ബസാറിന്റെ നാലുഭാഗത്തും വീതി കൂട്ടി വാഹനങ്ങൾ തടസ്സമില്ലാതെ കടന്നു പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യും.
ട്രാഫിക് ഐലന്റും ഇതിന്റെ ഭാഗമായി ഒരുക്കും. നാലു ദിശയിൽ നിന്നുമെത്തുന്ന റോഡിൽനിന്ന് സിഗ്നലിന് പുറത്തുകൂടി ഇടതുവശത്ത് ഫ്രീ ലെഫ്റ്റ് സംവിധാനമൊരുക്കും.
ടി.ഐ. മധുസൂദനൻ എം.എൽ.എ പയ്യന്നൂർ നഗരസഭ ചെയർപേഴ്ൻ കെ.വി. ലളിത, സ്ഥിരംസമിതി അധ്യക്ഷരായ ടി. വിശ്വനാഥൻ, വി. ബാലൻ, വ്യാപാരി സംഘടനാ പ്രതിനിധികൾ, ഹോട്ടൽ ആൻഡ് റെസ്റ്റാറന്റ് അസോസിയേഷൻ ഭാരവാഹികൾ, കെ.ആർ.എഫ്.ബി എക്സിക്യൂട്ടിവ് എൻജിനീയർ സുനിൽ കൊയിലേരിയൻ, അസി. എക്സിക്യൂട്ടിവ് എൻജിനീയർ മനോജ് കുമാർ, അസി. എൻജിനീയർ രാഗം, പയ്യന്നൂർ വില്ലേജ് ഓഫിസർ എം. പ്രദീപൻ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.