കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി സി.വി. ധനരാജ് കുടുംബ സഹായ ഫണ്ട് തിരിമറി വിവാദം കൂടുതൽ ചർച്ചക്കായി സംസ്ഥാന കമ്മിറ്റിയിലേക്ക്. ജൂൺ 26ന് ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി സംഭവത്തിൽ വിശദമായി ചർച്ചചെയ്യും. മൂന്നു തവണ ജില്ല കമ്മിറ്റിയിൽ ഈ വിഷയം ചർച്ചചെയ്ത സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മിറ്റിയിൽ ഫണ്ട് വിവാദവും തുടർന്നുള്ള നടപടികളും റിപ്പോർട്ട് ചെയ്യും. പാർട്ടിക്ക് പണം നഷ്ടപ്പെട്ടില്ലെങ്കിൽ ഫണ്ടിന്റെ കണക്ക് ബ്രാഞ്ചുകളിൽ അവതരിപ്പിക്കണമെന്നാണ് പയ്യന്നൂർ എരിയക്ക് കീഴിലുള്ള വിവിധ കമ്മിറ്റികളിൽനിന്നുയർന്ന ആവശ്യം. കഴിഞ്ഞ ദിവസം വൈകിട്ട് ചേർന്ന കരിവെള്ളൂർ നോർത്ത് ലോക്കൽ ജനറൽ ബോഡിയിൽ ഫണ്ട് കണക്ക് ബോധ്യപ്പെടുത്തണമെന്ന ശക്തമായ ആവശ്യവുമായി അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഇത് നേതൃത്വത്തിന് കൂടുതൽ തലവേദനയായിട്ടുണ്ട്. ഇതോടെ കണക്ക് തയാറാക്കി ബ്രാഞ്ചുകളിൽ അവതരിപ്പിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.
രക്തസാക്ഷി ഫണ്ടിന്റെ കണക്ക് ബോധ്യപ്പെടുത്തണമെന്ന് പാർട്ടി അംഗങ്ങൾ ആവശ്യപ്പെട്ട സാഹചര്യത്തിൽകൂടിയാണ് വിഷയം സംസ്ഥാന കമ്മിറ്റിയിൽ ചർച്ചചെയ്യാൻ നേതൃത്വം തീരുമാനിച്ചത്.
പയ്യന്നൂരിൽ മൂന്ന് ഫണ്ടുകളിലായി ഒരുകോടിയോളം നഷ്ടമായി എന്ന് തെളിവ് സഹിതമുള്ള പരാതി ജില്ല കമ്മിറ്റിയിൽ ഉന്നയിച്ചത് ഏരിയ നേതൃത്വമാണ്. കെട്ടിടനിർമാണ ഫണ്ടിലേയും തെരഞ്ഞെടുപ്പ് ഫണ്ടിലേയും ക്രമക്കേട് സംബന്ധിച്ച് പാർട്ടി അന്വേഷണവും നടന്നു. എം.എൽ.എ ആരോപണവിധേയനായി നിൽക്കുന്ന സാഹചര്യത്തിൽ നടപടിയിലേക്ക് നീങ്ങാൻ പാർട്ടി ആദ്യം തയാറായിരുന്നില്ല. വിഷയം ഒതുക്കിത്തീർക്കാൻ ജില്ലയിൽനിന്നുള്ള ചില കേന്ദ്ര കമ്മറ്റി അംഗങ്ങളും സജീവമായി രംഗത്തെത്തിയിരുന്നു.
എന്നാൽ, പയ്യന്നൂരിൽനിന്നുള്ള ജില്ല കമ്മിറ്റി അംഗങ്ങൾ വിഷയത്തിൽ കർശന നടപടി വേണമെന്ന ആവശ്യമുന്നയിച്ച് രംഗത്തെത്തുകയായിരുന്നു. പേരിനെങ്കിലും നടപടി വേണമെന്ന സ്ഥിതി വന്നതോടെയാണ് ടി.ഐ. മധുസൂദനൻ എം.എൽ.എയെ തരംതാഴ്ത്തിയത്.
ഇതോടൊപ്പം ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെതിരെയും നടപടിയെടുത്തതാണ് പ്രശ്നത്തെ കൂടുതൽ വഷളാക്കിയത്.
പയ്യന്നൂർപോലെ പാർട്ടിയുടെ ഉറച്ച കോട്ടയിൽ അണികൾ പരസ്യമായി ചോദ്യങ്ങളുന്നയിക്കുകയും കുഞ്ഞികൃഷ്ണൻ രാഷ്ട്രീയപ്രവർത്തനം നിർത്തുകയും ചെയ്യുന്ന സാഹചര്യം പാർട്ടിയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.