പയ്യന്നൂർ: കോറോത്തെ കൊളങ്ങരത്തുവളപ്പിൽ സുനീഷ (26) ഭർതൃവീട്ടിലെ കുളിമുറിയിൽ ജീവനൊടുക്കിയ സംഭവത്തിനുപിന്നിൽ ഭർത്താവിെൻറയും ബന്ധുക്കളുടെയും പീഡനമാണെന്ന പരാതിയിൽ പയ്യന്നൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. അന്വേഷണത്തിെൻറ ഭാഗമായി സുനീഷയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധന തുടങ്ങി. സുനീഷ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് ഭർത്താവുമായി സംസാരിക്കുന്നതെന്ന് കരുതുന്ന ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിെൻറ ആധികാരികതയാണ് സൈബർ സെല്ലിെൻറ സഹായത്തോടെ പൊലീസ് പരിശോധിക്കുന്നത്. മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം സുനീഷയുടെ വീട്ടുകാരുടെ മൊഴിയെടുത്തിരുന്നു. ബുധനാഴ്ച സുനീഷയുടെ സുഹൃത്തുക്കളുടെയും ഫോണിൽ ബന്ധപ്പെട്ട മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയതായി പയ്യന്നൂർ ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രൻ 'മാധ്യമ'ത്തോട് പറഞ്ഞു. എന്നാൽ, ഭർത്താവിെൻറ വീട്ടിൽ കോവിഡ് രോഗികൾ ഉള്ളതിനാൽ ആരുടെയും മൊഴിയെടുക്കാൻ സാധിച്ചില്ല. ഇതോടെ ഭർത്താവിെൻറ ഉൾപ്പെടെ ഫോൺ പരിശോധന വൈകും.
വെള്ളൂർ ചേനോത്തെ വിജീഷിെൻറ ഭാര്യ കോറോം സെൻട്രലിൽ വായനശാലക്കടുത്ത കൊളങ്ങരത്ത് വളപ്പിൽ സുനീഷ (26)യെ വെള്ളൂരിലെ ഭർതൃവീട്ടിലെ കുളിമുറിയുടെ വെൻറിലേറ്ററിൽ ഷാളിൽ തൂങ്ങിമരിച്ച നിലയിൽ ഞായറാഴ്ച വൈകീട്ടാണ് കാണപ്പെട്ടത്. സുനീഷ മരിക്കുന്നതിന് മുമ്പ് ഭർത്താവിന് വിഡിയോ കോൾ ചെയ്തതായി ബന്ധുക്കൾ പറയുന്നു. ഇതോടെയാണ് ഫോൺ രേഖകൾ വിശദമായി പരിശോധിക്കുന്നത്. ഒന്നര വർഷം മുമ്പാണ് സുനീഷയുടെ വിവാഹം നടന്നത്. പ്രേമവിവാഹമായിരുന്നു. മകളെ ഭർതൃവീട്ടുകാർ പീഡിപ്പിക്കുന്നതായി കാണിച്ച് സുനീഷയുടെ മാതാവ് കഴിഞ്ഞ മാസം അഞ്ചിന് പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് ഇവരെ വിളിപ്പിച്ച് പ്രശ്നം ഒത്തുതീർത്ത് പറഞ്ഞയക്കുകയും ചെയ്തു. എന്നാൽ, ഭർതൃവീട്ടിൽ വീണ്ടും ശാരീരിക പീഡനവും മറ്റും തുടരുകയായിരുന്നുവെന്നാണ് സുനീഷയുടെ വീട്ടുകാരുടെ പരാതി. കോറോത്തെ കെ.വി. സുകുമാരെൻറയും കെ. വനജയുടെയും മകളാണ് സുനീഷ.
സുനീഷ സ്വന്തം വീട്ടിലേക്ക് പോകാൻ ആവശ്യപ്പെട്ടുവെങ്കിലും വിവാഹബന്ധം വിേച്ഛദിച്ചശേഷം വന്നാൽ മതിയെന്ന് വീട്ടുകാർ നിർദേശിച്ചതായും പറയപ്പെടുന്നു. ഇതുൾപ്പെടെ ചൂണ്ടിക്കാട്ടി സുനീഷയുടെ ആത്മഹത്യക്കുകാരണം അവരുടെ വീട്ടുകാരുടെ പീഡനമാണെന്ന് കാണിച്ച് ഭർത്താവ് വിജീഷും പരാതിയുമായി രംഗത്തെത്തി. വിജീഷ് ബുധനാഴ്ച ജില്ല പൊലീസ് സൂപ്രണ്ടിനും പയ്യന്നൂർ ഡിവൈ.എസ്.പിക്കും പരാതി നൽകിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ പരാതി പൊലീസ് അവഗണിക്കുന്നതായി സുനീഷയുടെ ബന്ധുക്കൾ കുറ്റപ്പെടുത്തിയിരുന്നു. മരണശേഷം രേഖാമൂലം പരാതി നൽകാൻ തയാറായിട്ടും പൊലീസ് അത് സ്വീകരിക്കാൻ തയാറാകാതെ നേരത്തെയുള്ള പരാതിയിൽ അന്വേഷണം മതിയെന്ന നിലപാടാണ് കൈക്കൊണ്ടതെന്ന് യുവതിയുടെ വീട്ടുകാർ ആരോപിച്ചു. എന്നാൽ, യുവതിയുടെ മരണം സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.
യുവതി ജീവനൊടുക്കിയ സംഭവം: യുവജന കമീഷൻ കേസെടുത്തു
കണ്ണൂർ: ഗാര്‍ഹിക പീഡനത്തില്‍ മനംനൊന്ത് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ സംസ്ഥാന യുവജന കമീഷൻ സ്വമേധയ കേസെടുത്തു. പയ്യന്നൂര്‍ കോറോം സ്വദേശി സുനീഷയാണ് (26) ഭര്‍ത്താവിെൻറ വീട്ടില്‍ തൂങ്ങിമരിച്ചത്. സംഭവത്തിൽ കണ്ണൂർ ജില്ല പൊലീസ് മേധാവിയോട് യുവജന കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ട്. തന്നെ കൂട്ടിക്കൊണ്ടുപോയില്ലെങ്കില്‍ ജീവനോടെ ഉണ്ടാകില്ലെന്ന് യുവതി അനുജനോട് പറയുന്നതായി പുറത്തുവന്ന ശബ്ദരേഖയിലുണ്ട്. ഭര്‍ത്താവ് വിജീഷില്‍നിന്ന് നിരന്തരം മര്‍ദനം നേരിട്ടുവെന്നും ഭര്‍ത്താവിെൻറ മാതാപിതാക്കള്‍ മര്‍ദിക്കാറുണ്ടായിരുന്നുവെന്നും സുനീഷയുടെ ഫോൺ ശബ്ദരേഖയിൽ പറയുന്നു. ഒന്നരവര്‍ഷം മുമ്പായിരുന്നു സുനീഷയുടെയും വിജീഷിെൻറയും വിവാഹം. കുടുംബത്തിനുവേണ്ട എല്ലാ പിന്തുണയും യുവജന കമീഷൻ ഉറപ്പാക്കുമെന്നും അധ്യക്ഷ ഡോ. ചിന്ത ജെറോം അറിയിച്ചു.
പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു
പയ്യന്നൂർ: കോറോം സെൻട്രലിലെ കൊളങ്ങരത്ത് വളപ്പിൽ സുനീഷ (26) വെള്ളൂർ ചേനോത്തെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നു.
നാലു ദിവസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന്, മരണത്തിന് കാരണക്കാരായ പ്രതികളെ സംരക്ഷിക്കുന്നുവെന്നാരോപിച്ച് യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം കമ്മിറ്റി, പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് പയ്യന്നൂർ മണ്ഡലം പ്രസിഡൻറ് ഗോകുൽ ഗോപി അധ്യക്ഷത വഹിച്ചു. പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.സി. നാരായണെൻറ നേതൃത്വത്തിൽ നേതാക്കൾ പയ്യന്നൂർ ഡിവൈ.എസ്.പി ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു. തുടർന്ന് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രനുമായി ചർച്ച നടത്തി.
അന്വേഷണം ഊർജിതമാണെന്നും യുവതിയുടെ വീട്ടുകാരുടെ പരാതിയിൽ പറഞ്ഞ കാര്യങ്ങൾ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ഡിവൈ.എസ്.പി ഉറപ്പുനൽകിയതായി നേതാക്കൾ പറഞ്ഞു. മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എ.പി. നാരായണൻ ആവശ്യപ്പെട്ടു. പൊലീസ് നിസ്സംഗത വെടിയണമെന്ന് കോറോം, കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ ആവശ്യപ്പെട്ടു.
അന്വേഷണം വേണം –കോൺഗ്രസ്
കുഞ്ഞിമംഗലം: കെ.വി. സുനീഷ വെള്ളൂരിലെ ഭർതൃഗൃഹത്തിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ഊർജിതമായി അന്വേഷിക്കണമെന്നും ഭർത്താവ് അടക്കമുള്ള പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും കുഞ്ഞിമംഗലം മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. പൊലീസ് നടപടികളിലെ മന്ദഗതിയിൽ യോഗം പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡൻറ് കെ. വിജയെൻറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി.പി. ജയരാജൻ മാസ്റ്റർ, കെ.വി. സതീഷ് കുമാർ, കെ.പി. ശശി, കെ. വേണുഗോപാലൻ, ടി.വി. വേണുഗോപാലൻ, എം.കെ. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
സത്യാവസ്ഥ പുറത്തുകൊണ്ടുവരണം –സി.പി.എം
പയ്യന്നൂർ: കോറോം സ്വദേശിനി കെ.വി. സുനീഷ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് സി.പി.എം കോറോം വെസ്റ്റ് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.