പയ്യന്നൂർ: മണ്ഡലത്തിലെ പ്രധാനപ്പെട്ട റോഡുകളിൽ ഒന്നായ പെരുമ്പ - കാനായി - മണിയറ - മാതമംഗലം റോഡ് നവീകരണം പൂർത്തിയായി. കിഫ്ബിയിൽ നിന്നും 58 കോടി 53 ലക്ഷം രൂപ അനുവദിച്ചാണ് റോഡ് നവീകരിച്ചത്.
പയ്യന്നൂർ നഗരസഭയെയും എരമം-കുറ്റൂർ ഗ്രാമ പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന റോഡ് 12 മീറ്റർ വീതിയിലാണ് നവീകരിച്ചത്. 11 കിലോമീറ്ററാണ് റോഡിന്റെ നീളം. മണിയറ വയലിൽ കാലപ്പഴക്കം ചെന്ന രണ്ട് പാലങ്ങൾ പുനർനിർമിച്ചു.നിലവിലെ റോഡരികിലൂടെ പോകുന്ന വാട്ടർ അതോറിറ്റി പൈപ്പ് ലൈനുകൾ മാറ്റി പുതിയവ സ്ഥാപിച്ചു.
കുത്തനെയുള്ള കയറ്റങ്ങളും വലിയ വളവകളും നികത്തി ഓവുചാലുകളും കലുങ്കുകളും നിർമിച്ച് സുരക്ഷ സംവിധാനങ്ങൾ ഉൾപ്പെടെ ഉണ്ടാകുന്ന രീതിയാലാണ് റോഡിന്റെ നവീകരണം. റോഡ് വീതി കൂട്ടി നവീകരിക്കുമ്പോൾ സ്ഥലമെടുപ്പ് വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. നൂറിലധികം ആളുകൾ സൗജന്യമായി ഭൂമി വിട്ടു നൽകാൻ തയാറായെങ്കിലും 64 വീട്ടുകാർ കോടതിയെ സമീപിച്ചു. നിർമാണം പലയിടത്തും നിലക്കുന്ന അവസ്ഥ വന്നു.
ഈ ഘട്ടത്തിൽ ടി. ഐ. മധുസൂദനൻ എം.എൽ.എയും നഗരസഭ ചെയർപേഴ്സൻ കെ.വി. ലളിതയും പ്രദേശത്തെ പൊതുപ്രവർത്തകരും നിരവധി തവണ നേരിട്ട് ഓരോരുത്തരെയും നേരിൽ കണ്ടാണ് പ്രതിസന്ധി പരിഹരിച്ചത്.റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി പൊളിച്ചു മാറ്റിയ മതിലുകൾക്ക് പകരമായി പദ്ധതിയിൽ ഉൾപ്പെടുത്തി തന്നെ പുതിയ മതിലുകൾ നിർമിച്ചു നൽകി. നിർമാണം പൂർത്തിയായ റോഡ് ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് മണിയറയിൽ മന്ത്രി പി. എ. റിയാസ് ഉദ്ഘാടനം ചെയ്യും. ടി. ഐ. മധുസൂദനൻ എം.എൽ.എ അധ്യക്ഷത വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.